
“ഞാൻ പരാജയപ്പെട്ടിട്ടില്ല, പ്രവർത്തിക്കാത്ത 10000 വഴികൾ ഞാൻ കണ്ടെത്തി” – തോമസ് ആൽവാ എഡിസൺ.
വൈദ്യുതബൾബിന്റെ നിർമാണത്തിനായുള്ള തന്റെ അന്വേഷണത്തിൽ ഓരോ തവണ പരാജയപ്പെടുമ്പോഴും തോമസ് ആൽവാ എഡിസൺ എന്ന വിഖ്യാതശാസ്ത്രജ്ഞൻ തന്നോടുതന്നെ പറഞ്ഞതും ലോകത്തോടു പങ്കുവയ്ക്കാൻ ആഗ്രഹിച്ചതുമായ ചിന്തയാണ് മുകളിൽ സൂചിപ്പിച്ചത്. പരാജയങ്ങളെ വിജയത്തിലേക്കുള്ള പടവുകളായി കാണാൻ അതുവഴി അദ്ദേഹത്തിനു കഴിഞ്ഞു.
പ്രശസ്‌തനായ സംഗീതസംവിധായകനും ഗായകനുമായ സുനിൽ മേത്ത ഒരിക്കൽ മുംബൈയിൽ കച്ചേരി അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കഴുത്തിലണിഞ്ഞിരുന്ന മാലയിൽനിന്നും പനിനീർപ്പൂക്കൾ കാൽക്കൽ ചിതറിവീണുകൊണ്ടിരുന്നു. കാണികളിലൊരാൾ അദ്ദേഹത്തിന്റെ ഭാര്യയോടു പറഞ്ഞു: “കച്ചേരി കഴിയുമ്പോൾ അദ്ദേഹത്തിന്റെ കഴുത്തിൽ ഒരു ചരട് മാത്രമേ കാണൂ.” അതിനുള്ള ഭാര്യയുടെ മറുപടി ഇതായിരുന്നു: “ആയിരിക്കാം. പക്ഷേ, അപ്പോൾ അദ്ദേഹം റോസാദളങ്ങളുടെ ഒരു മെത്തയിൽ ആയിരിക്കുമല്ലോ.”
എത്ര മഹോഹരമായ ചിന്തയാണെന്നു നോക്കൂ. സാധ്യതകളുടെ കലയായ ജീവിതത്തിൽ സർഗാത്മകമായി ചിന്തിക്കാൻ കഴിയുന്നവർ വിജയിക്കുന്നു എന്നതാണ് വസ്തുത. ഓരോരുത്തരുടെയും ചിന്തകളാണ് അവരവരുടെ ജീവിതത്തിന് വർണ്ണങ്ങൾ പകരുന്നത്. സര്‍ഗാത്മത ഉള്ളവരെന്നാല്‍ കലാപരമായ കഴിവുകളുള്ളവര്‍ എന്ന അർഥത്തിലാണ് പലപ്പോഴും ഉപയോഗിച്ചുകാണുന്നത്. ചിത്രം വരയ്ക്കാന്‍ കഴിവുള്ളവര്‍, പാട്ടു പാടുന്നവർ, എഴുതാന്‍ കഴിവുള്ളവര്‍, അഭിനേതാക്കൾ, ശില്പം നിര്‍മിക്കാന്‍ കഴിവുള്ളവര്‍ എന്നിങ്ങനെയുള്ളവരെ ഭാവനാസമ്പന്നര്‍ എന്ന് നാം വിളിക്കുന്നു. എന്നാൽ, കലാകാരന്മാര്‍ക്കുമാത്രം അവകാശപ്പെട്ടതല്ല ഈ ഭാവനയും സർഗാത്മകതയും. ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രായം, ഭാഷ, ലിംഗ-വർഗഭേദങ്ങളില്ലാതെ ഏവർക്കും ആവശ്യമുള്ളതും പ്രയോഗിക്കുന്നതുമാണ് ഈ സർഗാത്മകത.
ഒരു ചെറിയ ഉദാഹരണം പരിശോധിക്കാം. നിനച്ചിരിക്കാത്ത ഉച്ചനേരത്ത് വീട്ടിലേക്കു കടന്നുവരുന്ന അതിഥികളെ നമ്മുടെ അമ്മമാർ സ്വീകരിക്കുന്നതും വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കിനൽകുന്നതും ശ്രദ്ധിച്ചിട്ടില്ലേ? സവിശേഷമായ ക്രിയേറ്റിവിറ്റിയാണ് ഇക്കാര്യത്തിൽ നമ്മുടെ അമ്മമാർ പ്രകടിപ്പിക്കുന്നത്.
തൊഴിലിടങ്ങളിൽ, വസ്ത്രധാരണത്തിൽ, കാഴ്ചപ്പാടുകളിൽ, സൗഹൃദങ്ങളിൽ, മറ്റുള്ളവരെ മനസ്സിലാക്കുന്നതിൽ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എല്ലാം സർഗാത്മകത ആവശ്യമാണ്. സര്‍ഗാത്മകത നമ്മുടെ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. പാരമ്പര്യമായി പകർന്നു കിട്ടുന്ന ഒന്നല്ല അത്, മറിച്ച് കഠിനപരിശ്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ടതാണ്. കുട്ടികളില്‍ ഭാവനാശേഷി വളര്‍ത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വമായി കണക്കാക്കപ്പെടുന്നു. ഭാവനാശൂന്യരായ ഒരു തലമുറയ്ക്ക് നാടിനെ മുന്നോട്ടുനയിക്കാന്‍ കഴിയില്ല എന്ന വസ്തുത നാം ഓരോരുത്തരും മറക്കരുത്.
പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം, തോൽക്കുമോ എന്ന ഭയമില്ലാതെ പ്രവർത്തികളിൽ ഏർപ്പെടാനുള്ള ധൈര്യം എന്നിവയാണ് സർഗാത്മകമായ ഒരു ജീവിതം കെട്ടിപ്പെടുക്കാൻ നമുക്കു വേണ്ടത്. ഇത്തരക്കാർ മാനവരാശിക്കു നൽകിയിട്ടുള്ള സംഭാവനകൾ അതുല്യമാണ്.
തിരക്കുപിടിച്ച ഈ ജീവിതയാത്രയിൽ അല്പസമയം നമുക്ക് ചിന്തകളുടെ ലോകത്ത് സ്വതന്ത്രസഞ്ചാരം നടത്താൻ കഴിയണം. അപ്പോൾ നമുക്കു ലഭിക്കുന്ന തെളിമയുള്ള ചിന്തകൾ നമ്മെ ജീവിതവിജയത്തിന്റെ തീരങ്ങളിലേക്കു നയിക്കും.
ഡോ. സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)
(തുടരും)