“ഗാസയിലെ ജനസംഖ്യയുടെ എഴുപത്തിയഞ്ചു ശതമാനവും അഭയാർഥികളാണ്. അവരെ സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമല്ല, മറിച്ച് യു.എന്നിന്റേതാണ്” – ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ പ്രമുഖ അംഗമായ മൂസ അബു മർസൂഖിന്‍ന്റെ വാക്കുകളാണിത്. വെള്ളിയാഴ്ച റഷ്യ ടുഡേയുടെ അറബിക് ചാനലിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നാണ് ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനുള്ള ചില പ്രഖ്യാപിതലക്ഷ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഹമാസ് നേതാവിന്റെ അഭിമുഖത്തെ ഉദ്ധരിച്ചുള്ള ഈ റിപ്പോര്‍ട്ട്.
പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഹമാസ് ആരംഭിച്ച സംഘര്‍ഷത്തില്‍ ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ തെറ്റുകാരായിരിക്കുന്നത് ഇസ്രയേലാണെന്ന് പറയാതെവയ്യ. ഇതിനുകാരണം, ഗാസാമുനമ്പില്‍ 8,000 -ലധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ്. ഹമാസ് ഭീകരരെ ഇസ്രയേല്‍ സൈന്യം ലക്ഷ്യംവയ്കക്കുമ്പോഴേ സാധാരണക്കാരെ സൈന്യത്തിനു മുന്നിലേക്ക് ഇട്ടുകൊടുക്കുന്ന തന്ത്രമാണ് തീവ്രവാദികള്‍ നടത്തുന്നത്. ഇത് വ്യക്തമാക്കുന്നതാണ് മർസൂഖിന്റെ അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍.
2007 മുതൽ ഹമാസ് ഭരിക്കുന്ന ഗാസയില്‍ 500 കിലോമീറ്റർ (310 മൈൽ) തുരങ്കങ്ങൾ കുഴിച്ചത് എന്തുകൊണ്ടാണെന്നും ഇത് ബോംബിംഗ് സമയത്ത് സിവിലിയന്മാരെ രക്ഷിക്കുന്നതിന് ഉപകരിക്കാത്തത് എന്തെന്നുമായിരുന്നു ഹമാസ് ഭീകരനോട് അഭിമുഖത്തില്‍ അവതാരകന്‍ ചോദിക്കുന്നത്. സിവിലിയന്മാർക്ക് ഒളിക്കാൻ ഒരിക്കലും ഷെൽട്ടറുകൾ നിർമ്മിക്കാത്തത് എന്തെന്നും ഉപചോദ്യമെന്ന നിലയ്ക്ക് ചോദിക്കുന്നു. ഇതില്‍ ഹമാസ് നേതാവിന്റെ മറുപടിയാണ് ഇന്ന് ചര്‍ച്ചയാകുന്നത്.
“ഞങ്ങൾ തുരങ്കങ്ങൾ നിർമ്മിച്ചത് വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതിൽനിന്ന് സ്വയം പരിരക്ഷിക്കാൻ വേണ്ടിമാത്രമാണ്. ഗാസയിലെ ജനസംഖ്യയുടെ എഴുപത്തിയഞ്ചു ശതമാനവും അഭയാർഥികളാണ്. അവരെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയല്ല; യു.എന്നിന്റെ ഉത്തരവാദിത്വമാണ്” – മൂസ അബു മർസൂഖി പറയുന്നു. ഗാസയിലും വെസ്റ്റ്ബാങ്കിലും മറ്റ് മധ്യഭാഗത്തുമുടനീളം പാലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി യു.എന്നിന്റെ ദുരിതാശ്വാസ ഏജൻസി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെ ചൂണ്ടിക്കാട്ടിയാണ് പാലസ്തീനുവേണ്ടി പോരാടുന്നു എന്നുപറയുകയും തങ്ങളുടെ ഭരണമേഖലയില്‍പോലും സുരക്ഷയൊരുക്കാന്‍ മടിക്കുകയും ചെയ്യുന്ന ഹമാസ് നേതാവിന്റെ പ്രതികരണം.
1948 മുതൽ പലസ്തീൻ അഭയാർഥികൾക്കും അവരുടെ ദശലക്ഷക്കണക്കിന് പിൻഗാമികൾക്കും അടിസ്ഥാനസേവനങ്ങൾ നൽകുന്നത് കിഴക്കൻ രാജ്യങ്ങളുടെ സാഹയത്തോടെയാണ്. പാലസ്തീന്‍ ജനതയുടെ ജീവിതകാലത്തൊരിക്കലും നാടുകടത്തപ്പെട്ടില്ലെങ്കിലും അഭയാർഥികളായി ഏജൻസി അവരെ കണക്കാക്കുന്നു. ജനീവ കൺവൻഷൻപ്രകാരം, ഗാസയിലെ പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് ഇസ്രായേലിന്റെ ബാധ്യതയാണെന്ന് അബു മർസൂഖിന്റെ അവകാശവാദം.
അടുത്തിടെ ബി.ബി.സി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവവും ഇത്തരത്തില്‍ തരംഗമായിരുന്നു. അത് ഹമാസ് സ്ഥാപകനായ ഷെയ്ക്ക് ഹസൻ യൂസഫിന്റെ മകനായ മൊസാബ് ഹസ്സൻ യൂസഫിന്റെ വാക്കുകളായിരുന്നു – ഹമാസിന്റെ ലക്ഷ്യം പലസ്തീൻ കയ്യടക്കുക എന്നുള്ളതു മാത്രമല്ലെന്നാണ് സി.എൻ.എന്നിനു നൽകിയ ഒരു അഭിമുഖത്തില്‍ മൊസാബിന്റെ വെളിപ്പെടുത്തിയത്. “ഹമാസ് ഒരു രാഷ്ട്രീയപ്രസ്ഥാനം ആയിരുന്നെങ്കിൽ പാലസ്തീൻ വിഷയത്തിൽ ഇതിനുമുൻപു തന്നെ സമവായമുണ്ടാകുമായിരുന്നു. എന്നാൽ രാഷ്ട്രീയ അതിരുകളിൽ വിശ്വസിക്കാത്ത ഒരു മതപ്രസ്ഥാനമാണ് ഹമാസ്. ഇസ്രായേലിനെ തകർത്ത് ഒരു ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുകയാണ് അവരുടെ ശ്രമം. ലോകത്തെ പിടിച്ചടക്കുകയും അതിലൂടെ ആഗോള ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുക എന്ന സ്വപ്നവും പേറിയാണ് ഓരോ ഹമാസ് പ്രവർത്തകനും ജീവിക്കുന്നത്” – മുന്‍ ഹമാസ് അനുഭാവിയായിരുന്ന മൊസാബ് പറയുന്നു. ഇത് സത്യമാകുന്ന നിലയിലാണ് അബു മർസൂഖിന്റെ വെളിപ്പെടുത്തലുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ പാലസ്തീന്‍പൗരന്മാര്‍ എത്രയധികം കൊല്ലപ്പെട്ടുവെന്നതല്ല, മറിച്ച് ഒരു ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുക എന്നതുമാത്രം ലക്ഷ്യം.
രഞ്ചിന്‍ ജെ. തരകന്‍