Monday, November 25, 2024

ലൈംഗിക തൊഴിലിന്റെ ഭീതിദ ലോകത്ത് അകപ്പെടുന്ന സൊമാലിയയിലെ സ്ത്രീകള്‍

വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് അക്രമാസക്തമായ ഒരു നഗരത്തില്‍ ലൈംഗിക തൊഴിലിന്റെ ഭീദിത ലോകത്തേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയാണ്, സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ രണ്ട് സ്ത്രീകള്‍.

മൊഗാദിഷുവിന്റെ ഊര്‍ജ്ജസ്വലവും തിരക്കേറിയതുമായ ലിഡോ ബീച്ച്, രാജ്യത്തെ സംഘര്‍ഷത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്ന ഇടമാണ്. കടല്‍ത്തീരത്തെ റിസോര്‍ട്ടുകള്‍, വലിയ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഫ്രഷ് ഫുഡ് എന്നിവ വലിയ ആകര്‍ഷണങ്ങളാണ്. എന്നാല്‍ സമീപത്തു തന്നെ ഒരു ബദല്‍ രംഗവും പ്രവര്‍ത്തിക്കുന്നുണ്ട് – പാര്‍ട്ടി, മയക്കുമരുന്ന്, ലൈംഗികത തുടങ്ങിയവ സജീവമായ ഇടം.

മുസ്ലീം രാഷ്ട്രത്തിലെ ഈ നഗരത്തില്‍ കാണപ്പെട്ടുന്ന സ്ത്രീകള്‍ പ്രധാനമായും ചെറുപ്പക്കാരും നിരാലംബരും സാമ്പത്തികമായും സാമൂഹികമായും ദുര്‍ബലരുമാണ്.

മൂന്ന് വര്‍ഷമായി ലൈംഗികത്തൊഴിലാളിയായ ഫര്‍ദൗസ (22) (പേര് യഥാര്‍ത്ഥമല്ല) മൊഗാദിഷുവിലെ വാര്‍ധിഗ്ലി ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ ഇരുണ്ട മുറിയിലാണ് കഴിയുന്നത്. 19-ാം വയസ്സില്‍ വീടുവിട്ടതാണെന്ന് ഫര്‍ദൗസ പറയുന്നു. സാധാരണയായി സൊമാലിയയില്‍ യുവതികള്‍ വിവാഹത്തിന് മുമ്പ് കുടുംബം വിടാറില്ല. പക്ഷേ വീട്ടിലെ സാഹചര്യങ്ങള്‍ ചിലരെ അവിടെ നിന്ന് ഇറങ്ങാന്‍ പ്രേരിപ്പിക്കും.

‘വീടുവിട്ട് പോകാന്‍ എനിക്ക് താത്പര്യം ഇല്ലായിരുന്നു. പക്ഷേ രണ്ടാനമ്മയുടെ കൂടെയുള്ള ജീവിതം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്റെ ചെറുപ്പത്തില്‍ അമ്മ മരിച്ചതിന് ശേഷം അവര്‍ എന്റെ അച്ഛന്റെ രണ്ടാം ഭാര്യയായി. വര്‍ഷങ്ങളായി അവള്‍ വളരെ മോശമായാണ് എന്നോട് പെരുമാറുന്നത്. എങ്കിലും, എന്റെ അച്ഛന്‍ എപ്പോഴും അവരുടെ പക്ഷം പിടിക്കും’. ഫര്‍ദൗസ പറഞ്ഞു.

വീടുവിട്ടിറങ്ങിയ ശേഷം, ഫര്‍ദൗസ ആദ്യം കുറച്ച് സുഹൃത്തുക്കളെ കണ്ടെത്തി. പക്ഷേ അവര്‍ യഥാര്‍ത്ഥ സുഹൃത്തുക്കളായിരുന്നില്ല. അവര്‍ അവളെ മോര്‍ഫിന്‍, ട്രമഡോള്‍, പെത്തിഡിന്‍ തുടങ്ങിയ ഒപിയോയിഡുകള്‍ക്ക് അടിമയാക്കി. പിന്നീട് ആ സുഹൃത്തുക്കളെ ഉപേക്ഷിച്ച് അവള്‍ ലിഡോ ബീച്ചിലെ അണ്ടര്‍ഗ്രൗണ്ട് പാര്‍ട്ടി മേഖലയില്‍ ചേര്‍ന്നു. അവിടെ അവള്‍ ലൈംഗിക ജോലിയില്‍ പ്രവേശിച്ചു. മൊഗാദിഷുവിന്റെ മങ്ങിയ അധോലോകത്തില്‍ പെട്ടന്ന് തന്നെ ഫര്‍ദൗസ കുടുങ്ങി. ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള വിവിധ ക്ലയന്റുകളുമായി അവള്‍ ഇന്ന് ഇടപെടുന്നു. ‘ഈ നഗരത്തിലെ മറ്റു പല യുവതികളെയും പോലെ എനിക്കും ജീവിക്കാന്‍ പണം ആവശ്യമായിരുന്നു’. ഫര്‍ദൗസ പറയുന്നു.

