ഡെറിനാഫ്‌ലാന്‍ ഒരു സാധാരണ ദ്വീപല്ല. അയര്‍ലണ്ടിലെ ഏറ്റവും വലിയ ഉള്‍നാടന്‍ കൗണ്ടിയില്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ 44 ഏക്കര്‍ കുന്നിന് ചുറ്റും ഒരു സമുദ്രമോ തടാകമോ ഇല്ല. ടിപ്പററിയുടെ വിശാലമായ തവിട്ടുനിറത്തിലുള്ള ചതുപ്പുനിലങ്ങള്‍ക്ക് നടുവില്‍ ഇത് ഒരു പച്ച മരീചിക പോലെ അസാധാരണമായി, ഉയര്‍ന്നുവന്നതാണ്. എന്നിരുന്നാലും, മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഇത് ഒരു ദ്വീപ് തന്നെയാണ്. ചതുപ്പുനിലങ്ങള്‍ക്ക് നടുവില്‍ പച്ച പുതച്ച പുല്‍ പ്രദേശം. ഐറിഷ് കലയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പുരാവസ്തു കണ്ടെത്തലുകളിലൊന്ന് നടന്നതും ടിപ്പററിയിലെ ഡെറിനാഫ്‌ലാന്‍ ദ്വീപില്‍ തന്നെയാണ്. പരിസരവാസികള്‍ക്ക് മാത്രം അറിയാവുന്ന ഈ പുണ്യസ്ഥലത്തേക്ക് ഒരു കല്‍പാതയിലൂടെയാണ് ടൂറിസ്റ്റുകളെ അവര്‍ കൊണ്ടുപോകുന്നത്.
ആറാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ ആദ്യകാല ഹെര്‍മെറ്റിക് സന്യാസിമാര്‍ ഏകാന്തത കണ്ടെത്തിയിരുന്ന സ്ഥലമായാണ് ഇവിടം കരുതപ്പെടുന്നത്. യൂറോപ്പിന്റെ ഭൂരിഭാഗവും അന്ധകാരയുഗത്തിന്റെ അരാജകത്വത്തില്‍ ആടിയുലയുമ്പോള്‍, സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും ഈ നാട് (അയര്‍ലന്‍ഡ് പരക്കെ അറിയപ്പെടുന്നത് പോലെ) സന്യാസ വാസസ്ഥലങ്ങളാല്‍ സവിശേഷമായ മത തത്വശാസ്ത്രത്തിന്റെയും കലാപരമായ നേട്ടങ്ങളുടെയും ശ്രദ്ധേയമായ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് ആ ജനതയെ നയിച്ചു.
ദ്വീപിനെ കിരീടമണിയിച്ചതുപോലെയാണ് അവിടെയുള്ള അതിമനോഹരമായ ഒരു കുന്ന് സ്ഥിതി ചെയ്യുന്നത്. അതിന്റെ മുകളില്‍, 12-ആം നൂറ്റാണ്ടിലെ ഒരു ആശ്രമം. അവിടെയാണ് ഡെറിനാഫ്‌ലാനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രത്യേകതയുള്ളതും, സന്യാസിമാര്‍ ഇവിടെ ഉപേക്ഷിച്ചുപോയതെന്ന കരുതുന്നതുമായ അമൂല്യവും അടക്കം ചെയ്തതുമായ നിധിയുള്ളത്. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടെത്തിയ ഇത് ഐറിഷ് കലയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പുരാവസ്തു കണ്ടെത്തലുകളില്‍ ഒന്നായി മാറി. ഒരു ബലിപീഠത്തില്‍ രണ്ട് കല്‍ പാത്രങ്ങളാണ് കണ്ടെത്തിയത്. മധ്യകാല ബുള്ളണ്‍ (പാത്രം) കല്ലുകൊണ്ട് നിര്‍മിച്ചതാണവ.
1980-ല്‍ 25 കിലോമീറ്റര്‍ അകലെയുള്ള ക്ലോണ്‍മല്‍ പട്ടണത്തില്‍ നിന്നെത്തിയ ഒരു അച്ഛനും മകനും മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാണ് സങ്കീര്‍ണ്ണമായി രൂപപ്പെടുത്തിയ ഈ കപ്പും പ്ലേറ്റും കണ്ടെത്തിയത്. അതോടെ അധികം അറിയപ്പെടാതെ നിഗൂഢമായിരുന്ന ഈ ഭൂപ്രദേശം അന്താരാഷ്ട്ര പുരാവസ്തുശാസ്ത്രത്തില്‍ പ്രശസ്തി നേടി. ആ കപ്പ് യഥാര്‍ത്ഥത്തില്‍ 9-ആം നൂറ്റാണ്ടിലെ ഒരു പാത്രമായിരുന്നു. അയര്‍ലണ്ടിലെ മധ്യകാല പള്ളിയിലെ ദിവ്യബലിയില്‍ റൊട്ടി വയ്ക്കാന്‍ ഉപയോഗിച്ച എട്ടാം നൂറ്റാണ്ടിലെ പ്ലേറ്റ്, അയര്‍ലണ്ടിലെ നാഷണല്‍ മ്യൂസിയത്തിലെ ക്യൂറേറ്ററും പുരാവസ്തു ഗവേഷകനുമായ നെസ്സ ഒ’കോണര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
ഉയര്‍ന്ന നിലവാരമുള്ള ഐറിഷ് കരകൗശലത്തിന്റെ തെളിവായി അവ വിലയിരുത്തപ്പെട്ടു. പുരാതന കെല്‍റ്റിക് സ്വര്‍ണ്ണപ്പണിയുടെയും മികച്ച ഉദാഹരണമായിരുന്നു അവ. കൂടാതെ വെള്ളികൊണ്ട് അവ അലങ്കരിച്ചിരിക്കുന്നു. ‘ഫിലിഗ്രി’ എന്ന് വിളിക്കപ്പെടുന്ന ഫൈന്‍ ഇന്റര്‍ലേസ്ഡ് ഗോള്‍ഡ്-വയര്‍ വര്‍ക്കും അവയുടെ അരികുകളില്‍ സങ്കീര്‍ണ്ണമായ രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതെല്ലാം അയര്‍ലണ്ടിന്റെ വ്യതിരിക്തമായ ശൈലിയിലാണ്.
