Sunday, November 24, 2024

ജൂണ്‍ 26 ലോക ലഹരിവിരുദ്ധദിനം; നമുക്ക് രക്ഷിക്കാം…ഒരു ജീവനെങ്കിലും

‘ദ പൈഡ് പെപ്പര്‍ ഓഫ് ഹാംലിന്‍’ എന്ന കഥ പലരും വായിച്ചു കാണും.ലോക പ്രശസ്തമായ ഈ നാടോടിക്കഥ നടക്കുന്നത് ജര്‍മ്മനിയിലെ ഹാംലിന്‍ എന്ന പട്ടണത്തിലാണ്.എലികളെക്കൊണ്ട് പ്രയാസമനുഭവിച്ചിരുന്ന ഹാംലിന്‍ പട്ടണത്തിലെ മേയര്‍ എലികളെ കൊന്നൊടുക്കുന്നവര്‍ക്ക് ആയിരം ഗില്‍ഡര്‍ (സ്വര്‍ണനാണയം) വാഗ്ദാനം ചെയ്യുന്നു. ഈ സമയത്താണ് വര്‍ണവസ്ത്രങ്ങള്‍ ധരിച്ച ഒരു കുഴലൂത്തുകാരന്‍ പട്ടണത്തിലെത്തിയത്.അയാള്‍ തന്റെ കുഴലില്‍ ഊതുന്നതിനനുസരിച്ച് എലികള്‍ പിന്നാലെ കൂടാന്‍ തുടങ്ങി.

ഒടുവില്‍ മുഴുവന്‍ എലികളേയും വീസര്‍ നദിയില്‍ മുക്കി കൊന്നു.ജോലി നിര്‍വ്വഹിച്ച ശേഷം പ്രതിഫലത്തിനായി മേയറുടെ അടുത്തെത്തിയ കുഴലൂത്തുകാരന് വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിച്ചില്ല.അമര്‍ഷം പൂണ്ട അയാള്‍ തന്റെ കുഴലിന്റെ മാസ്മരിക ശക്തിയാല്‍ നഗരത്തിലെ കുട്ടികളെ മുഴുവന്‍ പിന്നാലെ കൂട്ടി എന്നെന്നേക്കുമായി എങ്ങോട്ടോ മറഞ്ഞു പോകുന്നു.

മയക്കുമരുന്നും ഒരര്‍ഥത്തില്‍ ഹാംലിനിലെ കുഴലൂത്തുകാരനെ പോലെയാണ്.അതിന്റെ ആകര്‍ഷണ വലയത്തില്‍ കുരുങ്ങുന്ന ഓരോരുത്തരും സ്വന്തം ജീവിതം ഹോമിക്കുന്നു.കുട്ടികളിലേക്ക് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം പടരുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിവസംതോറും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തലച്ചോറിനെ നിയന്ത്രണ വിധേയമല്ലാതാക്കി താല്‍ക്കാലിക സുഖവും സന്തോഷവും പ്രദാനം ചെയ്യുകയാണ് മയക്കുമരുന്നുകള്‍ ചെയ്യുന്നത്.എന്നാല്‍ രോഗവും മരണവും ആജീവനാന്ത ശാരീരിക വൈകല്യവുമാണ് മയക്കു മരുന്നുപയോഗത്തിന്റെ അനന്തരഫലം.

മയക്കു മരുന്നുകളുടെ ഉപയോഗം മരണത്തിലേക്കാണ് നയിക്കുന്നതെന്ന് പലരും ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാറില്ല. ബോധോദയം സംഭവിക്കുമ്പോഴേക്കും മയക്കുമരുന്നിന്റെ കരാളഹസ്തത്തില്‍ പിടഞ്ഞ് മരിക്കാനാണ് ഓരോ മയക്കു മരുന്ന് ഉപഭോക്താവിന്റേയും വിധി.ജൂണ്‍ 26-നാണ് ലോക ലഹരിവിരുദ്ധദിനം.2024-ലെ ലോക ലഹരിവിരുദ്ധദിനത്തിന്റെ മുദ്രാവാക്യം’തെളിവ് വ്യക്തമാണ്: പ്രതിരോധത്തില്‍ നിക്ഷേപിക്കുക’എന്നതാണ്.ആഗോള മയക്കുമരുന്ന് പ്രശ്‌നം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു ബഹുമുഖ വെല്ലുവിളി അവതരിപ്പിക്കുന്നു.

ലഹരിവസ്തുക്കളുടെ ഉപയോഗ ക്രമക്കേടുകളുമായി മല്ലിടുന്ന വ്യക്തികള്‍ മുതല്‍ മയക്കുമരുന്ന് കടത്തിന്റേയും സംഘടിത കുറ്റകൃത്യങ്ങളുടേയും അനന്തരഫലങ്ങളുമായി ജീവിക്കുന്നവര്‍ നിരവധിയാണ്. മയക്കുമരുന്നിന്റെ ആഘാതം ദൂരവ്യാപകവും സങ്കീര്‍ണ്ണവുമാണ്.ഇന്ന് പ്രതിരോധത്തിനും ചികിത്സയ്ക്കും മുന്‍ഗണന നല്‍കുന്ന ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ലോകത്താകെ 27 കോടി മനുഷ്യര്‍ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തല്‍. 35 ദശലക്ഷത്തിലധികം ആളുകള്‍ക്ക് മയക്കുമരുന്ന് ഉപയോഗ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ത്തന്നെ ഏഴുപേരില്‍ പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ചികിത്സ ലഭിക്കുന്നത്.

നമ്മുടെ നാട്ടില്‍ മയക്കുമരുന്ന് മാഫിയ തടിച്ചുകൊഴുക്കുന്നത് പ്രധാനമായും വിദ്യാര്‍ഥികളിലൂടെയാണ്. ഒരു സ്‌കൂളില്‍നിന്നും ഒരു വിദ്യാര്‍ഥിയെ വലയില്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ അവരുടെ പദ്ധതി വിജയിച്ചു.പിന്നെ അവനിലൂടെ വളരെ പതുക്കെയാണെങ്കിലും അത് വ്യാപിച്ചുകൊള്ളും.വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക് പകരുന്ന മാരകദുരന്തമായിത്തീര്‍ന്നിരിക്കുന്നു മയക്കുമരുന്ന് ഉപയോഗം.സ്‌കൂള്‍ കുട്ടികളെ കെണിയില്‍ പെടുത്താന്‍ പല മാര്‍ഗങ്ങള്‍ മാഫിയകള്‍ പരീക്ഷിക്കുന്നു.

മയക്കുമരുന്നുകളിലും ഇന്ന് ആധുനികത കൈവന്നു.ഇന്ന് മയക്ക് മരുന്ന് വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ് എല്‍.എസ്.ഡി ക്കാണ്.ലഹരിമരുന്നുകളുടെ രാജാവ്.സാധാരണ ലഹരിമരുന്നിനെക്കാള്‍ 4000 ഇരട്ടി തീവ്രതയാണ് എല്‍എസ് ഡിക്കുള്ളത്.സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന ഇവ നാക്കിന്റെ അടിയില്‍ ഒട്ടിക്കുകയാണ് ചെയ്യുന്നത്. 3 മുതല്‍ 4 ദിവസം വരെ ഇതിന്റെ കിക്ക് ഉണ്ടാകുമെന്നതാണ് ഇതിനെ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പ്രിയങ്കരമാകുന്നത്.സ്‌കൂള്‍ കുട്ടികളാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്.

ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആരുമറിയില്ല എന്നതാണ് എല്‍.എസ്.ഡിയുടെ പ്രത്യേകത.സംശയിച്ചാല്‍ തന്നെയും മയക്കുമരുന്നാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാവില്ല. സ്റ്റാമ്പ് രൂപത്തിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. അടിഭാഗത്ത് പശ. ഈ പശയിലാണ് മയക്കുമരുന്നുള്ളത്. തിരിച്ചറിയാന്‍ കഴിയില്ല എന്നതുകൊണ്ടു തന്നെ ആള്‍ക്കൂട്ടത്തിനിടയിലായാലും ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് ഭയമില്ല. എല്‍.എസ്.ഡി ഉപയോഗിച്ച് ക്ലാസിലിരുന്നാല്‍ അധ്യാപകര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ശരീരം മാത്രമാണ് ക്ലാസില്‍. ലഹരിയുടെ ഉന്മാദ ലോകത്ത് അഭിരമിക്കുകയാവും മനസ്സും ചിന്തയും.വിദ്യാര്‍ഥികളില്‍നിന്ന് വിദ്യാര്‍ഥികളിലേക്ക് ഇത്തരം സ്റ്റാമ്പുകള്‍ ഒഴുകുകയാണ്.

