ഭീകരര്‍ തന്നെ കൊല്ലുമെന്ന് ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് ഹമാസിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട ഇസ്രായേലി യുവതി നോവ അര്‍ഗമാനി. കഴിഞ്ഞ 245 ദിവസങ്ങള്‍ക്കിടയില്‍ ഭീകരര്‍ പല സ്ഥലങ്ങളിലായി തടവില്‍ പാര്‍പ്പിച്ചുവെന്നും നോവ വെളിപ്പെടുത്തി. നോവയെ ഉള്‍പ്പെടെ നാലുപേരെയാണ് ഇസ്രായേലി സൈന്യം നടത്തിയ രക്ഷാ ദൗത്യത്തിലൂടെ ഹമാസിന്റെ തടവില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഒക്ടോബര്‍ 7 ന് നടന്ന ഭീകരാക്രമണത്തിലാണ് ഇവരെ ഹമാസ് ബന്ദികളാക്കി തട്ടികൊണ്ട് പോയത്.
ഹമാസ് ഭീകരര്‍ തന്നെ കൊല്ലുമെന്ന് തന്നെയാണ് കരുതിയത്. കഴിഞ്ഞ 8 മാസക്കാലം ഗാസയിലെ 4 ഇടങ്ങളില്‍ തടവില്‍ കഴിഞ്ഞു. അവസാനമായി ഭീകരര്‍ ഒരു പലസ്തീനി കുടുംബത്തോടൊപ്പം ആണ് തന്നെ പാര്‍പ്പിച്ചത്. അവിടെ ഒരു വീട്ടുജോലിക്കാരിയായി പാത്രങ്ങള്‍ വരെ കഴുകേണ്ടി വന്നതായും നോവ പറയുന്നു. ഓരോ വീടുകളിലേക്ക് മാറുമ്പോഴും പലസ്തീനി വേഷങ്ങള്‍ ആണ് ധരിച്ചിരുന്നത്. ഇസ്രായേലി സൈനികര്‍ എത്തുമ്പോള്‍ താന്‍ അടുക്കളയില്‍ വീട്ടുജോലികള്‍ ചെയ്യുകയായിരുന്നുവെന്നും രക്ഷപ്പെട്ടത് ഇപ്പോഴും അവിശ്വസനീയമായി തോന്നുവെന്നും 26 കാരിയായ നോവ പറഞ്ഞു.
ഏറെ നാളുകള്‍ക്കുശേഷം ഉറ്റവരെ കണ്ട നോവ വിതുമ്പി. പിതാവിനെ കെട്ടിപ്പിടിച്ച് കരയുന്ന നോവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് പ്രചരിച്ചത്. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അമ്മയുമായുള്ള നോവയുടെ കൂടിക്കാഴ്ചയും ഹൃദയസ്പര്‍ശിയായിരുന്നു. സൈനിക ഹെലികോപ്ടറില്‍ ടെല്‍ അവീവിലെത്തിച്ച നോവയെ ഉടന്‍ തന്നെ അമ്മയുള്ള ആശുപത്രിയിലേയ്ക്ക് സൈന്യം കൊണ്ടു പോവുകയായിരുന്നു. സുരക്ഷിതയായി വീട്ടിലെത്തിയ നോവയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെര്‍സോഗും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
നോവയെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആയുധധാരികളായ ഹമാസ് ഭീകരര്‍ നോവയെ വലിച്ചിഴച്ച് വണ്ടിയിലേക്ക് കയറ്റുന്നതും യുവതി തന്നെ കൊല്ലരുതെന്ന് ഭീകരരോട് യാചിക്കുന്നതും വീഡിയോയില്‍ കാണാം. രക്ഷപ്പെട്ട ശേഷം ഇസ്രായേലി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തടവിലെ തന്റെ അനുഭവങ്ങള്‍ നോവ പങ്കുവച്ചത്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നസാക്രമണം ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍നാശം സംഭവിച്ച ദിവസങ്ങളിലൊന്നാണ്. 1189 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 252 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു.