Monday, November 25, 2024

ഇന്ന് കേരളപ്പിറവി: അറുപത്തിയെട്ടാം പിറന്നാൾ നിറവിൽ കേരളം

ഇന്ന് നവംബർ ഒന്ന്. കേരളപ്പിറവി. മലയാളം സംസാരിക്കുന്ന നാട്ടുരാജ്യങ്ങളെല്ലാം കൂട്ടിച്ചേർത്ത് കേരളം രൂപംകൊണ്ടിട്ട് ഇന്നേക്ക് 68 വർഷങ്ങൾ തികയുകയാണ്. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ ഇന്നത്തെ കേരളം രൂപീകരിക്കപ്പെട്ടത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപതു വർഷത്തിനുശേഷമാണ് കേരളം എന്ന സംസ്ഥാനം രൂപംകൊള്ളുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരമായിരുന്നു മലയാളം സംസാരിക്കുന്ന നാട്ടുരാജ്യങ്ങൾ ഒന്നിച്ചുചേർത്ത് ഒരു സംസ്ഥാനം രൂപീകരിക്കപ്പെട്ടത്.

കേരളം എന്ന പേരിനുപിന്നിൽ നിരവധി കഥകൾ നിലനിൽക്കുന്നു. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. കൂടാതെ, തെങ്ങുകൾ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന പേര് ലഭിച്ചതെന്നും ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും ഐതീഹ്യങ്ങളിൽ പറയപ്പെടുന്നു.

കേരളസംസ്ഥാനം രൂപംകൊണ്ടപ്പോൾ അഞ്ചു ജില്ലകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 14 ജില്ലകളും 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. 1957 ഫെബ്രുവരി 28 നാണ് കേരളത്തിൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള ആദ്യസർക്കാർ അധികാരത്തിൽ വന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോ​ഗ്യം തുടങ്ങിയ മേഖലകളിലും കേരളം ഏറെ മുന്നിലാണ്. എല്ലാ മേഖലകളിലും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവച്ചാണ് കേരളം മുന്നേറുന്നത്.

കേരളം ഇന്ന് അതിന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ എഡിറ്റ് കേരളയുടെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News