മോസ്‌കോയില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തിന് യഥാര്‍ത്ഥത്തില്‍ ഐഎസ് ഉത്തരവാദിയാണെങ്കില്‍, നിര്‍ഭാഗ്യവശാല്‍, ഈ ഭീകരസംഘം തിരിച്ചുവരവ് നടത്തുകയാണെന്നുള്ള സൂചനയാണ് അത് നല്‍കുന്നത്. 133 ലധികം ആളുകള്‍ കൊല്ലപ്പെട്ട പ്രസ്തുത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
2014-15 കാലഘട്ടത്തില്‍, തങ്ങളുടെ പ്രതാപകാലത്ത്, ദശലക്ഷക്കണക്കിന് ജനസംഖ്യയുള്ള ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ ISIS നിയന്ത്രിച്ചിരുന്നു. ആ കാലയളവില്‍, 130 പേരുടെ മരണത്തിനിടയാക്കിയ പാരീസിലെ ആക്രമണം ഉള്‍പ്പെടെ യൂറോപ്പില്‍ നിരവധി ഭീകരാക്രമണ പദ്ധതികളും സംഘം നടത്തി. പള്‍സ് നിശാക്ലബില്‍ 49 പേരെ കൊലപ്പെടുത്തിയ തോക്കുധാരി ഉള്‍പ്പെടെ യുഎസിലെ ഭീകരര്‍ക്കും ISIS പ്രചോദനം നല്‍കിയിരുന്നു. 2016-ല്‍ ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ISIS നടത്തിയതും മാരകമായ ഭീകരാക്രമണമായിരുന്നു.
എന്നാല്‍ 2017-നും 2018-നും ഇടയില്‍, ഇറാഖിലും സിറിയയിലും ISIS-ന് സ്വാധീനം നഷ്ടപ്പെട്ടു. അതോടെ മറ്റെവിടെയെങ്കിലും വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താനുള്ള കഴിവും കുറഞ്ഞു. ആഫ്രിക്കയിലും ഏഷ്യയിലും സഖ്യകക്ഷികള്‍ മാത്രമായി ISIS ഒതുങ്ങി.
2021 ഓഗസ്റ്റില്‍ ബൈഡന്‍ ഭരണകൂടം എല്ലാ യുഎസ് സൈനികരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തില്‍ 13 അമേരിക്കന്‍ സര്‍വ്വീസ് അംഗങ്ങളെയും 170 അഫ്ഗാന്‍ സിവിലിയന്മാരെയും കൊലപ്പെടുത്തിയ അഫ്ഗാനിസ്ഥാനിലെ ഐഎസ്‌ഐഎസ്-കെയാണ് നിലവിലെ ഇവരുടെ ഏറ്റവും ക്രൂരവും ശക്തവുമായ സഖ്യകക്ഷി.
എന്നിട്ടും, അഫ്ഗാനിസ്ഥാനിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അല്ലെങ്കില്‍ സൊമാലിയ പോലുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഐസിസ് സഖ്യകക്ഷികള്‍ക്ക്് വലിയ അന്താരാഷ്ട്ര ആക്രമണങ്ങള്‍ നടത്താന്‍ കഴിവില്ല എന്നതായിരുന്നു ധാരണ. എന്നാല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിലെ ഏറ്റവും ശക്തനായ സൈനിക നേതാക്കളിലൊരാളായ ജനറല്‍ ഖാസിം സുലൈമാനിയെ അനുസ്മരിക്കുന്ന ഒരു ചടങ്ങില്‍ വലിയ തോതിലുള്ള ഭീകരാക്രമണമുണ്ടായി. 84 പേര്‍ കൊല്ലപ്പെട്ടു. ആ ആക്രമണത്തിലൂടെ ഇറാന്‍ പോലുള്ള ശത്രുരാജ്യത്തെ ലക്ഷ്യമിടാന്‍ കഴിയുമെന്ന് ISIS-K വീണ്ടും തെളിയിച്ചു.
