Monday, November 25, 2024

വയോധികര്‍ മാത്രം അവശേഷിക്കുന്ന വിജന നഗരം; പത്തനംതിട്ട ജില്ലയിലെ കുമ്പനാട് ഒരു സൂചനയോ?

ജനസംഖ്യയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ മുമ്പില്‍ നില്‍ക്കുമ്പോഴും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ജനസംഖ്യാ പ്രതിസന്ധി വളരെ രൂക്ഷമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിന് പ്രധാന കാരണമായി കണ്ടെത്തിയത് കുടിയേറ്റമാണ്. ചെറുപ്പക്കാര്‍ ഭൂരിഭാഗവും വിദേശങ്ങളിലേയ്ക്ക് കുടിയേറുമ്പോള്‍, പ്രായമായവര്‍ മാത്രം അവശേഷിക്കുന്ന ‘പ്രേത നഗരങ്ങളായി’ ഇന്ത്യയിലെ പലയിടവും മാറുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കുമ്പനാട് ഇത്തരത്തിലുള്ള ഒരു നഗരമാണ്. ഇവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് ബിബിസി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിങ്ങനെ….

സ്‌കൂളുകളില്‍ ആവശ്യത്തിന് കുട്ടികളില്ല എന്നതാണ് കുമ്പനാട് നേരിടുന്ന പല പ്രശ്‌നങ്ങളില്‍ ഒന്ന്. വിദ്യാര്‍ത്ഥികള്‍ വിരളമായതിനാല്‍ അധ്യാപകര്‍ക്ക് അവരെ തേടി പോകേണ്ടിവരുന്നു. വിദ്യാര്‍ഥികളെ തേടി വീടുവീടാന്തരം കയറിയിറങ്ങുകയും ചെയ്യുന്നു. വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കേണ്ട അവസ്ഥയും അധ്യാപകര്‍ക്കുണ്ട്. കുമ്പനാട്ടെ, 150 വര്‍ഷം പഴക്കമുള്ള ഒരു സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ ഇപ്പോഴുള്ളത് വെറും 50 വിദ്യാര്‍ത്ഥികളാണ്. 1980 കളുടെ അവസാനം വരെ 700 ല്‍ കുറയാതെ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളാണിത്. ‘നമുക്ക് എന്തുചെയ്യാന്‍ കഴിയും ഈ നഗരത്തില്‍ കുട്ടികളില്ല. ഇവിടെ ആളുകള്‍ താമസിക്കുന്നില്ല’. പ്രിന്‍സിപ്പല്‍ ജയദേവി ആര്‍ പരിഭവത്തോടെ പറഞ്ഞു. പ്രദേശത്തെ സ്വകാര്യ സ്‌കൂളുകളിലും സ്ഥിതി സമാനമാണ്. അവിടെയും വിദ്യാര്‍ത്ഥികളെ അന്വേഷിക്കാന്‍ മാനേജ്‌മെന്റ് അധ്യാപകരെ അയയ്ക്കുന്നു. നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂളില്‍ കഷ്ടിച്ച് 70 വിദ്യാര്‍ത്ഥികള്‍ മാത്രമേയുള്ളൂ.

47% ആളുകളും 25 വയസ്സിന് താഴെയുള്ള രാജ്യത്താണ് ഇതെന്ന് ഓര്‍ക്കണം. അതായത് 1990-കളുടെ തുടക്കത്തില്‍ ഇന്ത്യ സമ്പദ്വ്യവസ്ഥ ഉദാരവല്‍ക്കരിച്ചതിന് ശേഷമാണ് രാജ്യത്തെ മൂന്നില്‍ രണ്ട് ഭാഗവും ജനിച്ചത്.

ജനസംഖ്യ കുറയുകയും പ്രായമായവര്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്ന പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്താണ് കുമ്പനാട് സ്ഥിതി ചെയ്യുന്നത്. കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള പച്ചപ്പു നിറഞ്ഞ ഗ്രാമങ്ങളിലുമായി 25,000-ത്തോളം ആളുകള്‍ വസിക്കുന്നു. ഇവിടെയുള്ള 11,118 വീടുകളില്‍ ഏകദേശം 15 ശതമാനവും പൂട്ടിക്കിടക്കുന്നത്, ഉടമകള്‍ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്ന് പ്രാദേശിക വില്ലേജ് കൗണ്‍സില്‍ മേധാവി ആശ സിജെ പറയുന്നു.

കുമ്പനാട്ടെ ആശുപത്രി, സര്‍ക്കാര്‍ ക്ലിനിക്ക്, 30-ലധികം ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍, മൂന്ന് വൃദ്ധസദനങ്ങള്‍ എന്നിവയെല്ലാം നഗരത്തിലെ വൃദ്ധ ജനസംഖ്യയിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. ഇവിടുത്തെ ബാങ്കുകളിലേയ്ക്ക് ലോകമെമ്പാടും താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ നഗരവാസികള്‍ പണമടയ്ക്കാന്‍ മത്സരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ബാങ്കുകളുള്ള ഗ്രാമ പഞ്ചായത്താണ് കുമ്പനാട്. മധ്യതിരുവിതാംകൂറിലെ പ്രവാസികളുടെ ഹബ്ബ് എന്ന പദവിയുള്ളതിനാലാണ് ബാങ്കുകള്‍ ശാഖയുമായി കുമ്പനാട്ടെത്തുന്നത്. പ്രതിവര്‍ഷം 3000 കോടിയോളം രൂപയാണ് പത്തനംതിട്ട ജില്ലയിലേയ്‌ക്കെത്തുന്ന പ്രവാസി നിക്ഷേപം. കഴിഞ്ഞ വര്‍ഷം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് ഇന്ത്യ സ്വരൂപിച്ച 100 ബില്യണ്‍ ഡോളറിന്റെ 10 ശതമാനവും കേരളത്തിലേക്കാണെന്നതും ശ്രദ്ധേയം.

സംസ്ഥാനത്ത് പരമാവധി രണ്ടു കുട്ടികളാണ് ശരാശരി കുടുംബങ്ങളിലുള്ളത്. കുറഞ്ഞത് 30 വര്‍ഷമായി ഇത്തരം ചെറിയ കുടുംബങ്ങള്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതും. അവരാകട്ടെ മാതാപിതാക്കളെ വീട്ടില്‍ ഉപേക്ഷിച്ച് വിവിധ അവസരങ്ങള്‍ തേടി രാജ്യത്തിനകത്തും പുറത്തും അതിവേഗം കുടിയേറുകയും ചെയ്യുന്നു.

‘വിദ്യാഭ്യാസം കുട്ടികളെ മെച്ചപ്പെട്ട ജോലിയും ജീവിതവും ആഗ്രഹിക്കുന്നവരാക്കി മാറ്റുകയും അവര്‍ കുടിയേറുകയും ചെയ്യുന്നു. അവരുടെ ജന്മസ്ഥലങ്ങള്‍ പിന്നീട് അവരുടെ പ്രായമായ മാതാപിതാക്കളാല്‍ നിറയുന്നു. അവരില്‍ പലരും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്യുന്നു’ മുംബൈ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിലെ പ്രൊഫ. കെ.എസ്. ജെയിംസ് പറഞ്ഞു.

കുമ്പനാട്ടെ അയല്‍പക്കങ്ങള്‍ വിജനമാണ്. മരച്ചീനി, വാഴ, തേക്ക് മരങ്ങള്‍ എന്നിവയുടെ സമൃദ്ധമായ ഭൂപ്രകൃതിക്ക് നടുവില്‍, വിശാലമായ മുറ്റങ്ങളുള്ള സുന്ദരമായ വലിയ വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു, ഉണങ്ങിയ ഇലകള്‍ കൊണ്ട് മുറ്റവും പൊടിയാല്‍ കാറുകളും മൂടപ്പെട്ടിരിക്കുന്നു. കാവല്‍ നായ്ക്കളുടെ സ്ഥാനം സിസിടിവി ക്യാമറകള്‍ ഏറ്റെടുത്തു. എങ്കിലും ആളൊഴിഞ്ഞ വീടുകള്‍ സ്ഥിരമായി ഉടമസ്ഥര്‍ ചായം പൂശാറുണ്ട്.

ഇതൊക്കെയാണെങ്കിലും പ്രായമായ ആളുകളും അടച്ചുറപ്പുള്ള വീടുകളും ഉള്ള ഈ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്. ആളുകള്‍ അധികം പണവും വിലപിടിപ്പുള്ള വസ്തുക്കളും വീട്ടില്‍ സൂക്ഷിക്കാത്തതിനാല്‍ മോഷണം അപൂര്‍വമാണെന്ന് പോലീസ് പറഞ്ഞു. ചില വീടുകളില്‍ മൊബൈല്‍ അലാറങ്ങള്‍ ഉണ്ട്. അതിനാല്‍ അവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ അയല്‍ക്കാരെ അറിയിക്കാനാകും. വാര്‍ദ്ധക്യം മാത്രമാണ് ഇവിടെ പ്രശ്നമെന്ന് കുമ്പനാട് വയോജന കേന്ദ്രം നടത്തുന്ന ഫാദര്‍ തോമസ് ജോണ്‍ പറഞ്ഞു. തുറസ്സായ സ്ഥലങ്ങളും വിശാലമായ വാതിലുകളും ഇടനാഴികളുമുള്ള മൂന്ന് വൃദ്ധസദനങ്ങള്‍ പട്ടണത്തിലുണ്ട്. അവിടെ മിക്കവാറും എല്ലാവരും കിടപ്പിലായവരാണ്. അവരുടെ കുടുംബങ്ങള്‍ അവരുടെ പരിചരണത്തിനായി പ്രതിമാസം പണം നല്‍കുന്നു. ചിലരെല്ലാം ഉപേക്ഷിക്കപ്പെട്ടവരുമാണ്. ‘മിക്ക ചെറുപ്പക്കാരും വിദേശത്താണ് താമസിക്കുന്നത്, വളരെ പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് മാറ്റുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല’. ഫാദര്‍ ജോണ്‍ പറഞ്ഞു.

പത്തനംതിട്ട ജില്ല മാത്രമല്ല, കേരളത്തിലെ പല ജില്ലകളും സമാന സ്ഥിതിയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കുടിയേറ്റം അത്രമേല്‍ ശക്തമാണ്. അതുകൊണ്ടു തന്നെ കുമ്പനാട് ഒരു വലിയ സൂചനയാണ് കേരളത്തിനും രാജ്യത്തിനൊന്നാകെയും നല്‍കുന്നത്.

 

 

Latest News