മയക്കുമരുന്നിന്റെ കെണിയില്‍ ആരും പെട്ടുപോകാം. എത്ര ധാര്‍മിക ചുറ്റുപാടില്‍ വളരുന്ന കുട്ടിയാണെങ്കിലും.അത്രമേല്‍ ആസൂത്രിതമായ രീതിയിലാണ് മയക്കുമരുന്ന് കണ്ണികള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഞെട്ടിക്കുന്നതാണ്. വീടിന് പുറത്തിറങ്ങിയാല്‍,മയക്കുമരുന്നിന്റെ ചതിക്കുഴികള്‍ ഒളിച്ചിരിക്കാത്ത ഇടങ്ങള്‍ വളരെ കുറവ്. സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, തൊഴിലിടങ്ങള്‍,കളിസ്ഥലങ്ങള്‍,കവലകള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ആ ചതിക്കുഴികള്‍ വ്യാപകമാണ്.

സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വെള്ളക്കുപ്പിയില്‍ ഈ ഗുളികയിട്ട് ലയിപ്പിക്കുന്ന വിദ്യാര്‍ഥികളുണ്ട്. ക്ലാസിലിരിക്കെ ഇടക്കിടെ അവര്‍ കുപ്പിതുറന്ന് വെള്ളം കുടിക്കുന്നു.  ആര് സംശയിക്കാന്‍? ചോക്ലേറ്റ് രൂപത്തിലുള്ള മയക്കുമരുന്നുകളും ഇന്ന് സജീവമാണ്. ഉന്മാദം ലഭിക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ കണ്ടെത്തുന്ന പുതിയ മാര്‍ഗങ്ങള്‍ നവീനങ്ങളാണ്. പെട്രോള്‍, ഫെവികോള്‍, വൈറ്റ്നര്‍, നെയില്‍ പോളിഷ്, ഷൂ പോളിഷ്, ഷൂ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ, വേദനാ സംഹാരി, ഗുളികകള്‍,ഇപ്പോഴിതാ സാനിറ്റൈസറും തുടങ്ങിയവ ഉന്മാദം കണ്ടെത്താന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. വിലകൂടിയ മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാത്തവരും മുട്ടുന്നത് ഈ വാതിലുകള്‍ തന്നെ.

ദുരൂഹ സാഹചര്യത്തില്‍ പല കുട്ടികളും മരണപ്പെടുന്നുണ്ട്. അതില്‍ പലതും മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലമാണ്. മാനഹാനി ഭയന്ന് രക്ഷിതാക്കള്‍ തുറന്നു പറയുന്നില്ല എന്നുമാത്രം.കടുത്ത മാനസിക സംഘര്‍ഷം, വിഷാദ രോഗം, മനോവിഭ്രാന്തി, ലൈംഗിക ബലഹീനത, അപസ്മാരം, അകാരണമായ സന്തോഷവും ദുഃഖവും, നിരാശ, ആത്മധൈര്യം ചോര്‍ന്നു പോകല്‍ തുടങ്ങിയവയിലേക്ക് നയിക്കുന്നു.

വീണ്ടും ഒരിക്കല്‍ക്കൂടി ലഹരി വിരുദ്ധദിനം കടന്നു വരുമ്പോള്‍ നാം നമ്മുടെ പുതിയ തലമുറയെ ഓര്‍ക്കണം. കുട്ടികള്‍ക്ക് സ്നേഹവും വാത്സല്യവും പരിഗണനയും വേണ്ടുവോളം നല്‍കണം. എന്തും എപ്പോഴും പരസ്പരം തുറന്നുപറയാന്‍ കഴിയുന്ന വിധം സുഹൃത്തുക്കളായി മാറണം രക്ഷിതാക്കളും മക്കളും.എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. സംരക്ഷിക്കാനും സ്നേഹിക്കാനും ഒരു പ്രശ്നം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് നേരിടാനും കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഇത്തരം ശീലങ്ങളിലേക്ക് ഒരിക്കലും തിരികെപ്പോകാതിരിക്കാന്‍ നമ്മുടെ കുട്ടികളെ സ്വയം പ്രേരിപ്പിക്കും. അതെ മയക്കുമരുന്നിനെക്കുറിച്ചുള്ള വസ്തുതകള്‍ നമുക്ക് പങ്കിടാം,ഒരു ജീവനെങ്കിലും രക്ഷിക്കാം.

ടോണി ചിറ്റിലപ്പിള്ളി

(സീറോ മലബാര്‍സഭാ അല്‍മായ ഫോറം സെക്രട്ടറിയാണ് ലേഖകന്‍)

Latest News