‘ബജറ്റ്’ എന്ന വാക്കിന്റെ ഉത്ഭവം
ലെഥര്‍ ബ്രീഫ്കേസ് എന്നര്‍ത്ഥം വരുന്ന ബാഗറ്റ് എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് ബജറ്റ് എന്ന വാക്ക് ഉത്ഭവിച്ചത്. ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവില്‍ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ആ രാഷ്ട്രത്തിന്റെ/സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭാരതത്തിന്റെ ഭരണഘടനയുടെ 202-ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഓരോ സംസ്ഥാനത്തിന്റെയും ഗവര്‍ണ്ണര്‍മാര്‍ ഓരോ സാമ്പത്തിക വര്‍ഷത്തെ സംബന്ധിച്ചും, വാര്‍ഷിക ധനകാര്യ പത്രിക എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള, സംസ്ഥാനത്തിന്റെ ആ വര്‍ഷത്തെ വരവ് ചെലവ് അടങ്കല്പ്പത്രിക നിയമ നിര്‍മ്മാണ സഭയുടെ മുന്‍പാകെ വെയ്ക്കേണ്ടതാണെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഈ രേഖയാണ് പ്രസ്തുത സംസ്ഥാനത്തിന്റെ ആ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എന്ന് പൊതുവായി അറിയപ്പെടുന്നത്.
ബജറ്റ് തയാറാക്കല്‍
1. ഓരോ വര്‍ഷവും ജൂലൈ മാസത്തില്‍ അടുത്ത വര്‍ഷത്തേയ്ക്കുള്ള വകുപ്പിന്റെ വരവു ചെലവു എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ബജറ്റ് വിഭാഗം, എല്ലാ വകുപ്പു തലവന്മാര്ക്കും, എസ്റ്റിമേറ്റ് തയ്യാറാക്കുന്ന മറ്റ് ഉദ്യോഗസ്ഥന്മാര്ക്കും സര്‍ക്കുലര്‍ അയയ്ക്കുന്നു. നാലു ഘട്ടങ്ങളുള്ള ബജറ്റിന്റെ ആദ്യപടിയാണിത്.
2. വകുപ്പുകളുടെ പദ്ധതിയേതര എസ്റ്റിമേറ്റുകള്‍ സെപ്റ്റംബര്‍ 15-നകവും, പദ്ധതിയെയും, വരുമാനത്തെയും സംബന്ധിച്ച എസ്റ്റിമേറ്റുകള്‍ സെപ്റ്റംബര്‍ 30-നകവും ലഭിക്കുന്നു. എസ്റ്റിമേറ്റുകള്‍ നേരിട്ട് ധനകാര്യ വകുപ്പില്‍ നല്‍കുന്നതോടൊപ്പം അതിന്റെ പകര്‍പ്പുകള്‍ ഒരേ സമയം ഭരണവകുപ്പുകള്‍ക്കും ലഭ്യമാക്കുന്നു. അവ കിട്ടി പത്തു ദിവസത്തിനകം ഭരണ വകുപ്പുകള്‍ എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് അവരുടെ അഭിപ്രായങ്ങള്‍ ധനകാര്യ വകുപ്പിന് അയയ്ക്കുന്നു.
3.ഭരണ വകുപ്പുകളുടെ അഭിപ്രായങ്ങളുടെയും, അക്കൗണ്ടന്റ് ജനറല്‍ ലഭ്യമാക്കുന്ന യഥാര്‍ത്ഥ ചെലവിന്റെ കണക്കുകളുടെയും, ധനകാര്യ വകുപ്പില്‍ ലഭ്യമായ വിവരങ്ങളുടെയും വെളിച്ചത്തില്‍ വകുപ്പുകളുടെ എസ്റ്റിമേറ്റുകള്‍ ധനകാര്യ വകുപ്പ് അതി സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമുള്ളിടത്ത് ഭേദഗതികള്‍ വരുത്തുന്നു. എന്നിട്ട്, ലഭ്യമായ ധനം പുനരവലോകനം ചെയ്യുകയും, പ്രായോഗികമായ വ്യാപ്തിയില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഏകദേശം ഫെബ്രുവരി അവസാനത്തോടെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ബജറ്റ് സജ്ജമാക്കുന്നു.
കേരള ബജറ്റിന്റെ തുടക്കം
നിയമസഭാ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് സെക്രട്ടറിയേറ്റ് എന്ന ആശയം തന്നെ ഉടലെടുത്തത്. 1865-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിന് തറക്കല്ലിടുന്നത്. സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി 1869 ആഗസ്റ്റ് മാസം 23 ന് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. ഹജൂര്‍ കച്ചേരി, പുത്തന്‍കച്ചേരി എന്നീ പേരുകളിലാണ് ആദ്യ കാലങ്ങളില്‍ സെക്രട്ടറിയേറ്റ് അറിയപ്പെട്ടിരുന്നത്.
