Thursday, June 18, 2026

വിദ്വേഷത്തിന്റെ മതിലുകൾ തകരട്ടെ

ഡോ. സെമിച്ചൻ ജോസഫ്

ലോകത്തിന്റെ ഗതിവിഗതികൾ മാറ്റിമറിച്ച, വിപ്ലവങ്ങൾ സൃഷ്ടിച്ച, ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗകലയിൽ അഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് ഒരു സമൂഹത്തിന്റെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് തെളിയിച്ച അനേകം മഹാരഥന്മാരെ ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കണ്ടുമുട്ടാൻ കഴിയും. അവരുടെ വാക്കുകൾ സഞ്ചരിച്ചത് ചുണ്ടിൽ നിന്നും ചെവികളിലേക്കല്ല, മറിച്ച് കേൾവിക്കാരുടെ ഹൃദയങ്ങളിലേക്കാണ്. സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ‘ചിക്കാഗോ പ്രസംഗ’വും മാർട്ടിൻ ലൂഥർ കിംഗിന്റെ ‘എനിക്കൊരു സ്വപ്നമുണ്ട്…’ എന്ന് ആരംഭിച്ച പ്രസംഗവുമെല്ലാം പതിറ്റാണ്ടുകൾക്കിപ്പുറവും ജനമനസ്സുകളിൽ ജീവിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ, ജനസാമാന്യത്തെ സോദ്ദേശ്യപരമായ ലക്ഷ്യങ്ങളിലേക്ക് നയിക്കുക മാത്രമല്ല ചരിത്രത്തിൽ പ്രാസംഗികർ ചെയ്തിട്ടുള്ളത്. അഡോൾഫ് ഹിറ്റ്ലറും ഡൊണാൾഡ് ട്രംപും വരെ അറിയപ്പെടുന്ന പ്രഭാഷകരായിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോൾ നമുക്കത് മനസ്സിലാക്കാം. വാക്കുകൾക്ക് നിർമ്മിതി എന്നപോലെ അഗാധമായ തകർച്ചയും സൃഷ്ടിക്കാൻ കഴിയുമെന്ന് ചരിത്രം തെളിയിക്കുന്നു.

വിദ്വേഷപ്രസംഗങ്ങൾക്കെതിരെയും ഒരു ദിനം

വിവിധ സമൂഹങ്ങളിൽ വിദ്വേഷപ്രസംഗങ്ങൾ സൃഷ്ടിച്ച അശാന്തിയും അരക്ഷിതാവസ്ഥയും ലോകമെമ്പാടും ഗുരുതരമായ ആശങ്കയായി മാറിയിരിക്കുകയാണ്. ലോകമെമ്പാടും വിദ്വേഷപ്രസംഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. അക്രമത്തിന് പ്രേരണ നൽകാനും സാമൂഹിക ഐക്യത്തിനും സഹിഷ്ണുതയ്ക്കും തുരങ്കം വയ്ക്കാനും ബാധിക്കപ്പെട്ടവർക്ക് മാനസികവും വൈകാരികവും ശാരീരികവുമായ ദോഷം വരുത്താനും കഴിയുന്ന പ്രസംഗങ്ങൾ നിയന്ത്രിക്കേണ്ടത് നമ്മുടെ സാമൂഹ്യാരോഗ്യത്തിന് അനിവാര്യമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ജൂൺ 18 വിദ്വേഷപ്രസംഗത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ യുഎൻ ജനറൽ അസംബ്ലി തീരുമാനിച്ചത്.

യുഎൻ പറയുന്നതനുസരിച്ച്, മതം, ദേശീയത, വംശം, നിറം, ലിംഗം അല്ലെങ്കിൽ മറ്റേതെങ്കിലും ഐഡന്റിറ്റി ഫാക്ടർ എന്നിവയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയെയോ, ഗ്രൂപ്പിനെയോ ആക്രമിക്കുകയോ, വിവേചനം കാണിക്കുകയോ ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള സംഭാഷണമോ, എഴുത്തോ, പെരുമാറ്റമോ ആണ് വിദ്വേഷപ്രസംഗം (Hate Speech). അസ്ഥിരമായ ലോകത്ത് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ആയുധമാകരുത് നമ്മുടെ വാക്കുകളെന്ന് ഈ ദിനാചരണം നമ്മെ  ഓർമ്മപ്പെടുത്തുന്നു.

നവമാധ്യമ കാലവും ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളും

വിദ്വേഷപ്രസംഗം ലക്ഷ്യമിടുന്നത് നിർദിഷ്ട വ്യക്തികളെയും ഗ്രൂപ്പുകളെയും മാത്രമല്ല, സമൂഹത്തിന്റെ ആകെ നിലനിൽപ്പിനെത്തന്നെയാണെന്ന് സമകാലിക സംഭവങ്ങൾ അടിവരയിടുന്നു. നമ്മുടെ രാഷ്ട്രീയനേതാക്കന്മാരും മത-സാമുദായിക-സാംസ്കാരിക നായകന്മാരുമെല്ലാം ഈ കാര്യത്തിൽ അതീവസൂക്ഷ്മത പുലർത്തേണ്ടതുണ്ട്.

“വിദ്വേഷം അപകടകരമാണ് – അതിനാൽത്തന്നെ അതിനെതിരായ പോരാട്ടം നമ്മുടെ കടമയാണ്” എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മാനവരാശിയെ ഓർമ്മപ്പെടുത്തുന്നു.

വിദ്വേഷത്തിന്റെ വിനാശകരമായ ഫലം ദുഃഖകരമെന്നു പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, അതിന്റെ അളവും സ്വാധീനവും ആശയവിനിമയത്തിന്റെ ഈ പുത്തൻ നവമാധ്യമ കാലത്ത്, പ്രത്യേകിച്ച് ഡിജിറ്റൽ ഇടങ്ങളിൽ വലിയ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സോഷ്യൽ മീഡിയ അൽഗോരിതങ്ങളും വിദ്വേഷപ്രചാരണങ്ങളുടെ വേഗതയും വ്യാപ്തിയും കൂട്ടാൻ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വിദ്വേഷസംഭാഷണങ്ങളുടെ അനിയന്ത്രിതമായ ഈ പോക്ക് തുടർന്നാൽ സമാധാനത്തിനും വികസനത്തിനും ജനങ്ങളുടെ സൗഹാർദപരമായ സുസ്ഥിതിക്കും ഹാനികരമാകുമെന്നു മാത്രമല്ല, അത് വംശീയസംഘർഷങ്ങൾക്കും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കളമൊരുക്കുകയും ചെയ്യും.

ഉൾക്കൊള്ളലും സഹിഷ്ണുതയും

വിദ്വേഷപ്രസംഗത്തിന്റെ ആഗോളഭീഷണിയെ നേരിടാൻ ഡിജിറ്റൽ സാക്ഷരതയും യുവാക്കളുടെ പങ്കാളിത്തവും (Digital Literacy and Youth Engagement) ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ വർഷത്തെ യുഎൻ തീം വിരൽ ചൂണ്ടുന്നത്. ഓൺലൈൻ ഇടങ്ങളിൽ പരസ്പര ബഹുമാനവും വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള മനോഭാവവും വളർത്തിയെടുക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. വെറുപ്പിന്റെ ഡിജിറ്റൽ പ്രചാരകർക്കെതിരെ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ബദൽശബ്ദങ്ങളുയർത്താൻ പുതിയ തലമുറ മുന്നോട്ടുവരണമെന്ന് ഈ വർഷത്തെ ദിനാചരണം ആഹ്വാനം ചെയ്യുന്നു.

നമ്മുടെ കടമ

വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ, സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളർത്തുന്നതോ, ഭരണകാര്യങ്ങൾ തടസ്സപ്പെടുത്തുന്നതോ, ക്രമസമാധാനത്തിന് ഭീഷണിയാകുന്നതോ, മനഃപൂർവമായ വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റെയും പാതയിലേക്ക് നയിക്കുന്നതോ ആയ പ്രവർത്തനങ്ങളിൽ നിന്ന് സ്വമേധയാ മാറിനിൽക്കുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് ചെയ്യാവുന്ന പ്രഥമമായ കാര്യം. വെറുപ്പ് പടർത്തുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും ഷെയർ ചെയ്യാതിരിക്കാൻ നാം ശ്രദ്ധിക്കണം.

അത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ നിതാന്തജാഗ്രതയോടെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിനും ബാധ്യതയുണ്ട്. വിദ്വേഷത്തിന്റെ വാക്കുകളെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷ കൊണ്ട് നമുക്ക് ചെറുക്കാം. നമ്മുടെ വാക്കുകൾ മുറിവേൽപ്പിക്കാനല്ല, മറിച്ച് ഉണക്കാനുള്ളതാകട്ടെ.

ഡോ. സെമിച്ചൻ ജോസഫ്
(മൂവാറ്റുപുഴ നിർമ്മല കോളേജിലെ സാമൂഹ്യപ്രവർത്തന വിഭാഗം അസി. പ്രൊഫസറും പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

LEAVE A REPLY

Please enter your comment!
Please enter your name here

Latest News