Monday, November 25, 2024

പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആര്‍ഭാടങ്ങളില്‍ ആറാടി ശ്രീലങ്കന്‍ ജനത

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊളംബോയിലെ ഔദ്യോഗിക വസതിയില്‍ തന്റെ ജീവിതകാലത്ത് കയറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് രശ്മി കാവിന്ധ്യ എന്ന യുവതി പറയുന്നു. രാജ്യത്തെ ഏറ്റവും സംരക്ഷിതമായ കെട്ടിടങ്ങളിലൊന്നിലേക്ക് വന്‍ ജനക്കൂട്ടം ബലം പ്രയോഗിച്ച് കടന്നപ്പോള്‍, മിസ് കാവിന്ധ്യയെപ്പോലുള്ള ആയിരക്കണക്കിന് ആളുകളാണ് വിശാലമായ കോമ്പൗണ്ട് കാണാന്‍ അവിടെ തടിച്ചുകൂടിയിരിക്കുന്നത്. പ്രസിഡന്റ് ഗോതബായ രാജപക്സെയെ പലായനം ചെയ്തതോടെയാണ് ജനക്കൂട്ടം അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് ഇരച്ച് കയറിയത്.

നിരവധി വരാന്തകള്‍, മീറ്റിംഗ് റൂമുകള്‍, വാസസ്ഥലങ്ങള്‍, നീന്തല്‍ക്കുളം, വലിയ പുല്‍ത്തകിടി എന്നിവ ഉള്‍ക്കൊള്ളുന്ന കൊളോണിയല്‍ വാസ്തുവിദ്യയുടെ ഗംഭീരമായ ഭാഗമാണിത്. ‘ഈ കൊട്ടാരത്തിലെ ആഢംബരങ്ങള്‍ നോക്കൂ. ഞങ്ങള്‍ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഞങ്ങളുടെ വീട് ചെറുതാണ്, ഈ കൊട്ടാരം ജനങ്ങളുടെതാണ്, ഇത് ജനങ്ങളുടെ പണം കൊണ്ടാണ് നിര്‍മ്മിച്ചത്’. തന്റെ നാല് കുട്ടികളുമായി രാഷ്ട്രപതിയുടെ വസതിയിലേക്ക് വന്ന കാവിന്ധ്യ പറഞ്ഞു.

ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊട്ടാരത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിഷേധ സംഘാടകരില്‍ ചിലര്‍ മാത്രമാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചത്. ശ്രീലങ്കന്‍ പോലീസും പ്രത്യേക സേനാംഗങ്ങളും ഒരു മൂലയില്‍ നിന്നുകൊണ്ട് നിശ്ശബ്ദമായി നടപടികള്‍ വീക്ഷിക്കുക മാത്രമാണ് ചെയ്തത്.

ചിലര്‍ മുറികളില്‍ നിന്ന് മുറികളിലേക്ക് അലഞ്ഞുതിരിയുമ്പോള്‍ തേക്ക് മേശകള്‍ക്കും മനോഹര പെയിന്റിംഗുകള്‍ക്കും മുന്നിലും സ്വീകരണമുറിയുടെ പരിസരങ്ങളിലും നിന്ന് ചിലര്‍ മത്സരിച്ച് സെല്‍ഫികള്‍ എടുക്കുന്നു. തകര്‍ന്ന കസേരകള്‍, ജനാലകളുടേയും ചട്ടികളുടേയും പൊട്ടിയ ചില്ലുകള്‍ തുടങ്ങിയവ കെട്ടിടങ്ങളുടെ പല ഭാഗങ്ങളിലും ചിതറിക്കിടക്കുന്നു. ‘ഇതുപോലൊരു കൊട്ടാരം കാണുന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്’. ഗനേമുള്ള പട്ടണത്തിലെ കുട്ടികളുടെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ജോലി ചെയ്യുന്ന എഎല്‍ പ്രേമവര്‍ദ്ധനെ പറഞ്ഞു. ‘ഞങ്ങള്‍ മണ്ണെണ്ണയ്ക്കും വാതകത്തിനും ഭക്ഷണത്തിനും വേണ്ടി നീണ്ട ക്യൂവില്‍ കാത്തിരിക്കുമ്പോള്‍ രാജപക്സെമാര്‍ രാജകീയമായ ജീവിതമാണ് നയിച്ചിരുന്നത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് രാജപക്സെയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും ഔദ്യോഗിക വസതിയില്‍ നിന്ന് അവര്‍ അധികാരം ഒഴിയുന്നതുവരെ പുറത്തുപോകില്ലെന്ന് പ്രതിഷേധക്കാര്‍ ഇതിനകം അറിയിച്ചിട്ടുണ്ട്. നീന്തല്‍ക്കുളമാണ് ജനക്കൂട്ടത്തിന്റെ ശ്രദ്ധ ഏറെ ആകര്‍ഷിച്ചത്. ആളുകള്‍ അതില്‍ നീന്തിത്തുടിക്കുന്നതിന്റെയും കരയില്‍ നില്‍ക്കുന്നവര്‍ കൈയ്യടിച്ച് ആര്‍പ്പുവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

‘എനിക്ക് സങ്കടം തോന്നുന്നു. ജനാധിപത്യ രീതിയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് നാണംകെട്ട രീതിയില്‍ നാടുവിടേണ്ടി വന്നു. അദ്ദേഹത്തിന് വോട്ട് ചെയ്തതില്‍ ഞങ്ങള്‍ ഇപ്പോള്‍ ലജ്ജിക്കുന്നു. രാജ്യത്ത് നിന്ന് മോഷ്ടിച്ച പണം തിരികെ നല്‍കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു’. തന്റെ രണ്ട് പെണ്‍മക്കളോടൊപ്പം കോമ്പൗണ്ട് സന്ദര്‍ശിക്കാനെത്തിയ നിരോഷ സുദര്‍ശിനി ഹച്ചിന്‍സണ്‍ പറഞ്ഞു.

ചെറുപ്പക്കാര്‍ കിടക്കകളില്‍ വിശ്രമിക്കുന്നു, ചീട്ടു കളിക്കുന്നു, ഗുസ്തി മത്സരം നടത്തുന്നു. ദ്വീപ് രാഷ്ട്രത്തിലെ പ്രധാന ഭാഷകളായ സിംഹളയും തമിഴും ഇംഗ്ലീഷും ഇപ്പോള്‍ കൊട്ടാരത്തില്‍ നിന്ന് കേള്‍ക്കാം. സന്ദര്‍ശകരെല്ലാം അത്യധികം ആവേശത്തിലാണ്. മാളികയ്ക്ക് പുറത്ത്, ഭംഗിയുള്ള വിശാലമായ പുല്‍ത്തകിടിയില്‍, നൂറുകണക്കിന് ആളുകള്‍ ഇരിക്കുകയും കിടക്കുകയും കുട്ടികള്‍ ഓടിക്കളിക്കുകയും ചെയ്യുന്നു. പിക്‌നികിന് വന്നതുപോലെയാണ് ആളുകള്‍ ആസ്വദിക്കുന്നത്.

മാസങ്ങള്‍ നീണ്ടുനിന്ന തങ്ങളുടെ പ്രതിഷേധം ഒടുവില്‍ തങ്ങളുടെ രാജ്യത്തെ നേതാക്കളെ പുറത്താക്കുന്നതിലേക്ക് നയിച്ചതായി ശ്രീലങ്കക്കാര്‍ കരുതുന്നു. നേതാക്കളാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണക്കാരാണെന്ന് അവര്‍ ആരോപിക്കുന്നു. ഇപ്പോള്‍ തങ്ങളുടെ നേതാക്കളുടെ ജീവിതശൈലിയുടെ നേര്‍ക്കാഴ്ച അവരെ കൂടുതല്‍ രോഷാകുലരാക്കുന്നു.

 

 

Latest News