ഈ മാര്‍ച്ചില്‍ മാത്രം, മോസ്‌കോയിലെ ഒരു സിനഗോഗ് ആക്രമിക്കാനുള്ള പദ്ധതി ഉള്‍പ്പെടെ ഐഎസുമായി ബന്ധപ്പെട്ട ഒന്നിലധികം സംഭവങ്ങള്‍ രാജ്യം പരാജയപ്പെടുത്തിയതായി ഒരു റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി. മോസ്‌കോയിലെ വലിയ സമ്മേളനങ്ങള്‍ ലക്ഷ്യമിടാന്‍ തീവ്രവാദികള്‍ക്ക് പദ്ധതികളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുകയാണെന്ന് മാര്‍ച്ച് 7 ന് റഷ്യയിലെ യുഎസ് എംബസിയും പറഞ്ഞിരുന്നു. യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പറയുന്നതനുസരിച്ച്, യുഎസ് ഗവണ്‍മെന്റ് ഈ വിവരങ്ങള്‍ റഷ്യന്‍ അധികാരികളുമായി പങ്കുവച്ചു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസിന്റെ മുന്നറിയിപ്പ് അവഗണിച്ചു. തീവ്രവാദികള്‍ റഷ്യയെ ലക്ഷ്യമിടുന്നതായി പലയിടത്തു നിന്നും അടുത്തകാലങ്ങളില്‍ മുന്നറിയിപ്പുകള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു.
എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തിലെ പ്രതികളെ ഉക്രെയ്നുമായി ബന്ധപ്പെടുത്തുകയാണ് ചെയ്തത്. ഉക്രെയ്നിലേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മോസ്‌കോ-ഏരിയയിലെ കച്ചേരി വേദി ആക്രമിച്ചതായി സംശയിക്കുന്ന നാല് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തതായും അവര്‍ക്ക് ഉക്രേയ്‌നില്‍ ബന്ധങ്ങളുണ്ടായിരുന്നു എന്നുമാണ് റഷ്യ പറയുന്നത്. അതേസമയം ആക്രമണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഉക്രെയ്ന്‍ ശക്തമായി പ്രതികരിച്ചു. പുടിന്റെ അഭിപ്രായങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ തീവ്രതയെ ന്യായീകരിക്കാന്‍ ഉപയോഗിച്ചേക്കാമെന്ന് ഉക്രേനിയന്‍, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
റഷ്യയെ ആക്രമിക്കാനുള്ള കഴിവും ലക്ഷ്യവും ISIS-K ക്ക് തീര്‍ച്ചയായും ഉണ്ട്. സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് സിറിയന്‍ ഏകാധിപതി ബഷാര്‍ അല്‍-അസാദിന് അധികാരത്തില്‍ തുടരാന്‍ ലഭിച്ച റഷ്യന്‍ പിന്തുണ തീര്‍ച്ചയായും ISIS-K ക്ക് റഷ്യയെ ആക്രമിക്കാനുള്ള കാരണമാണ്. ഷിയ വിഭാഗത്തിലെ അംഗമായതിനാലും സിറിയയില്‍ സുന്നികളെ ആസൂത്രിതമായി കൊന്നൊടുക്കിയതിനാലും ഐസിസിനെ സംബന്ധിച്ചിടത്തോളം അസാദ് മാരക ശത്രുവാണ്. കൂടാതെ, ചരിത്രപരമായി, ചെചെന്‍മാരെപ്പോലുള്ള മുസ്ലീം ന്യൂനപക്ഷങ്ങളെ റഷ്യ ക്രൂരമായി അടിച്ചമര്‍ത്തിയിട്ടുണ്ട്.
റഷ്യ പോലുള്ള ഒരു രാജ്യത്തെ ആക്രമിക്കാനുള്ള ISIS-K ന്റെ കഴിവിനെ സംബന്ധിച്ചാണെങ്കില്‍ ഈ വര്‍ഷമാദ്യം ഇറാനില്‍ നടന്ന ISIS-K ആക്രമണം, അഫ്ഗാനിസ്ഥാനിലെ സ്വന്തം താവളത്തിന് പുറത്തും ഗ്രൂപ്പിന് വലിയ തോതിലുള്ള ആക്രമണം നടത്താന്‍ കഴിയുമെന്ന് തെളിയിച്ചു.
യുഎസിന്റെ മുന്നറിയിപ്പിനെ അവഗണിച്ചതാണ് പുടിന്‍ ചെയ്ത തെറ്റ്. സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താനുള്ള കഴിവോടെ ISIS-ന് അവിടെ പുനഃസംഘടിക്കാനും മറ്റ് രാജ്യങ്ങളെ ആക്രമിക്കാനും കാരണമായോ എന്നതിനെക്കുറിച്ച് ബൈഡന്‍ ഭരണകൂടം സ്വയം ചിന്തിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍, അത് ബൈഡന്‍ ഭരണകൂടത്തിന് വലിയ തിരിച്ചടിയാകും.
(സിഎന്‍എന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ)