Sunday, November 24, 2024

അന്താരാഷ്ട്ര നീതിന്യായ ദിനം: ചരിത്രത്താളുകളിലൂടെ ഒരു യാത്ര

നീതി വൈകുന്നത് നീതിനിഷേധമാണെന്നാണ് മാനുഷികഭാഷ്യം. അതിനാല്‍ അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റേതുമായ കേസുകള്‍ കര്‍ശനമായും വേഗത്തിലും കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. എല്ലാ വര്‍ഷവും ജൂലൈ 17-ന് അന്താരാഷ്ട്ര നീതിക്കായുള്ള ലോകദിനം ആചരിക്കുന്നുമുണ്ട്. ഈ ദിനം ആഘോഷിക്കാന്‍ നമ്മള്‍ തയ്യാറെടുക്കുമ്പോള്‍, ആ ദിനത്തെക്കുറിച്ച് മനസ്സില്‍ സൂക്ഷിക്കേണ്ട ചില വസ്തുതകള്‍ ഇതാ…

തീയതി മുതല്‍ ചരിത്രം വരെ

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ അഭിപ്രായത്തില്‍ ജൂലൈ 17 അന്താരാഷ്ട്ര ക്രിമിനല്‍ ജസ്റ്റിസിന്റെ ദിനമാണ്. നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായ ആളുകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും മറ്റു സംഘടനകളും വഹിക്കുന്ന പ്രധാന പങ്കിനെ ബഹുമാനിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. വംശഹത്യയില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും ആളുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഐസിസിയുടെ സ്ഥാപക ഉടമ്പടിയായ, 1998 ജൂലൈ 17-ന് രാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിനെയാണ് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളായുള്ള രാഷ്ട്രങ്ങള്‍ 2010 മെയ് 31 മുതല്‍ ജൂണ്‍ 11 വരെ ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയില്‍ ജൂണ്‍ ഒന്നിനു ചേര്‍ന്ന സമ്മേളനത്തിലാണ് ഈ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

റോമില്‍ വച്ചായിരുന്നു ഭരണഘടനയ്ക്ക് അംഗീകരം ലഭിച്ചത്. നീതിയെ പിന്തുണയ്ക്കാനും ഇരകളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ലോകത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണിയായ കുറ്റകൃത്യങ്ങള്‍ തടയാനും ആഗ്രഹിക്കുന്ന എല്ലാവരെയും ജൂലൈ 17 ഒരുമിപ്പിക്കുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ നീതിയുടെ പ്രാധാന്യത്തെക്കുറിച്ചും ഉത്തരവിനെക്കുറിച്ചും കൂടുതല്‍ പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ആഘോഷിക്കുന്നു. തീവ്രവാദം ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങള്‍ നിമിത്തം ദീര്‍ഘകാലമായി നീതി നിഷേധിക്കപ്പെട്ട ജനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ 1998-ല്‍ റോമില്‍ നടന്ന സമ്മേളനത്തില്‍ രൂപം നല്‍കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് അന്തര്‍ദേശീയ ക്രിമിനല്‍ കോടതി സ്ഥാപിതമായത്. ഇതു സംബന്ധിച്ച റോം പ്രമാണത്തില്‍ 140-ഓളം രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. 2002 ജൂലൈ 1-ന് ഹേഗ് ആസ്ഥാനമായി ഈ കോടതി പ്രവര്‍ത്തനം ആരംഭിച്ചു. വംശഹത്യ, യുദ്ധകുറ്റങ്ങള്‍, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യുക എന്നതാണ് ഈ കോടതിയുടെ പ്രധാന ദൗത്യം. ന്യൂറംബര്‍ഗ് ട്രിബ്യൂണലിന്റേയും വംശഹത്യകള്‍ കൈകാര്യം ചെയ്ത യു.എന്‍. ട്രിബ്യൂണലുകളിടെയും പരിഷ്‌കരിച്ച രൂപമാണ്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി.

 

Latest News