പിന്നീട് 1949 ആഗസ്റ്റ് 25-ലെ ഒരു സര്‍ക്കുലര്‍ പ്രകാരം സെക്രട്ടറിയേറ്റ് ഗവണ്മെന്റ് സെക്രട്ടേറിയറ്റ് എന്നറിയപ്പെട്ടു തുടങ്ങി. അങ്ങനെ ധനകാര്യ വകുപ്പ് രൂപം കൊള്ളുന്നു. ഭരണ നവീകരണ വികസന പദ്ധതികളുടെ ഭാഗമായി 1871 -ല്‍ കേണല്‍ മണ്‍ട്രോയുടെയും റാണി ലക്ഷ്മീഭായിതമ്പുരാട്ടിയുടേയും ഉത്തരവുകള്‍ പ്രകാരം രൂപീകരിച്ച വകുപ്പുകളില്‍ ഒന്നായിരുന്നു ധനകാര്യ വകുപ്പ്. സംസ്ഥാന ഭരണ സംവിധാനത്തിലെ മുഖ്യപങ്കു വഹിക്കുന്ന വകുപ്പാണിത്. ധനകാര്യ വകുപ്പിന്റെ അവലോകനമാണ് ബജറ്റ് പ്രസംഗം.
ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ്
1957 ജൂണ്‍ ഏഴിനാണ് ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരണമുണ്ടായത്. 1957 ലെ ധനമന്ത്രിയായിരുന്ന സി. അച്യുതമേനോന് ആണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഒന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലായിരുന്നു അന്നത്തെ ബജറ്റ് അവതരണം നടന്നത്. ഇ.എം.എസ് ആയിരുന്നു മുഖ്യമന്ത്രി. പി.ടി ചാക്കോ ആയിരുന്നു അന്നത്തെ പ്രതിപക്ഷനേതാവ്. ശങ്കരനാരായണന് തമ്പി ആയിരുന്നു നിയമ സഭാ സ്പീക്കര്‍. അതായത്, ഐക്യ കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ചിട്ട് 66 വര്‍ഷം പിന്നിട്ടു.
കെ എം മാണിയും കേരള ബജറ്റും
13 ബജറ്റുകള്‍ എന്ന അടുത്തകാലത്തൊന്നും ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോഡുമിട്ടാണ് കെ.എം മാണി വിട വാങ്ങിയത്. അദ്ദേഹം അവതരിപ്പിച്ച ഓരോ ബജറ്റുകളിലും തന്റേതായ അടയാളം ഉണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി കാര്‍ഷിക പെന്ഷന് മാണി പ്രഖ്യാപിച്ചത് ബജറ്റിലൂടെയാണ്. വിധവാ പെന്‍ഷനുള്‍പ്പെടെ ക്ഷേമ പെന്‍ഷനുകളുടെ തുടക്കക്കാരനും മാണി തന്നെ. 2011ലെ ബജറ്റില്‍ പ്രഖ്യാപിച്ച കാരുണ്യ ചിക്തിസാ സഹായ പദ്ധതിയാണ് കേരളത്തിലെ ജനങ്ങളുടെ മനസില്‍ ഏറെ ഇടംപിടിച്ച പദ്ധതി.
ലോട്ടറിയുടെ വരുമാനം മാരക രോഗങ്ങളാല്‍ വലയുന്ന പാവപ്പെട്ടവരുടെ ചികിത്സക്കായി വഴി മാറ്റിയ പദ്ധതിയിലൂടെ 1,42,000 പേര്‍ക്ക് 1200 കോടി രൂപവിതരണം ചെയ്തു. റബര്‍കൃഷിയെ സ്പര്‍ശിക്കാതെ ഒരു ബജറ്റും മാണി അവതരിപ്പിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടിവരും. ബജറ്റവതരണത്തില്‍ കവിതയും സംസ്കൃത ശ്ലോകങ്ങളും ഉള്‍പ്പെടുത്തി ബജറ്റവതരണത്തിന്റെ വിരസത മാറ്റുന്നതിനുള്ള പൊടിക്കൈക്ക് തുടക്കമിട്ടതും മാണി തന്നെ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചെന്ന റെക്കോര്‍ഡ് മാത്രമല്ല, സംഭവബഹുലമായ ബജറ്റ് അവതരിപ്പിച്ചെന്ന റെക്കോര്‍ഡും മാണിയ്ക്കുള്ളതാണ്. 2015 ലെ ബജറ്റ് അന്നുവരെ കണ്ടിട്ടില്ലാത്ത കോലാഹലങ്ങള്‍ക്കാണ് കേരള നിയമസഭ അന്ന് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിരോധവും തകര്‍ത്ത് പുഞ്ചിരിച്ചുകൊണ്ട് മാണി നിയമസഭയ്ക്കുള്ളില്‍ കയറി അവസാന ബജറ്റ് അവതരിപ്പിച്ച രംഗം കേരളക്കരയ്ക്ക് ഒരിക്കലും മറക്കാനാവില്ല.
ദൈര്‍ഘ്യമേറിയ ബജറ്റ്
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് ടി.എം. തോമസ് ഐസക്കാണ്. മൂന്നു മണിക്കൂര്‍ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ് 2021 ല്‍ ഐസക് അവതരിപ്പിച്ചത്.
അതിന് മുമ്പ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായിരുന്നു. 2016ലായിരുന്നു ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. അന്ന് ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ 54 മിനിട്ട് നീണ്ടു നിന്നു. 2013 ല്‍ കെ. എം മാണിയുടെ രണ്ട് മണിക്കൂര്‍ 50 മിനിട്ട് സമയമാണ് ഉമ്മന്‍ചാണ്ടി മറികടന്നത്.