10 മുതല്‍ 12 വരെ നൂറ്റാണ്ടുകളിലെ രാജവംശത്തിന്റെ പ്രക്ഷുബ്ധതയില്‍ ആളുകള്‍
വിലപിടിപ്പുള്ള വസ്തുക്കള്‍ കുഴിച്ചിടുന്നത് സാധാരണമായിരുന്നു. വ്യാപകമായി റെയ്ഡ് നടന്ന സമയത്ത് സന്യാസിമാര്‍ മനഃപൂര്‍വ്വം ഒളിപ്പിച്ചതായിരിക്കാം ഇതെന്ന് വിലയിരുത്തുന്നു. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പുരാവസ്തു ഗവേഷകര്‍ ദ്വീപില്‍ സൂക്ഷ്മമായി സര്‍വേ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്തിയില്ല.
കണ്ടെത്തിയ വസ്തുക്കളുടെ അവകാശവാദത്തെ തുടര്‍ന്ന് ഡെറിനാഫ്‌ലാന്‍ ഗവേഷകരും ഭൂവുടമയും സര്‍ക്കാരും തമ്മിലുള്ള ഏഴുവര്‍ഷത്തെ നിയമയുദ്ധം, സുപ്രീം കോടതി വരെ പോയി. ഒടുവില്‍ നിധിശേഖരം സംസ്ഥാനത്തിന്റെതാണെന്ന് നിര്‍ണ്ണയിച്ചു. കാരണം മറ്റ് രാജ്യങ്ങളില്‍ ഉള്ളതുപോലെ നിയമപരമായ നിധി വേട്ട അയര്‍ലണ്ടില്‍ ഇല്ല. ഡെറിനാഫ്‌ലാനിലെ ഈ നിധിയുടെ ഉടമസ്ഥാവകാശത്തെയും പണ മൂല്യത്തെയും ചൊല്ലിയുള്ള തര്‍ക്കം മെറ്റല്‍ ഡിറ്റക്റ്റിംഗ് നിരോധനത്തിലാണ് കലാശിച്ചത്. ഇപ്പോള്‍ അയര്‍ലണ്ടില്‍ ലൈസന്‍സില്ലാതെ പുരാവസ്തുക്കള്‍ തിരയുന്നതിനും കുഴിയെടുക്കുന്നതിനുമുള്ള പിഴകള്‍ കഠിനമാണ്. കൂടാതെ ആകസ്മികമായി ഏതെങ്കിലും പുരാവസ്തു കണ്ടെത്തിയാല്‍ അത് സംസ്ഥാനത്തെ ഏല്‍പിക്കുകയും വേണം.
പടിഞ്ഞാറന്‍ യൂറോപ്പില്‍ നിലനില്‍ക്കുന്ന പുരാവസ്തു സ്മാരകങ്ങളുടെ കേന്ദ്രങ്ങളിലൊന്നാണ് ഐറിഷ് ഗ്രാമപ്രദേശങ്ങള്‍. അയര്‍ലണ്ടിലെ 150,000-ഓ അതിലധികമോ രേഖപ്പെടുത്തിയിട്ടുള്ള പുരാവസ്തു സ്മാരകങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ ഭൂമിയിലാണ്. അവ സന്ദര്‍ശിക്കാന്‍ ഭൂവുടമയുടെ അനുമതിയും ആവശ്യമാണ്. എങ്കിലും ടൂറിസ്റ്റ് കമ്മ്യൂണിറ്റികള്‍, പ്രാദേശിക പുരാതന സ്ഥലങ്ങളായ മെഗാലിത്തിക് ശവകുടീരങ്ങള്‍, ആശ്രമങ്ങള്‍, കോട്ടകള്‍, ശിലാവൃത്തങ്ങള്‍, യുദ്ധക്കളങ്ങള്‍ എന്നിവയിലൂടെ അവിടുത്തെ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ വിജയകരമായി സഞ്ചരിക്കുന്നു.