Wednesday, April 2, 2025

അന്താരാഷ്ട്ര യോഗാ ദിനം

എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്.

യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്.

എന്താണ് ‘യോഗ’?

യോഗ എന്ന വാക്കിന് അര്‍ത്ഥം യോഗം, സംയോഗം, കൂടിച്ചേരല്‍ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ പ്രധാന ആചാര്യന്‍. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല ‘യോഗ’. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി ‘യോഗ’ പ്രയോജനപ്പെടുത്താം.

ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ. ഏറ്റവും സങ്കീര്‍ണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങള്‍ കൂടിയാണിത്.

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ചരിത്രം

2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69 ാമത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന മോദിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചിരുന്നു.

2022 ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം

‘സ്ത്രീ ശാക്തീകരണത്തിന് യോഗ’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിന് യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

Latest News