Sunday, November 24, 2024

അകിര കുറസോവ വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്

ലോകപ്രശസ്ത ജാപ്പനീസ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന അകിര കുറസോവ വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. സിനിമയുടെ ചരിത്രത്തിലെ തന്നെ, ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായാണ് കുറസോവ പരക്കെ കണക്കാക്കപ്പെടുന്നത്. തന്നെ ഏറെ സ്വാധീനിച്ച ഏറ്റവും മികച്ച ചലച്ചിത്രകാരനാണ് കുറസോവ എന്നാണ് ഇരുപതാം നൂറ്റാണ്ടിലെ മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായ സത്യജിത് റേ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ലോകപ്രശസ്തനായ ആ കലാകാരന്റെ ഓര്‍മ്മകളിലൂടെ ഒരു യാത്ര…

1910 -ൽ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലാണ് കുറസോവ ജനിച്ചത്. പഠനത്തില്‍ അത്ര താത്പര്യമില്ലാതിരുന്ന കുറസോവ, ചിത്രകലയോട് അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരു ചിത്രകാരൻ എന്നനിലയിലും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് അദ്ദേഹം ജപ്പാനിലെ ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ഈ ചുവടുമാറ്റത്തിനുപിന്നിലെ കാരണം, തന്റെ ചിത്രങ്ങളിലൂടെ ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു. 1929 -ൽ ഒരു കൊമേര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്യാൻ തുടങ്ങുകയും പ്രശസ്ത സംവിധായകൻ കാജിറോയമമോട്ടോയുടെ സഹായിയാവുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജനപ്രിയ ചിത്രമായ ‘സാന്ഷിരോ സുഗാത’യിലൂടെയാണ് സ്വതന്ത്രസംവിധായകൻ എന്നനിലയിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ എന്ന നടനെ മുഖ്യകഥാപാത്രമാക്കി സംവിധാനം ചെയ്ത ‘ഡ്രങ്കണ്‍ ഏയ്ഞ്ചല്‍’ എന്ന നിരൂപണപ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ധേയനായ യുവസംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു. റാഷമോണ്‍, സെവന്‍ സമുറായ്‌സ് എന്നീ ലോക ക്ലാസിക് ചിത്രങ്ങളാണ് അകിര കുറസോവയെ പ്രശസ്തനാക്കിയത്.1957 -ൽ പുറത്തിറങ്ങിയ ‘ത്രോണ്‍ ഓഫ്‌ ബ്ളഡ്‌’ ബെർലിൻ ചലച്ചിത്രമേളയിലും 1975 -ലെ ‘ദെർസു ഉസാല’ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരവും നേടിക്കൊടുത്തു. അമേരിക്കൻ സംവിധായകരായ ജോർജ് ലൂക്കാസ്, സ്റ്റീവൻ സ്പിൽബർഗ് തുടങ്ങിയവർ ഇദ്ദേഹത്തില്‍ നിന്നുമാണ്‌ പ്രചോദനം ഉള്‍ക്കൊണ്ടത്‌.

ലോകപ്രശസ്ത ക്ലാസിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുറോസാവ, സിനിമകള്‍ സംവിധാനം ചെയ്യുക മാത്രമായിരുന്നില്ല, തന്റെ മിക്ക സിനിമകളിലും സ്വയം എഡിറ്റിംങ് നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ചിത്രത്തിന്റെ എഡിറ്റിംഗ് പ്രക്രിയ എന്നത് ഏറ്റവും പ്രധാനപ്പെട്ടതും ക്രിയാത്മകമായി ഏറെ കാര്യങ്ങൾ നിർവഹിക്കാനുള്ളതുമായ ഘട്ടമാണെന്നാണ് കുറോസാവ വിശ്വസിച്ചിരുന്നത്. ഇത് പ്രമുഖ ചലച്ചിത്രനിർമ്മാതാക്കൾക്കിടയിൽ മിക്കവാറും അന്യമായ ഒന്നാണ്. എഡിറ്റ് ചെയ്യാനുള്ള ‘മെറ്റീരിയൽ’ ലഭിക്കാൻവേണ്ടിയാണ് താൻ ഒരു സിനിമ ചിത്രീകരിച്ചതെന്ന് കുറോസാവ പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. 1990 -ല്‍ ‘ലോകം മുഴുവനുമുള്ള പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്’ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി.1998 സെപ്റ്റംബര്‍ ആറിനാണ് അദ്ദേഹം അന്തരിച്ചത്.

Latest News