തെക്കന്‍ ഇസ്രായേലില്‍ ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരില്‍ നാല് വയസ്സുള്ള ഇസ്രായേല്‍-അമേരിക്കന്‍ പെണ്‍കുട്ടിയുമുണ്ടായിരുന്നു. മാതാപിതാക്കളെ ഹമാസ് തോക്കുധാരികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അവിഗെയ്ല്‍ ഐഡാന്‍ എന്ന പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ നിന്ന് ഹമാസ് ബന്ദിയാക്കി കൊണ്ടുപോയത്.
‘അവള്‍ തിരിച്ചു വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു’ എന്ന് അവിഗയിലിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അവിഗെയ്ല്‍ സുരക്ഷിതമായി വീട്ടിലെത്തിയതില്‍ ഞങ്ങള്‍ക്കുള്ള ആശ്വാസവും നന്ദിയും പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്ന് അവിഗെയ്ലിന്റെ അമ്മായി ലിസ് ഹിര്‍ഷ് നഫ്താലിയും അവളുടെ കസിന്‍ നോവ നഫ്താലിയും പ്രസ്താവനയില്‍ പറഞ്ഞു.
അവിഗെയ്ലിന്റെ മോചനം ഉറപ്പാക്കുന്നതില്‍ പങ്കാളികളായ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍ സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും നന്ദി അറിയിക്കുകയും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതായും അവര്‍ പറഞ്ഞു. ഇപ്പോഴും ബന്ദികളായിട്ടുള്ളവരുടേയും കുടുംബങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നില്‍ക്കും, അവരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കും. നഫ്താലി കൂട്ടിച്ചേര്‍ത്തു.
ഈ ചെറിയ പ്രായത്തില്‍ ആ പെണ്‍കുട്ടി സഹിക്കേണ്ടി വന്നതും നേരിട്ടതുമായ ആഘാതത്തില്‍ അതീവ ദുഖമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. അതിതീവ്രമായ യുഎസ് നയതന്ത്രത്തിന്റെ ഫലമായാണ് ബന്ദികളെ മോചിപ്പിക്കുന്നതെന്നും പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവിഗെയ്ല്‍ തന്റെ കുടുംബത്തോടൊപ്പമായിരുന്നു ഒക്ടോബര്‍ 7 ന് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ അവളുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടു. അവളുടെ രണ്ട് സഹോദരങ്ങള്‍ ഒളിച്ചിരിക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്തു.
അബിഗെയ്ല്‍ രക്ഷപ്പെട്ട് അവളുടെ അയല്‍വാസികളായ ബ്രോഡച്ച് കുടുംബത്തിന്റെ വീട്ടിലെത്തിയെങ്കിലും ആ കുടുംബത്തോടൊപ്പം അവളെ ഹമാസ് തട്ടിക്കൊണ്ടുപോയി. ബ്രോഡച്ച് കുടുംബത്തിലെ ഒരംഗം മാത്രമാണ് ഇപ്പോള്‍ മോചിതയായിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. അതിനുശേഷം, പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 14,500-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസും ഇസ്രായേലും തമ്മിലുള്ള നാല് ദിവസത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി 39 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചതായി ഇസ്രായേലും സ്ഥിരീകരിച്ചു.