Sunday, November 24, 2024

ഓട്ടോഫജി, കാൻസർ ഉൾപ്പെടെ എല്ലാ രോഗങ്ങൾക്കുമുള്ള സർവരോഗ സംഹാരിയോ?

ഈ അടുത്ത കാലത്തു കൂടുതലായി കേൾക്കുന്ന ഒരു വാക്കാണ് ഓട്ടോഫജി. ഈ വാക്കിന്റെ അർഥം എന്താണ്? അർബുദ രോഗ പ്രതിരോധം, ചികിത്സ എന്നിവയിൽ ഓട്ടോഫജി വഹിക്കുന്ന പങ്കെന്താണ്? കാൻസർ അല്ലാത്ത രോഗാവസ്ഥകളിൽ ഓട്ടോഫജിയുടെ പ്രാധാന്യം എന്താണ്? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ഡോ. ജോജോ ജോസഫ് നൽകുന്നു.

സമീപകാല മെഡിക്കൽ പഠനങ്ങളിൽ, ശരീരശാസ്ത്രപരവും രോഗങ്ങളെ സംബന്ധിച്ച പഠനങ്ങളിലും കൂടുതൽ ശ്രദ്ധകൊടുക്കുന്ന ഒന്നാണ് ഓട്ടോഫജി. ഇത് ഒരു അടിസ്ഥാന സെല്ലുലാർ പ്രക്രിയയാണ്. ഓട്ടോഫജിയെക്കുറിച്ചുള്ള പഠനങ്ങൾ വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത് അർബുദരോഗ പ്രതിരോധം, ചികിത്സ എന്നിവയിൽ ഒരു പ്രധാനപങ്കു വഹിക്കുന്നു എന്നുള്ളതാണ്. ഓട്ടോഫജിയും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ആദ്യഭാഗം.

ഓട്ടോഫജി എന്നാൽ എന്ത്? 

‘സ്വയം ഭക്ഷിക്കൽ’ എന്നാണ് ഓട്ടോഫജി എന്ന ഗ്രീക്ക് പദത്തിന്റെ അർഥം. നമ്മുടെ കോശങ്ങളുടെ ഉള്ളിലെ കേടായ പ്രോട്ടീനുകൾ, അവശിഷ്ടങ്ങൾ, ഉള്ളിൽ പ്രവേശിച്ച വൈറസുകൾ എന്നിവയെ കോശങ്ങൾ കോശങ്ങൾക്കുള്ളിലെ ലൈസോസോം എന്ന ഭാഗമുപയോഗിച്ച് ദഹിപ്പിച്ചുകളയുന്ന പ്രക്രിയയാണ് ഓട്ടോഫജി. അങ്ങനെ കോശങ്ങളിലെ കേടുപാടുകൾ നീക്കുകയും കോശങ്ങളിലെ അനാവശ്യമായ ഘടകങ്ങളെ പുനഃചംക്രമണം (recycling) ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ് ഓട്ടോഫജി എന്നത് കൊണ്ട് അർഥമാക്കുന്നത്.

മനുഷ്യശരീരം നിർമ്മിതമായിരിക്കുന്നത് കോശങ്ങൾ കൊണ്ടാണെന്ന് നമുക്കറിയാം. മനുഷ്യരിലെ മാനസികവും ശരീരികവുമായ സമ്മർദ്ദം, പോഷകങ്ങളുടെ അഭാവം, മറ്റു പ്രതികൂലസാഹചര്യങ്ങൾ ഒക്കെ സംഭവിക്കുമ്പോൾ കോശങ്ങളിൽ അതിനനുസരിച്ച് കേടുപാടുകൾ സംഭവിക്കുന്നു. അതിനെയൊക്കെ പരിഹരിച്ച് ശരീരത്തിലെ കോശങ്ങളെ എപ്പോഴും സന്തുലിതാവസ്ഥയിൽ കാത്തുസൂക്ഷിക്കുന്നതിന് ഓട്ടോഫജി നമ്മെ സഹായിക്കുന്നു.

1963 -ൽ ക്രിസ്ത്യന്‍ ദേ ദൂവ് (Christain De Duve) എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത്. എന്നാൽ 1992 -ൽ ജാപ്പനീസ് ശാസ്ത്രജ്ഞനായ യോഷിനോരി ഓഹ്സുമി, ഓട്ടോഫജിയെ നിയന്ത്രിക്കുന്ന 14 ജീനുകൾ കണ്ടെത്തി. അതിന് അദ്ദേഹത്തിന് 2016 -ൽ നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. ഫാസ്റ്റിംഗ്, കെറ്റൊ ഡയറ്റ് (Keto Diet), കലോറി നിയന്ത്രണം (Calorie Restriction), എക്സർസൈസ് (Exercise) എന്നിവയെയെല്ലാം ഓട്ടോഫജി സ്വാധീനിക്കുന്നു (Induce) എന്നും മനസ്സിലാക്കാൻ സാധിച്ചതോടെയാണ് ഓട്ടോഫജിക്ക് ഇപ്പോഴത്തെ താരപരിവേഷം ലഭിക്കുന്നത്.

ഓട്ടോഫജി & കാൻസർ: ഇരുതലമൂർച്ചയുള്ള വാൾ

കാൻസറിൽ ഓട്ടോഫജിയുടെ പങ്ക് വളരെ സങ്കീർണ്ണവും വിരുദ്ധഫലങ്ങൾ നൽകുന്നതാണ്. അതിനാലാണ് ആലങ്കാരികമായി ഓട്ടോഫജിയെ ഇരുതലവാളുമായി താരതമ്യം ചെയ്യുന്നത്.

ക്ഷതം സംഭവിച്ച പ്രോട്ടീനുകളും കോശങ്ങളിലെ അവശിഷ്ടങ്ങളും നീക്കംചെയ്യുന്നതിലൂടെ, ജീനുകളിലെ അസ്ഥിരത തടയാനും ട്യൂമറുകൾ വരാതെ സംരക്ഷിക്കാനും ഓട്ടോഫജിക്ക് സാധിക്കും. അതോടൊപ്പം ഇമ്മ്യൂൺ കോശങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തി കാൻസർ തടയാനും ഓട്ടോഫജി സഹായിക്കുന്നു. എന്നാൽ പോഷകദൗർലഭ്യസമയത്ത്, കാൻസർകോശങ്ങൾക്ക് പോഷകങ്ങൾ ലഭിക്കാൻ ഈ ഓട്ടോഫജി തന്നെയാണ് കാൻസർ കോശങ്ങളും ഉപയോഗിക്കുക. കൂടാതെ ട്യൂമർ മെറ്റാസ്റ്റാസിസ്, ഡ്രഗ് റെസിസ്റ്റൻസ് എന്നിവ നടത്താനും കാൻസർ കോശങ്ങൾ ഓട്ടോഫജി പ്രയോജനപ്പെടുത്തുന്നു. അതിനാലാണ് കാൻസർ വിഷയത്തിൽ ഓട്ടോഫജി ഒരു ഇരുതലവാൾ ആണെന്നു പറയുന്നത്.

എന്നാൽ കാൻസർചികിത്സയിൽ മറ്റു കാൻസർചികിത്സാമരുന്നുകളോടൊപ്പം ഓട്ടോഫജി കൂട്ടുന്നതും അതേപോലെ ഓട്ടോഫജി കുറയ്ക്കുന്നതുമായ മരുന്നുകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഓട്ടോഫജി, കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നത് ധാരാളം റിസേർച് നടക്കുന്ന ഒരു ഏരിയ ആണ്.

കാൻസർ ഗവേഷണത്തിലും തെറാപ്പിയിലും ഓട്ടോഫജിയുടെ ഭാവി 

1. വ്യക്തിഗത ചികിത്സ (Personalized Treatment) 

കാൻസറിൽ ഓട്ടോഫജിയുടെ പങ്കിനെക്കുറിച്ചുള്ള പഠനങ്ങളുടെ പുരോഗതി ഒരു രോഗിയുടെ തനതായ ഓട്ടോഫജിയുടെ പ്രൊഫൈലിനെ അടിസ്ഥാനമാക്കി വ്യക്തിഗതമായ ചികിത്സാപദ്ധതികൾ വികസിപ്പിക്കാൻ പ്രാപ്തമാക്കും.

2. ടാർഗെറ്റഡ് തെറാപ്പികൾ 

ഓട്ടോഫജിയുടെ സാധ്യതകൾ മനസ്സിലാക്കി വ്യക്തിഗത ചികിത്സാരീതികൾ ആവിഷ്കരിക്കുന്നത് ചികിത്സയിലെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

3. നാനോ ടെക്നോളജി 

കോശങ്ങളെയും അതിലെ ഏറ്റവും ചെറിയ ഭാഗങ്ങളായ മോളിക്യൂളുകളെയും ചികിത്സാവിധേയമാക്കുന്നതിനാൽ രോഗപ്രതിരോധവും സുഖപ്പെടാനുള്ള സാധ്യതയും ഏറ്റവും കൂടുതലാകുന്നു.

4. എപ്പിജെനെറ്റിക് റെഗുലേഷൻ 

ഡി.എൻ.എ -യിൽ പ്രത്യേക മാറ്റമൊന്നും വരാതെതന്നെ ജീനുകൾ ചില പ്രവർത്തനവൈകല്യങ്ങൾ കാണിക്കാറുണ്ട്. ഇത് കോശങ്ങൾക്കാവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കുന്നതിൽ കുറവുണ്ടാകുന്നു. അതിന്റെ ഫലമായി കാൻസർപോലുള്ള നിരവധി രോഗങ്ങൾ ശരീരത്തിലുണ്ടാകുന്നു. ഓട്ടോഫജിയുമായി ബന്ധപ്പെട്ട ജീനുകളുടെ പ്രവർത്തനങ്ങളെ പഠിക്കുന്നത് കാൻസർപോലുള്ള രോഗസാധ്യതകളെ നേരത്തെ കണ്ടെത്താൻ സാധിക്കും.

കാൻസറിൽ ഓട്ടോഫജിയുടെ പങ്ക് ഇരുതലമൂർച്ചയുള്ള വാളാണ് എന്നത് നമ്മൾ നേരത്തെ പറഞ്ഞിരുന്നല്ലോ. ട്യൂമർ ഉണ്ടാകാനുള്ള സാധ്യതകളെ തടയാനും നമ്മുടെ രോഗപ്രതിരോധശേഷിയെ പ്രോത്സാഹിപ്പിക്കാനുമുള്ള കഴിവും ഇവയ്ക്കുണ്ട്. കൂടുതൽ ഫലപ്രദമായ കാൻസർ ചികിത്സകൾക്കായി ഈ പ്രക്രിയ പ്രയോജനപ്പെടുത്തുന്നതിലാണ് നിലവിലെ ഗവേഷണശ്രമങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കാൻസറിൽ ഓട്ടോഫജിയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഭാവിയിൽ കാൻസർ ചികിത്സാരംഗത്ത് വലിയ കുതിച്ചുചാട്ടങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങൾ ത്വരിതഗതിയിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കാൻസറല്ലാത്ത അവസ്ഥകളിൽ ഓട്ടോഫജിയുടെ നിർണ്ണായക പങ്ക് 

നമ്മൾ നേരത്തെ പറഞ്ഞതുപോലെ, ‘സ്വയം ഭക്ഷിക്കൽ’ എന്ന് അർഥംവരുന്ന ഗ്രീക്ക് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പദമാണ് ഓട്ടോഫജി. കോശങ്ങളുടെ ആരോഗ്യവും പ്രവർത്തനവും നിലനിർത്തുന്നതിൽ നിർണ്ണായകപങ്കു വഹിക്കുന്ന ഒരു അടിസ്ഥാന സെല്ലുലാർ പ്രക്രിയയാണിത്. കാൻസർ ഗവേഷണത്തിൽ, അതിന്റെ പ്രാധാന്യത്തെ തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞിരുന്നു. ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങൾ, ഉപാപചയ വൈകല്യങ്ങൾ (മെറ്റബോളിക് ഡിസോർഡേഴ്‌സ്), പകർച്ചവ്യാധികൾ എന്നിവയുൾപ്പെടെ വിവിധ അർബുദമല്ലാത്ത രോഗാവസ്ഥകളിലും ഓട്ടോഫജി ഇപ്പോൾ ഒരു കേന്ദ്രസംവിധാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അതിനാൽ ഈ ലേഖനത്തിന്റെ അടുത്തഭാഗം കാൻസർ അല്ലാത്ത രോഗാവസ്ഥകളിൽ ഓട്ടോഫജിയുടെ വിവിധതരത്തിലുള്ള പങ്കും മനുഷ്യന്റെ ആരോഗ്യത്തിനുതകുന്ന രീതിയിലുള്ള അതിന്റെ പ്രാധാന്യവും കൂടി വിശദമാക്കുകയാണ്.

1. ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾ 

അൽസ്ഹൈമേഴ്‌സ്, പാർക്കിൻസൺസ്, ഹണ്ടിംഗ്ടൺസ് രോഗം തുടങ്ങി വിവിധ നാഡീസംബന്ധമായ രോഗങ്ങളുടെ രോഗനിർണ്ണയത്തിലും ചികിത്സയിലും ഓട്ടോഫജി നിർണ്ണായകപങ്കു വഹിക്കുന്നു. ഈ അവസ്ഥകളിൽ, പ്രോട്ടീൻ അഗ്രഗേറ്റുകളും പ്രവർത്തനനിരതമായ കോശങ്ങളിലെ ഭാഗങ്ങളും ന്യൂറോണുകളിൽ അടിഞ്ഞുകൂടുന്നു. ഇത് കോശങ്ങളുടെ അപര്യാപ്തതയിലേക്കും ഒടുവിൽ കോശത്തിന്റെ നാശത്തിലേക്കും നയിക്കുന്നു. ഈ ടോക്സിക് അഗ്രഗേറ്റുകളും കേടായ സെല്ലുലാർ ഘടകങ്ങളും നീക്കംചെയ്യുന്നതിലൂടെ ഓട്ടോഫജി ഒരു സംരക്ഷണസംവിധാനമായി പ്രവർത്തിക്കുന്നു. ഫാർമക്കോളജിക്കൽ അല്ലെങ്കിൽ ജനിതകസമീപനങ്ങളിലൂടെ ഓട്ടോഫജിയുടെ പ്രവർത്തനം വർധിപ്പിക്കുന്നത് ശരീരത്തിനുള്ളിലെ രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കുകയും ആവശ്യമായ ചികിത്സ, തക്കസമയത്ത് ചെല്ലുമ്പോൾ രോഗം സുഖപ്പെടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.

2. മെറ്റബോളിക് ഡിസോർഡേഴ്‌സ്  

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFLD) എന്നിവ ക്രമരഹിതമായ ഓട്ടോഫജിയുമായി അടുത്തബന്ധമുള്ള മെറ്റബോളിക് ഡിസോർഡേഴ്‌സ് ആണ്. അധിക കൊഴുപ്പിനെ തകർത്ത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കുന്നതിലൂടെ കോശത്തിന്റെ ശക്തി നിലനിർത്താൻ ഓട്ടോഫജി സഹായിക്കുന്നു. ശരീരത്തിൽ കൊഴുപ്പ് സൂക്ഷിക്കാനുള്ള കോശങ്ങളുണ്ട്. എന്നാൽ അമിതവണ്ണം ഉണ്ടാകുന്നത് മറ്റു കോശങ്ങളിലേക്കുകൂടി കൊഴുപ്പ് ശേഖരിക്കപ്പെടുന്നതുകൊണ്ടാണ്. ഇത് അമിതവണ്ണത്തിനും പ്രമേഹം പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. എന്നാൽ ഓട്ടോഫജിയെക്കൊണ്ടുള്ള ചികിത്സാരീതികൾ ഇത്തരത്തിലുളള അസുഖങ്ങൾ ഭേദമാകാൻ കൂടുതൽ ഫലപ്രദമാകും.

