യേശുവിന്റെ കാല്‍ചുവടുകളെ അനുഗമിക്കാന്‍ ജറുസലേമിലെ പുരാതന തെരുവുകളില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ ഒരു വലിയ കൂട്ടം ഈ മാസം തടിച്ചുകൂടിയിരുന്നു. ദുഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയിലും മറ്റും അനേകായിരങ്ങള്‍ തീക്ഷണതയോടും ഏറെ വൈകാരികതയോടും കൂടെയാണ് പങ്കെടുത്തത്. എന്നാല്‍ സമീപ മാസങ്ങളില്‍, നഗരത്തിന്റെ അധിനിവേശ കിഴക്ക് ഭാഗത്ത് താമസിക്കുന്ന ക്രിസ്ത്യാനികള്‍ പറയുന്നത്, അവിടെ തങ്ങള്‍ക്കെതിരെ പീഡനങ്ങളും അക്രമങ്ങളും വര്‍ദ്ധിച്ചതായാണ്.
ആക്രമണങ്ങളുടെ തരംഗം
ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന് നേരെ റാഡിക്കല്‍ ഇസ്രായേലി ഗ്രൂപ്പുകളുടെ അഭൂതപൂര്‍വമായ ആക്രമണങ്ങളെക്കുറിച്ച് പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിരുന്നു. അവസാനത്തെ അത്താഴം നടന്നതായി ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന സിയോണ്‍ പര്‍വതത്തില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, രണ്ട് ഓര്‍ത്തഡോക്‌സ് കൗമാരക്കാര്‍ ആംഗ്ലിക്കന്‍ സെമിത്തേരിയിലെ ശവക്കുഴികള്‍ അശുദ്ധമാക്കുന്നത് സുരക്ഷാ കാമറകളില്‍ തെളിഞ്ഞിരുന്നു. അവിടുത്തെ കുരിശുകളും തലക്കല്ലുകളും തകര്‍ത്ത അവരെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പോലീസ് പിന്നീട് പറഞ്ഞു.
ജനുവരി അവസാനം, ഓള്‍ഡ് സിറ്റിയിലെ ന്യൂ ഗേറ്റില്‍ അര്‍മേനിയന്‍ ഉടമസ്ഥതയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് തീവ്രവാദി ജൂത ജനക്കൂട്ടം അക്രമാസക്തമായ രീതിയില്‍ കസേരകള്‍ വലിച്ചെറിയുകയും അവിടുത്തെ വസ്തുവകകള്‍ പലതും നശിപ്പിക്കുകയും ചെയ്തു. ‘അറബികള്‍ക്ക് മരണം, ക്രിസ്ത്യാനികള്‍ക്ക് മരണം’ എന്ന മുദ്രാവാക്യവും അവര്‍ ഉയര്‍ത്തി.
തൊട്ടടുത്ത മാസം, ഒരു ജൂത അമേരിക്കന്‍ വിനോദസഞ്ചാരി കുരിശിന്റെ വഴിയിലെ ഫ്‌ലാഗെലേഷന്‍ പള്ളിയില്‍ ചുറ്റിക കൊണ്ട് ക്രിസ്തുവിന്റെ പ്രതിമ നശിപ്പിച്ചു. കൂടാതെ ഈ നഗരത്തില്‍ പുരോഹിതരെ പുച്ഛിക്കുന്നതും ശപിക്കുന്നതും ആക്രമിക്കുന്നതും പതിവായി മാറിയിരിക്കുന്നു.
ഇസ്രായേല്‍ രാഷ്ട്രീയത്തിലെ തീവ്ര വലതുപക്ഷത്തിന്റെ ഉയര്‍ച്ച ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ ഇസ്രായേല്‍ ഗവണ്‍മെന്റിലെ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചിനെപ്പോലുള്ള അള്‍ട്രാനാഷണലിസ്റ്റുകള്‍ തങ്ങളുടെ മതം സ്വീകരിക്കാത്തവരോട് അസഹിഷ്ണുത കാണിക്കുന്നതായും ആക്ഷപമുണ്ട്.
പള്ളികള്‍ ആക്രമിക്കുന്നത് പുതിയ സര്‍ക്കാരിന്റെ തന്ത്രമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെങ്കിലും ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് സര്‍ക്കാരില്‍ ശക്തമായ പ്രതിനിധികള്‍ ഉള്ളതിനാല്‍ ഏതെങ്കിലും വിധത്തില്‍ അവര്‍ സംരക്ഷിക്കപ്പെടുന്നതായി കാണുന്നു എന്ന് ലത്തീന്‍ പാത്രിയാര്‍ക്കേറ്റിലെ ബിഷപ്പ് വില്യം പറയുന്നു.
ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയഭാഗത്താണ് വിശുദ്ധ നഗരമായ ജറുസലേം സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, ഇവിടെ താമസിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം ഒരു നൂറ്റാണ്ട് മുമ്പ് ജനസംഖ്യയുടെ നാലിലൊന്നില്‍ നിന്ന് 2% ആയി കുറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ വേദനാജനകമായ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് മറ്റെവിടെയെങ്കിലും മികച്ച അവസരങ്ങള്‍ തേടി പലരും കുടിയേറിയതാണ് കാരണം. തങ്ങളുടെ കമ്മ്യൂണിറ്റിയുടെ വലിപ്പം കുറവായതിനാല്‍, ഇസ്രായേലി നയങ്ങള്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്ന് ക്രിസ്ത്യാനികള്‍ പരാതിപ്പെടുന്നു.
ഒറ്റപ്പെട്ട സംഭവങ്ങളല്ല
ജൂത കുടിയേറ്റക്കാര്‍ കൂടുതല്‍ കൂടുതല്‍ സ്വത്തുക്കള്‍ കൈക്കലാക്കുന്നു. തങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുത തങ്ങളെ പുറത്താക്കാന്‍ വേണ്ടിയാണെന്ന് പല ക്രിസ്ത്യാനികളും കരുതുന്നു. ഇത്തരത്തിലുള്ള വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ ഇവര്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ പോലീസ് പലപ്പോഴും മന്ദഗതിയിലുള്ള പ്രതികരണമാണ് നടത്തുന്നതെന്നും ക്രൈസ്തവര്‍ ആരോപിക്കുന്നു.
ഈ ഈസ്റ്ററിലും, ഭാവിയെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്നാണ് ജറുസലേമിലെ ക്രിസ്ത്യാനികള്‍ പറയുന്നത്. എങ്കിലും ഉത്ഥിതനായ ക്രിസ്തു നല്‍കുന്ന പ്രത്യാശയുടെ സന്ദേശത്തില്‍ തങ്ങള്‍ മുറുകെ പിടിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.