ലൈംഗിക ജോലിയുടെ വ്യാപ്തിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നാല്‍ ഫര്‍ദൗസയുടെയും മറ്റുള്ളവരുടെയും വെളിപ്പെടുത്തലുകള്‍ അപകടകരമായ അന്തരീക്ഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രണ്ടര വര്‍ഷമായി ഹോദാന്‍ എന്ന പെണ്‍കുട്ടിയും ലൈംഗികത്തൊഴിലാളിയാണ്. ഫര്‍ദൗസയെപ്പോലെ, വീട്ടില്‍ നിന്ന് ഓടിപ്പോയതാണ് അവളും. ‘ഞാന്‍ മിക്ക രാത്രികളും ഹോട്ടലുകളില്‍ ചിലവഴിക്കുന്നു. ഞങ്ങള്‍ അവിടെ എല്ലാത്തരം പുരുഷന്മാരെയും കണ്ടുമുട്ടുന്നു’. ഹോദാന്‍ പറയുന്നു.

സൊമാലിയയില്‍ ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമായതിനാല്‍, ഈ യുവതികളില്‍ പലരും അധികാരികളെ ആശ്രയിക്കാതെ അപകടകരമായ സാഹചര്യങ്ങളിലാണ് തൊഴില്‍ കണ്ടെത്തുന്നത്. ഇതിനെ കുറിച്ചും മറ്റ് സമാന വിഷയങ്ങളെക്കുറിച്ചും പോലീസിലെയും വനിതാ, മനുഷ്യാവകാശ വികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരില്‍ നിന്ന് മാധ്യമങ്ങള്‍ അഭിപ്രായം തേടുന്നുണ്ടെങ്കിലും പ്രതികരണം ലഭിക്കുന്നില്ല.

ഹോഡന്‍ പറയുന്നതനുസരിച്ച്, ഇവരെപ്പോലുള്ള പെണ്‍കുട്ടികള്‍ ഈ തൊഴിലിനിടെ മാനസികമായും ശാരീരികമായും അപമാനിക്കപ്പെടുന്നത് പതിവാണ്. കൂടാതെ യുവ ലൈംഗികത്തൊഴിലാളികളെ ആളുകള്‍ പലരീതിയില്‍ മുതലെടുക്കുകയും ചെയ്യുന്നു.

2019 മുതല്‍ 2020 വരെ ലൈംഗിക അതിക്രമങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതായി യുഎന്‍ റിപ്പോര്‍ട്ടുമുണ്ട്. സംഘര്‍ഷ മേഖലകളിലാണ് ഇത്തരത്തിലുള്ള ദുരുപയോഗം കൂടുതലായി കാണപ്പെടുന്നതെന്നും കണ്ടെത്തി. ‘ദുര്‍ബലമായ നിയമനിര്‍മ്മാണം കുറ്റവാളികളെ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കുന്നു, അതിജീവിക്കുന്നവര്‍ക്ക് ഒട്ടും തന്നെ പിന്തുണ ലഭിക്കുന്നുമില്ല’ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ സോമാലിയന്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരാണ്. സൊമാലിയയില്‍ നിരവധി വനിതാ സംഘടനകളുണ്ടെങ്കിലും അവയൊന്നും പ്രവര്‍ത്തനക്ഷമമല്ല. ഭൂരിപക്ഷം സ്ത്രീകളും അവരെ പിന്തുണയ്ക്കാന്‍ സംവിധാനങ്ങളും സംഘടനകളും നിലവിലുണ്ടെങ്കില്‍ ഇത്തരം അപകടകരമായ ജോലികളിലേക്ക് പ്രവേശിക്കില്ലെന്ന് ഹോദാനും ഫര്‍ദൂസയും പറയുന്നു.

 

Latest News