Monday, November 25, 2024

യുക്രേനിയന്‍ കുട്ടികള്‍ക്കായി കരടിപ്പാവകളെ നെയ്‌തെടുക്കുന്ന സുമനസുകള്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച സമയത്താണ് നോര്‍ത്ത് ഷീല്‍ഡ്‌സില്‍ നിന്നുള്ള ഡേവിഡ് ഫ്രിക്കര്‍ എന്ന 67 കാരന്‍, അഭയാര്‍ത്ഥി കുട്ടികള്‍ക്കായി ‘ഹീറോ ബിയേഴ്‌സ്’ എന്ന പേരില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചത്. ആദ്യം അഭയാര്‍ത്ഥി കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഗ്രൂപ്പിന്റെ ലക്ഷ്യം. നിലവില്‍ കളിപ്പാട്ടങ്ങള്‍ക്ക് പുറമേ പുതപ്പുകള്‍, വസ്ത്രങ്ങള്‍, പരിക്കേറ്റ സൈനികര്‍ക്കുള്ള സോക്‌സുകള്‍ എന്നിവയുള്‍പ്പെടെ രണ്ടായിരത്തോളം ഇനങ്ങള്‍ സംഘം നെയ്‌തെടുക്കുകയും അയച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.

ഇപ്പോള്‍ ഈ കമ്മ്യൂണിറ്റി ഗ്രൂപ്പിലെ അംഗങ്ങളായ സന്നദ്ധപ്രവര്‍ത്തകര്‍ കൈകൊണ്ട് നിര്‍മ്മിക്കുന്ന നൂറുകണക്കിന് വസ്തുക്കള്‍ പ്രത്യേകിച്ച്, ടെഡിബെയറുകള്‍ യുക്രെയ്‌നിലേക്കും സമീപ പ്രദേശങ്ങളിലേയ്ക്കും എത്തുന്നു. ഹംഗേറിയന്‍-യുക്രെയ്ന്‍ അതിര്‍ത്തിയിലുള്ള സഹോണി പട്ടണത്തില്‍ വച്ചാണ് അവ വിവിധയിടങ്ങളിലേയ്ക്കായി വിതരണം ചെയ്യുന്നത്.

യുക്രൈനിലെ കുട്ടികള്‍ക്ക് നല്‍കാനായി അവരുടെ പതാകയിലെ നിറങ്ങളായ നീലയും മഞ്ഞയും നൂലുകള്‍ ഉപയോഗിച്ചാണ് കമ്മ്യൂണിറ്റി ഗ്രൂപ്പിലെ അംഗങ്ങള്‍ കരടിപ്പാവകളെ നെയ്‌തെടുക്കുന്നത്. യുദ്ധത്തില്‍ പലവിധ നഷ്ടങ്ങളും വേദനകളും നേരിടുന്ന കുട്ടികള്‍ക്ക് ‘സ്‌നേഹവും ശക്തിയും ആശ്വാസവും’ പ്രദാനം ചെയ്യുന്നതിനാണ് ഈ കളിപ്പാട്ടങ്ങള്‍ രൂപകല്‍പ്പന ചെയ്ത് അയയ്ക്കുന്നതെന്ന് അവര്‍ പറയുന്നു.

യുദ്ധം ആരംഭിച്ചതോടെ കൈയ്യിലൊതുങ്ങുന്ന അവശ്യ വസ്തുക്കള്‍ മാത്രമെടുത്ത് യുക്രൈനിലെ നിരവധി കുടുംബങ്ങള്‍, കൊച്ചുകുട്ടികളേയും കൊണ്ട് വീടുവിട്ടിറങ്ങുന്നത് കണ്ടാണ് താന്‍ ഈ ദൗത്യത്തില്‍ ഇടപെട്ടതെന്ന് സന്നദ്ധസേവകരില്‍ ഒരാളായ ആന്‍ റൈറ്റ് പറഞ്ഞു.

‘ഈ ചെറിയ കരടിപ്പാവകള്‍ യുക്രൈനിലെ കുട്ടികളുടെ കൈകളിലെത്തിയാല്‍ അത് ആ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ ആശ്വാസമാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കുട്ടികള്‍ ഈ കളിപ്പാട്ടങ്ങള്‍ സ്വീകരിക്കുന്നത് കാണുമ്പോള്‍ അത് ഞങ്ങള്‍ക്കും വലിയ സന്തോഷം നല്‍കുന്നു’. മിസിസ് റൈറ്റ് പറഞ്ഞു.

‘യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, യുക്രൈന്‍ ജനതയെ സഹായിക്കുന്നതിനായി ഞങ്ങളുടെ പങ്ക് വഹിക്കാനും ഏതെങ്കിലും വിധത്തില്‍ അവരെ സഹായിക്കാനും ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ബ്രിസ്റ്റോള്‍, നോര്‍ത്ത് സോമര്‍സെറ്റ് ഏരിയകളില്‍ നിന്ന് ടെഡി ബിയറുകളും കളിപ്പാട്ടങ്ങളും ശേഖരിച്ച് ആരംഭിച്ച ഞങ്ങള്‍ക്ക് വലിയ തോതില്‍ പ്രാദേശിക പിന്തുണ ലഭിച്ചു. പിന്നീടാണ് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഞങ്ങളുടെ ഈ സേവനം അനേകം കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു. അതു തന്നെയാണ് ഇനിയും കൂടുതല്‍ ഉദാരമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതും’. ഈ സന്നദ്ധസംഘടനയുടെ തുടക്കക്കാരനായ ഡേവിഡ് ഫ്രിക്കര്‍ പറയുന്നു.

Latest News