വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ ഭീകരമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിൽ തുടരുന്നതിനിടെ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു.
സൈറ്റ് എൻജിനീയർ രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ, സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെയും തിരിച്ചറിയാത്ത ഒരു മൃതദേഹവും ആണ് ഇന്ന് കണ്ടെടുത്തത്. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ഇനി കാണാതായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരിൽ ഒരാളുടേതാണ് അവസാനം ലഭിച്ച മൃതദേഹമെന്നാണ് അനുമാനിക്കുന്നത്.
സോൺ ഒന്നിൽ നിന്നാണ് ഇന്ന് രാവിലെ മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് പുഴയോട് ചേർന്നുള്ള സോൺ മൂന്നിൽ നടത്തിയ പരിശോധനയിലാണ് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹം കണ്ടെടുത്തത്. ദുരന്തത്തിൽ പുഴയിലേക്ക് വീണുകിടന്ന ബസ്സും മറ്റു വാഹനഭാഗങ്ങളും നീക്കം ചെയ്തതോടെ വെള്ളത്തിന്റെ അളവ് കുറയുകയും തെളിയുകയും ചെയ്തത് പരിശോധനയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്. നിലവിൽ എൻ.ഡി.ആർ.എഫിന്റെ രണ്ട് ടീമുകൾ, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ്, സന്നദ്ധ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

