സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കണക്കാക്കി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 19 വരെ കടുത്ത ചൂട് തുടരുമെന്നാണ് പ്രവചനം.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില വർദ്ധിച്ചേക്കാം. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ഉയർന്ന് 37 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കും.
അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത കാരണം അനുഭവപ്പെടുന്ന ചൂട് യഥാർത്ഥ താപനിലയേക്കാൾ കൂടുതലായിരിക്കും. ഇത് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

