അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങി ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ചരിത്രത്തിൽ ഏറ്റവും കൂടുതൽ പഠിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതുമായ കപ്പലായി ടൈറ്റാനിക് തുടരുന്നു. അകാലത്തിൽ കടലിന്റെ അടിത്തട്ടിലേക്കു മറഞ്ഞെങ്കിലും ടൈറ്റാനിക്കിന് ഇന്നും ആരാധകർ അനേകമുണ്ട്.
ടൈറ്റാനിക്കിന്റെ കടുത്ത ആരാധകർക്കുപോലും കപ്പലിൻ്റെ ഉപരിതലത്തിൽ നിന്ന് അവസാനമായി എടുത്തു എന്ന് വിശ്വസിക്കുന്ന ഫോട്ടോ ആരാണ് എടുത്തതെന്നറിയില്ല. കപ്പലിൻ്റെ ഉപരിതലത്തിൽ നിന്ന് അവസാനമായി എടുത്ത ഫോട്ടോ തന്റെ ഫ്രെയിമിൽ പകർത്തിയത് ഒരു ജെസ്യൂട്ട് പുരോഹിതനായിരുന്നു.
ഫാ. ഫ്രാൻസിസ് ബ്രൗൺ എന്ന അയർലണ്ടുകാരനായ ജെസ്യൂട്ട് വൈദികനാണ് ടൈറ്റാനിക്കിന്റെ അവസാന ചിത്രങ്ങൾ പകർത്തിയ ആ പുരോഹിതൻ. 1880 ൽ അയർലണ്ടിൽ ജനിച്ച അദ്ദേഹം മിൽടൗണിലെ ജെസ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫിയിൽ പഠിച്ചു. 1915 ൽ ക്ലോയിൻ ബിഷപ്പ്, ബിഷപ്പ് റോബർട്ട് ബ്രൗണിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വളരെ ചെറുപ്പത്തിൽതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ബ്രൗണിനെ അമ്മാവനായ ബിഷപ്പ് റോബർട്ട് ബ്രൗണായിരുന്നു വളർത്തിയത്.
ബിഷപ്പ് ബ്രൗൺ തന്റെ ആദ്യത്തെ ക്യാമറ യുവാവായ ബ്രൗണിനു നൽകി. അദ്ദേഹം ചാപ്ലെയിൻ ആയി സേവനമനുഷ്ഠിച്ച ഒന്നാം ലോക മഹായുദ്ധത്തിൽനിന്നുള്ള ഫോട്ടോഗ്രാഫുകളുടെ ഒരു ശേഖരം ഉൾക്കൊള്ളുന്ന ഒരു പോർട്ട്‌ഫോളിയോ ഉപയോഗിച്ച് അദ്ദേഹം കൂടുതൽ പ്രശസ്തനായി. എന്നിരുന്നാലും, ലോക ഫോട്ടോഗ്രാഫിയിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സംഭാവനകൾ ടൈറ്റാനിക്കിന്റെ ഫോട്ടോഗ്രാഫുകളാണ്. അതിൽ, മുങ്ങുന്നതിനുമുമ്പ് അദ്ദേഹം പകർത്തിയ ചിത്രങ്ങളാണ് ഇപ്പോഴും ആളുകൾ കാണുന്നത്.
ഫാ. ബ്രൗണിന്റെ ടൈറ്റാനിക് ആൽബം: ഒരു യാത്രക്കാന്റെ ഫോട്ടോഗ്രാഫുകളും ഓർമകളും (Father Browne’s Titanic Album: A Passenger’s Photographs and Personal Memoir) എന്ന പുസ്തകത്തിൽ വളരെ കൗതുകകരമായ ഒരു കാര്യം വിവരിക്കുന്നുണ്ട്.
ജെസ്യൂട്ട് വൈദികൻ ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്ന് അയർലണ്ടിലെ ക്വീൻസ്ടൗണിലേക്ക് കപ്പൽ കയറി. ടൈറ്റാനിക്കിലെ ആദ്യയാത്രയിൽ കപ്പലിലുണ്ടായിരുന്ന ധനികരായ അമേരിക്കൻ ദമ്പതികൾ അമേരിക്കയിലേക്കുള്ള ടൈറ്റാനിക്കിന്റെ യാത്രാടിക്കറ്റ് സൗജന്യമായി നൽകാമെന്ന് ഫാ. ഫ്രാൻസിസിനോടു പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ജെസ്യൂട്ട് മേലധികാരിയോട് അനുമതി ചോദിച്ചപ്പോൾ “കപ്പലിൽനിന്ന് ഇറങ്ങൂ” എന്ന് ടെലിഗ്രാം സന്ദേശമാണ് അദ്ദേഹത്തിനു ലഭിച്ചത്. അദ്ദേഹം അത് അനുസരിച്ചു. അതിനുശേഷം ഫാ. ബ്രൗൺ തന്റെ ജീവിതകാലം മുഴുവൻ ആ സന്ദേശം സൂക്ഷിച്ചു.
തന്റെ മേലധികാരിയുടെ സന്ദേശം ലഭിച്ചതിൻപ്രകാരം ക്വീൻസ്‌ടൗണിൽ ഇറങ്ങിയപ്പോഴാണ് ജലോപരിതലത്തിനു മുകളിലുള്ള കപ്പലിന്റെ അവസാനചിത്രങ്ങൾ പുരോഹിതൻ പകർത്തിയത്. മറ്റൊരു യാത്രക്കാരനും സഹ ഫോട്ടോഗ്രാഫറുമായ കേറ്റ് ഒഡലും അതേസമയം തന്നെ ഇറങ്ങി. കപ്പൽ നീങ്ങുമ്പോൾ അതിന്റെ സമാനമായ ഫോട്ടോകളും ഇവർ എടുത്തിരുന്നു.
ടൈറ്റാനിക്കിന്റെ അവസാന ചിത്രങ്ങൾക്കുപുറമെ, ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെപ്പോലുള്ള നിരവധി ക്രൂ അംഗങ്ങളുടെ ‘അവസാനത്തേത്’ എന്നറിയപ്പെടുന്ന ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ഫോട്ടോകൾ ബ്രൗൺ എടുത്തിട്ടുണ്ട്.
ടൈറ്റാനിക്കിന്റെ റേഡിയോ റൂമിന്റെ അറിയപ്പെടുന്ന ഒരേയൊരു ഫോട്ടോയും ഈ പുരോഹിതൻ പകർത്തിയവയിൽ ഉൾപ്പെടുന്നു. അതിൽനിന്നായിരുന്നു കപ്പലിന്റെ വയർലെസ് ഓപ്പറേറ്റർമാർ ഏപ്രിൽ 14,15 രാത്രിയിൽ കപ്പൽ മുങ്ങുന്നതിന് മിനിറ്റുകൾക്കുമുമ്പു വരെ നിരാശാജനകമായ SOS സന്ദേശങ്ങൾ കൈമാറിയത്.
ബ്രൗണിനെക്കുറിച്ചുള്ള ‘ഏറ്റവും വാർത്താപ്രാധാന്യമുള്ള വസ്തുത’ ചരിത്രപരമായ കപ്പലിലെ അദ്ദേഹത്തിന്റെ സാന്നിധ്യമല്ല. എന്നാൽ 42,000 പോർട്ട്‌ഫോളിയോയുള്ള ‘എക്കാലത്തെയും ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളായി’ അദ്ദേഹം അംഗീകരിക്കപ്പെട്ടു.