Friday, January 24, 2025

മക്കള്‍ക്ക് ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാന്‍ പാടുപെടുന്ന അമ്മമാര്‍; കെനിയയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍

കെനിയയിലെ ചില കുടുംബങ്ങള്‍ ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ, അല്ലെങ്കില്‍ കഴിക്കാറേയില്ല. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് കാരണം.

ഫ്‌ലോറന്‍സ് കംബുവ എന്ന നാല്‍പ്പതുകാരി സ്ത്രീ അവരുടെ വീടിന് പുറത്തുള്ള മാലിന്യകൂമ്പാരത്തിലൂടെ പുലര്‍ച്ചെ തിരയുകയാണ്. തലസ്ഥാന നഗരിയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്, ഗ്ലാസുകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് അവര്‍ മാലിന്യക്കൂമ്പാരത്തില്‍ തപ്പുന്നത്.

കറുത്ത സ്വെറ്ററും മുട്ടോളം പൊക്കമുള്ള പ്ലാസ്റ്റിക് ബൂട്ടും ധരിച്ചാണ്, ചീഞ്ഞളിഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ നാപ്കിനുകളും കൊണ്ടു കുന്നുകൂടിയ മാലിന്യത്തിലൂടെ നടക്കുന്നത്. അപകടകരവും അത്യന്തം ദയനീയവുമായ ജോലിയാണ് കാശിനായി അവള്‍ ചെയ്യുന്നത്. കാരണം ആറ് മക്കളുടെ അമ്മയായ അവര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ‘ചിലപ്പോള്‍ എനിക്ക് ഡയറിയ പിടിച്ചേക്കാം, ചിലപ്പോള്‍ അണുബാധയുണ്ടാകും. പക്ഷേ എനിക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞാന്‍ സഹിച്ചുനില്‍ക്കുകയാണ്’. കംബുവ പറയുന്നു.

ശോഭനമായ ഭാവി പ്രതീക്ഷിച്ച് 19 വര്‍ഷം മുമ്പ് കിഴക്കന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ മെട്രോപോളിസായ നെയ്റോബിയിലേക്ക് അവള്‍ ആദ്യം താമസം മാറിയതാണ് അവര്‍. ആ സമയത്ത്, അവള്‍ക്ക് ജോലി നഷ്ടപ്പെട്ടു, അവളുടെ മക്കളുടെ പിതാവ് അവളെ ഉപേക്ഷിച്ചു, നഗരത്തിന് കുറുകെയുള്ള ഒരു പുതിയ അതിവേഗ പാതയ്ക്കായി അവള്‍ സ്ഥാപിച്ച ചെറിയ ഭക്ഷണശാല അധികൃതര്‍ പൊളിക്കുകയും ചെയ്തു.

അതുകൊണ്ടാണ് സാഹസികമായ പുതിയ വരുമാനമാര്‍ഗം അവള്‍ കണ്ടെത്തിയത്. കാരണം ആറു മക്കള്‍ക്കും തനിക്കും ഭക്ഷണത്തിനുള്ള വക അവള്‍ക്ക് കണ്ടെത്തേണ്ടതുണ്ട്. പ്രതിദിനം 100 കെനിയന്‍ ഷില്ലിംഗ ഇപ്പോള്‍ അവള്‍ വേസ്റ്റ് പ്ലാസ്റ്റിക് പെറുക്കി വിറ്റ് ഉണ്ടാക്കുന്നു. അതുകൊണ്ട് ദിവസത്തില്‍ രണ്ടു തവണ ഭക്ഷണം വാങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിരിക്കുന്ന ഭക്ഷ്യ വിലവര്‍ധന അവള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ അവള്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് അവളുടെ കുടുംബത്തെ പോറ്റുന്നത്. ചിലപ്പോള്‍ ഒരു നേരം പോലും ഭക്ഷണം ഉണ്ടാകില്ല.

കെനിയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് വാര്‍ഷിക ഭക്ഷ്യ പണപ്പെരുപ്പം 2021 മെയ് മാസത്തേക്കാള്‍ 12.4% ഉയര്‍ന്നുവെന്നാണ്. കെനിയയില്‍ കൃഷി ചെയ്യുന്നതും അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ചോളമാണ് ഇപ്പോള്‍ മിക്ക വീടുകളിലും ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനും ക്ഷാമമുണ്ടെന്ന് യുണൈറ്റഡ് ഗ്രെയിന്‍ മില്ലേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ കെന്നഡി ന്യാഗഹ് പറയുന്നു.

അപര്യാപ്തമായ മഴയും രാസവളങ്ങള്‍ പോലുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണമുള്ള വിളനാശമാണ് ഭക്ഷ്യ പ്രതിസന്ധിയ്ക്ക് കാരണമായി പറയുന്നത്. യുക്രെയ്‌നില്‍ നിന്ന് വളരെ അകലെയാണെങ്കിലും, യുദ്ധത്തിന്റെ ആഘാതവും ഇന്ധനത്തിന്റെയും രാസവളത്തിന്റെയും വില വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.

കെനിയയില്‍ ഓഗസ്റ്റ് 9-ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജീവിതച്ചെലവ് ഉയരുന്നത്. പ്രസിഡന്റ് ഉഹുറു കെനിയാട്ടയുടെ പിന്‍ഗാമിയായി മത്സരിക്കുന്ന രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ ഈ വിഷയം പ്രാധാന്യമര്‍ഹിക്കുന്നു.

Latest News