ലെബനന്റെ തെക്കൻ അതിർത്തികളിൽ ഹിസ്ബുള്ള നിർമ്മിച്ച അതീവ രഹസ്യവും ഭീമാകാരവുമായ ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തി തകർത്തതായി ഇസ്രായേൽ സൈന്യത്തിന്റെ പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു. ഇറാനിന്റെ സാങ്കേതിക സഹായത്തോടെ നിർമ്മിച്ച ഈ വലിയ തുരങ്കങ്ങൾ കണ്ടെത്താൻ ദിവസങ്ങൾ നീണ്ട കഠിനമായ തിരച്ചിലുകളാണ് സൈന്യത്തിന് നടത്തേണ്ടി വന്നത്. മൂന്ന് മീറ്ററിലധികം ഉയരമുള്ള ഈ തുരങ്കങ്ങൾക്കുള്ളിൽ അത്യാധുനിക ആയുധങ്ങളും മാസങ്ങളോളം താമസിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങളും ശേഖരിച്ചിരുന്നതായി സൈനിക കമാൻഡർ വ്യക്തമാക്കി.
ഡ്രോണുകളും സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്നതിനുള്ള രഹസ്യ കേന്ദ്രങ്ങളായും റോക്കറ്റുകൾ തൊടുത്തുവിടാനുള്ള താവളങ്ങളായുമാണ് ഹിസ്ബുള്ള ഈ ഭൂഗർഭ ശൃംഖലകളെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. കനത്ത ഇരുമ്പ് വാതിലുകൾ തകർത്തും അതീവ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുമാണ് ഇസ്രായേൽ സൈനികർ ഈ തുരങ്കങ്ങൾക്കുള്ളിലേക്ക് പ്രവേശിച്ചത്. തുടർന്ന് ഒരൊറ്റ രാത്രികൊണ്ട് 84 ടൺ പ്രത്യേക സ്ഫോടകവസ്തുക്കൾ എത്തിച്ചാണ് സൈന്യം ഈ താവളങ്ങൾ പൂർണ്ണമായും തകർത്തുകളഞ്ഞത്.
കഴിഞ്ഞ 2006 മുതൽ ഹിസ്ബുള്ള കെട്ടിപ്പടുത്ത വലിയൊരു ഭൂഗർഭ പ്രതിരോധ സംവിധാനത്തിനാണ് ഇസ്രായേലിന്റെ ഈ നീക്കത്തിലൂടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് സൈന്യം ഈ തുരങ്കങ്ങളുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കിയത്. അതിർത്തിയിലെ തങ്ങളുടെ ജനവാസ മേഖലകൾക്ക് വലിയൊരു ഭീഷണിയായിരുന്ന ഈ തുരങ്കങ്ങൾ ഇല്ലാതാക്കിയത് ഇസ്രായേലിന് ഈ യുദ്ധത്തിൽ വലിയൊരു വിജയമായി വിലയിരുത്തപ്പെടുന്നു.

