Sunday, May 18, 2025

ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുന്നു; സാമ്പത്തികമാന്ദ്യ ഭയം വർധിക്കുന്നു

മാർച്ചിൽ അവസാനിച്ച മൂന്നുമാസത്തിനിടെ നാലു പാദങ്ങൾക്കിടയിൽ ആദ്യമായി ജപ്പാന്റെ സാമ്പത്തികവളർച്ച ചുരുങ്ങിയതായി പഠനം. ദുർബലമായ സ്വകാര്യ ഉപഭോഗവും കയറ്റുമതിയിൽ 0.6% പാദവാർഷിക ഇടിവുമാണ് വളർച്ചയെ പിന്നോട്ടടിച്ചത്. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രാഥമിക സർക്കാർ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ യഥാർഥ ജി ഡി പി ആദ്യപാദത്തിൽ കഴിഞ്ഞ മൂന്നുമാസങ്ങളെ അപേക്ഷിച്ച് 0.2% ഇടിഞ്ഞു. ഇത് വാർഷികാടിസ്ഥാനത്തിൽ 0.7 ശതമാനമായാണ് കുറഞ്ഞത്.

ആദ്യപാദത്തിലെ കണക്കുകൾ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനപരമായ ശിഥിലീകരണത്തെ എടുത്തുകാണിക്കുന്നതായും യു എസ് താരിഫ് നടപടികളുടെ ഫലങ്ങൾ നടപ്പുപാദത്തിൽ കൂടുതൽ വ്യക്തമാകാൻ സാധ്യതയുണ്ടെന്നും സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകി. യു എസ് സർക്കാരിന്റെ താരിഫുകൾ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മാന്ദ്യത്തിലേക്കു തള്ളിവിടുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് നോമുറ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എക്സിക്യൂട്ടീവ് ഇക്കണോമിസ്റ്റ് തകഹിഡെ കിയുച്ചി പറഞ്ഞു. അതേസമയം, യു എസ് താരിഫുകളെക്കുറിച്ചും ശക്തമായ യെൻ മൂല്യത്തെയും കുറിച്ച് വർധിച്ചുവരുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി, 2026 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ലാഭത്തിൽ ഇടിവ് നേരിടാൻ പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ തയ്യാറെടുക്കുകയാണ്.

കറൻസി മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ കൂടുതൽ സമ്മർദം ചെലുത്തുന്നതിനാൽ, വാഹന ഇറക്കുമതിക്ക് യു എസ് സർക്കാർ ഏർപ്പെടുത്തിയ തീരുവകളാണ് തങ്ങളുടെ ജാഗ്രത പുലർത്തുന്ന പ്രധാന കാരണമായി ഒന്നിലധികം കമ്പനികൾ ചൂണ്ടിക്കാണിച്ചത്. ടൊയോട്ട മോട്ടോറിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34.9% കുറഞ്ഞ് 3.1 ട്രില്യൺ യെൻ (21.33 ബില്യൺ ഡോളർ) ആകുമെന്നു പ്രതീക്ഷിക്കുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലെ യു എസ് താരിഫുകൾ മാത്രം പ്രവർത്തന ലാഭത്തിൽ 180 ബില്യൺ യെൻ കുറവുണ്ടാക്കുമെന്ന് കണക്കാക്കുന്നു. താരിഫുകളും വിനിമയനിരക്കിലെ ചാഞ്ചാട്ടവും മൂലമാണ് ഹോണ്ടയുടെ അറ്റാദായം 70.1% ഇടിഞ്ഞ് 250 ബില്യൺ യെന്നായി കുറയുമെന്നു പ്രതീക്ഷിക്കുന്നത്.

കൂടുതൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന നിസ്സാൻ, 17 ഫാക്ടറികളിൽ ഏഴെണ്ണം അടച്ചുപൂട്ടലും ആഗോളതലത്തിൽ ഇരുപതിനായിരം തൊഴിൽ വെട്ടിക്കുറയ്ക്കലും ഉൾപ്പെടെയുള്ള വിപുലമായ പുനഃസംഘടനാപദ്ധതികൾ പ്രഖ്യാപിച്ചു. യു എസ് താരിഫ് നയത്തിന്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കമ്പനി ലാഭ പ്രവചനം നൽകാൻ വിസമ്മതിച്ചു. അനിശ്ചിതത്വത്തിനിടയിൽ മാസ്ഡയും സുബാരുവും വരുമാന മാർഗനിർദേശം തടഞ്ഞുവച്ചു.

ഉയർന്ന താരിഫ്, ശക്തമായ യെൻ, ചൈനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള വർധിച്ചുവരുന്ന മത്സരം എന്നിവ കാരണം ജപ്പാനിലെ ഓട്ടോമൊബൈൽ വ്യവസായം കടുത്ത പ്രതിസന്ധികളെ നേരിടുന്നു. ഈ വെല്ലുവിളി നിറഞ്ഞ ബിസിനസ് അന്തരീക്ഷം വ്യവസായ പുനഃക്രമീകരണത്തിലേക്കു നയിച്ചേക്കാമെന്ന് ഒകാസാൻ സെക്യൂരിറ്റീസിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് ഫ്യൂമിയോ മാറ്റ്‌സുമോട്ടോ പറഞ്ഞു.