3. പകർച്ചവ്യാധികൾ 

ബാക്ടീരിയ, വൈറസുകൾ, പരാന്നഭോജികൾ എന്നിവയുൾപ്പെടെയുള്ള കോശത്തിനുള്ളിൽ പ്രവേശിക്കുന്ന രോഗകാരികളുടെ പ്രതിരോധത്തിലും ഓട്ടോഫജി ഒരു പ്രധാനപങ്കു വഹിക്കുന്നു. രോഗകാരണമാകുന്നവയെ കൊന്നൊടുക്കുന്ന ഈ പ്രക്രിയയെ ‘സെനോഫജി’ എന്നാണ് വിളിക്കുന്നത്. ഈ പ്രക്രിയയിൽ ഓട്ടോഫാഗോസോമുകൾക്കുള്ളിൽ കടന്നുകയറുന്ന സൂക്ഷ്മാണുക്കളെ കൊന്നൊടുക്കുന്നു. സ്വതസിദ്ധമായ രോഗപ്രതിരോധസംവിധാനമായി ഓട്ടോഫജി അണുബാധയിൽനിന്ന് കോശങ്ങളെ സംരക്ഷിക്കുകയും രോഗകാരികളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ മേഖലയിലെ ഗവേഷണങ്ങൾ പകർച്ചവ്യാധികളെ ചെറുക്കുന്ന ചികിത്സാരീതികൾ ആവിഷ്കരിക്കുന്നത് സഹായകമാകുന്നു.

4. വാർധക്യം, ദീർഘായുസ്സ് 

പ്രായം കൂടുന്നതിനനുസരിച്ച് ഓട്ടോഫജി പ്രവർത്തനത്തിൽ കുറവുണ്ടാകുന്നു. ഇത് കോശങ്ങളുടെ നാശത്തിനും അപര്യാപ്തതയ്ക്കും കാരണമാകുന്നു. തൽഫലമായി, ഓട്ടോഫജി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളും ശാസ്ത്രശ്രദ്ധ നേടിയിട്ടുണ്ട്. കലോറി നിയന്ത്രണം, ഇടവിട്ടുള്ള ഉപവാസം, ചില മരുന്നുകളുടെ ഉപയോഗം എന്നിവ ഓട്ടോഫജിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും അവയുടെ ആയുസ്സ് വർധിപ്പിക്കുന്നതിനും കാരണമാകുന്നു. ഓട്ടോഫജിയുടെ സന്തുലിതാവസ്ഥ മനുഷ്യർക്ക് ആരോഗ്യകരമായ വാർധക്യം സംലഭ്യമാകാൻ സഹായിക്കുന്നു.

കാൻസർ രോഗത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യം ഓട്ടോഫജിയെക്കുറിച്ച് പഠനങ്ങൾ നടത്തിയത്. എന്നാൽ കാൻസറല്ലാത്ത നിരവധി രോഗാവസ്ഥകളുടെ നിർണ്ണയത്തിലും പ്രതിരോധത്തിലും ഓട്ടോഫജിയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന്  ശാസ്ത്രലോകം മനസ്സിലാക്കിയിരിക്കുന്നു. കോശങ്ങളുടെ തനതുവ്യവസ്ഥ നിലനിർത്തുന്നതിലും നാഡീസംബന്ധമായ രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിലും ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിലും പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിലും വാർധക്യപ്രക്രിയയെ സ്വാധീനിക്കുന്നതിലും ഓട്ടോഫജി വഹിക്കുന്ന പങ്ക് മനുഷ്യന്റെ ആരോഗ്യത്തിൽ ഓട്ടോഫജിയുടെ പ്രാധാന്യം അടിവരയിടുന്നു. ഓട്ടോഫജിയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ കാൻസർ രോഗികൾക്കും അതുപോലെതന്നെ മറ്റ് അസുഖങ്ങൾ ബാധിക്കുന്നവരുടെ ചികിത്സയ്ക്കും വഴിത്തിരിവുണ്ടാക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ മേഖലയിലെ കൂടുതൽ ഗവേഷണം പുതിയ ചികിത്സാസമീപനങ്ങൾ കണ്ടെത്തുന്നതിന് അനന്തസാധ്യതകൾ തുറക്കുന്നു. ആരോഗ്യമേഖലയിലെ ചികിത്സാസാധ്യതകൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും ഈ പഠനങ്ങൾ സഹായിക്കുമെന്നതിൽ സംശയമില്ല.

തയാറാക്കിയത്: സുനിഷ വി.എഫ്.

 

Latest News