വിവിധ മേഖലകളിലുടനീളം ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ വിപുലമായ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25% യു എസ് തീരുവ ഏർപ്പെടുത്തുന്നത് ‘ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രഹരമേൽപിക്കുമെന്ന്’ നോമുറ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കിയുച്ചി മുന്നറിയിപ്പ് നൽകി. അത്തരമൊരു നടപടി ആഭ്യന്തര ഉൽപാദനം കുറയ്ക്കുന്നതിനും തൊഴിൽനഷ്ടത്തിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

2024 ൽ ജപ്പാൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, ജപ്പാനിലെ ഓട്ടോ നിർമ്മാണവും അനുബന്ധ വ്യവസായങ്ങളും 5.58 ദശലക്ഷം ആളുകളെയാണ് ജോലിക്കെടുക്കുന്നത്; ഇത് രാജ്യത്തെ മൊത്തം തൊഴിൽ ശക്തിയുടെ 8.3 ശതമാനമാണ്.

യു എസിൽ നിന്നുള്ള 24% ‘പരസ്പര താരിഫ്’ ജപ്പാന്റെ നാമമാത്രവും യഥാർഥവുമായ ജി ഡി പി യിൽ 0.59% കുറവുണ്ടാക്കുമെന്ന് കിയുച്ചി കണക്കാക്കി. 25% ഓട്ടോ താരിഫും കൂടി ചേർക്കുമ്പോൾ, മൊത്തം ആഘാതം 0.71 മുതൽ 0.76% വരെയാകാം.

ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ബെഞ്ച്മാർക്ക് TOPIX സൂചികയിലെ 630 ഘടക കമ്പനികളിൽ ഏകദേശം മൂന്നിലൊന്നു കമ്പനികളും തിങ്കളാഴ്ചയോടെ ബിസിനസ് ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. മുൻ സാമ്പത്തിക വർഷത്തെക്കാൾ ഈ സാമ്പത്തിക വർഷം കുറഞ്ഞ ലാഭം പ്രതീക്ഷിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു സർവേ കാണിക്കുന്നു.

അറ്റാദായത്തിലെ കുറവ്

വരുമാന റിപ്പോർട്ടുകൾ വിശകലനം ചെയ്ത എസ് എം ബി സി നിക്കോ സെക്യൂരിറ്റീസ് പ്രകാരം, 35% – അതായത് 224 കമ്പനികൾ – അറ്റാദായത്തിൽ ഇടിവ് പ്രവചിക്കുന്നതായി പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. യു എസ് താരിഫ് നടപടികൾ കാരണം ഈ സാമ്പത്തിക വർഷം ചില പ്രധാന ജാപ്പനീസ് കമ്പനികളുടെ ലാഭത്തിൽ ഗണ്യമായ ഇടിവ് ഉണ്ടാകുമെന്ന പ്രവചനങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ കെൻ കൊബയാഷി ബുധനാഴ്ച ഒരു വാർത്താസമ്മേളനത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

“താരിഫുകളുടെ ആഘാതത്തെക്കുറിച്ചുള്ള ഉത്കണ്ഠ വേതന വർധനവിനെ തടസ്സപ്പെടുത്തുമോ എന്ന് ഞാൻ വളരെയധികം ആശങ്കാകുലനാണ്” – അദ്ദേഹം പറഞ്ഞു, വേതനവർധനവിന്റെ നിലവിലെ ആക്കം കുറയ്ക്കരുതെന്ന് വലിയ കോർപ്പറേഷനുകളോട് ആവശ്യപ്പെട്ടു. അതേസമയം, ജപ്പാൻ ബിസിനസ് ഫെഡറേഷന്റെ ചെയർമാൻ മസകാസു ടോകുര മെയ് ഏഴിന് ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. “യു എസ് ഗവൺമെന്റിന്റെ താരിഫുകളുടെ നേരിട്ടുള്ള ആഘാതത്തെൾ, അനിശ്ചിതത്വ വീക്ഷണം മൂലമുണ്ടാകുന്ന ദുർബലമായ ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും പരോക്ഷ പ്രത്യാഘാതങ്ങളെക്കുറിച്ച് പല കമ്പനികളും കൂടുതൽ ആശങ്കാകുലരാണ്.”

എല്ലാ താരിഫ് നടപടികളും ശ്രദ്ധാപൂർവം അവലോകനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് സമഗ്രമായ ചർച്ചകളുടെ പ്രാധാന്യം ടോക്കുറ ഊന്നിപ്പറഞ്ഞു. ഒരു ഇടപാടിൽ തിരക്കുകൂട്ടുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. അതേസമയം, ദൃഢനിശ്ചയത്തോടെയുള്ള സംഭാഷണത്തിലൂടെ സമ്പദ്‌വ്യവസ്ഥയെ ഇതിനകം തന്നെ ബാധിക്കുന്ന ഉയർന്ന താരിഫുകൾ എത്രയും വേഗം നീക്കം ചെയ്യുന്നതിനുള്ള സജീവമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News