കീവില്‍ നിന്നുള്ള ഒരു കുടുംബത്തിന്, റഷ്യന്‍ ആക്രമണം അവരുടെ പ്രായമായ പിതാവിന്റെ ജീവിതത്തിനും ആരോഗ്യത്തിനുമാണ് ഭീഷണിയുയര്‍ത്തിയത്. അതുകൊണ്ട് അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാന്‍ ആ കുടുംബാംഗങ്ങള്‍ യുദ്ധത്തിന്റെ തുടക്കത്തിലേ ശ്രമിച്ചു.
ഫെബ്രുവരി 24 ന് പുലര്‍ച്ചെ 5 മണിക്കാണ് ഖാര്‍കിവിലുള്ള ഒരു സുഹൃത്തില്‍ നിന്ന് സെര്‍ജിക്ക് ആദ്യത്തെ ഫോണ്‍ കോള്‍ വന്നത്. സെര്‍ജിയും അദ്ദേഹത്തിന്റെ കുടുംബവും അപ്പോള്‍ അവരുടെ ജന്മനാടായ കീവില്‍ ആയിരുന്നു. ‘തങ്ങള്‍ ബോംബാക്രമണത്തിന് വിധേയരാണെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു’. വ്ളാഡിമിര്‍ പുടിന്റെ സൈന്യം യുക്രെയ്ന്‍ ആക്രമിച്ച ആദ്യ ദിവസം അനുസ്മരിച്ചുകൊണ്ട് സെര്‍ജി പറഞ്ഞു.
യുദ്ധം രൂക്ഷമായപ്പോള്‍, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പലായനം ചെയ്യാന്‍ സെര്‍ജിയും കുടുംബവും നിര്‍ബന്ധിതരായി. സെര്‍ജി തന്റെ പിതാവിനും ഭാര്യയ്ക്കും ഭാര്യയുടെ അമ്മയ്ക്കും ഒപ്പമാണ് യുക്രെയ്ന്‍ വിട്ടത്. എന്നാല്‍ യാത്രാ മധ്യേ അവരുടെ 84 വയസ്സുള്ള അച്ഛന്‍ ഒലെയുടെ ആരോഗ്യം ക്ഷയിച്ചുവന്നു.
ഇതേസമയം, ഓസ്ട്രേലിയയിലെ മെല്‍ബണിലായിരുന്ന സെര്‍ജിയുടെ സഹോദരി ഔക്‌സാനയ്ക്ക് അവരുടെ അവസ്ഥ കണ്ടു നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. സെര്‍ജിയുടെയും ഒക്‌സാനയുടെയും പിതാവായ ഒലെ റിട്ടയര്‍ ചെയ്ത ആളാണ്. 2020 ലും 2021 ലും ഉണ്ടായ രണ്ട് സ്‌ട്രോക്കുകള്‍ അദ്ദേഹത്തെ വികലാംഗനാക്കിയിരുന്നു. ഇപ്പോള്‍ വീല്‍ചെയറിലാണ് ജീവിതം.
അധിനിവേശത്തിന്റെ തുടക്കം
അധിനിവേശത്തിന്റെ ആദ്യ ദിവസം ഓര്‍ത്തുകൊണ്ട് ഒക്‌സാന പറയുന്നതിങ്ങനെയാണ്: ”ഞാന്‍ മെല്‍ബണില്‍ ജോലിസ്ഥലത്തായിരുന്നു. സഹപ്രവര്‍ത്തകരുമായി ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. ഞാന്‍ ഉച്ചഭക്ഷണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍, വാര്‍ത്തകള്‍ നോക്കി. കീവില്‍ നാല് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അറിഞ്ഞു. ഞാന്‍ ഉടന്‍ തന്നെ സെര്‍ജിയെയും കൈവിലുള്ള മറ്റ് ബന്ധുക്കളെയും വിളിച്ചു. ആദ്യം, സെര്‍ജി അവിടെ തുടരാനാണ് തീരുമാനിച്ചത്. അവിടെ ഓരോ അരമണിക്കൂറിലും ബോംബിംഗും അലാറങ്ങളുമാണെന്നും താനും ഭാര്യയും കുളിമുറിയില്‍ ഒരു കിടക്ക ഉണ്ടാക്കിയതായും സെര്‍ജി പറഞ്ഞു’.
‘ദിവസത്തിന്റെ വലിയൊരു ഭാഗം ഞങ്ങള്‍ ബാത്ത്‌റൂമില്‍ ആയിരുന്നു. പുറത്തേക്ക് പോയി കുറച്ച് ഭക്ഷണം തയ്യാറാക്കാനോ അത് കഴിക്കാനോ സാധിച്ചിരുന്നില്ല. കാരണം അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു’. സെര്‍ജി പറയുന്നു.
പിതാവിന് മെഡിക്കല്‍ സേവനമൊന്നും ലഭിക്കാതായപ്പോഴാണ് എത്രയും വേഗം നഗരം വിടണമെന്ന് സെര്‍ജി തീരുമാനിച്ചത്. മാര്‍ച്ച് 14 ന് രാവിലെ 7 മണിക്ക്, പിതാവിനെ എടുത്ത് കാറില്‍ കയറ്റി സെര്‍ജിയും കുടുംബവും യാത്രയായി. ആ സമയത്ത് റഷ്യന്‍ മുന്‍നിര കീവിന്റെ വടക്കന്‍ പ്രാന്തപ്രദേശങ്ങളെ സമീപിക്കുകയായിരുന്നു. ഹംഗറി, സ്ലൊവാക്യ, പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളിലൂടെ ഡ്രൈവ് ചെയ്താണ് ലാത്വിയയിലെത്തിയത്. യാത്ര വളരെ ദുഷ്‌കരമായിരുന്നു.
‘ഈ യാത്രയില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്‌നം ഇന്ധനത്തിന്റെ അഭാവവും ഇന്ധനം ലഭിക്കാന്‍ വേണ്ടി കാറുകളുടെ വലിയ ക്യൂവുമായിരുന്നു. ഒരു സമയം 10 അല്ലെങ്കില്‍ 20 ലിറ്റര്‍ മാത്രമേ വാങ്ങാന്‍ കഴിയൂ. അതിനാല്‍ ഒരു ഫുള്‍ ടാങ്ക് ലഭിക്കാന്‍ കുറഞ്ഞത് രണ്ടോ മൂന്നോ തവണ നിറയ്ക്കണം. മറ്റൊരു പ്രശ്‌നം പിതാവിന്റെ പ്രാഥമികാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതായിരുന്നു. അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ അത്തരം കാര്യങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. നാപ്കിനുകള്‍ ഉപയോഗിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. അതുകൊണ്ട് അദ്ദേഹം കിടക്കയില്‍ തന്നെ കാര്യം സാധിക്കുകയായിരുന്നു. പിന്നീട് 60 കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തി അദ്ദേഹത്തേ കുളിപ്പിക്കുകയും കിടക്ക കഴുകുകയുമായിരുന്നു. ഏതാനും ദിവസം ഞങ്ങള്‍ അവിടെയാണ് കഴിഞ്ഞത്’. സെര്‍ജി പറയുന്നു.
യുക്രേനിയന്‍ നിയമ പ്രകാരം 18-60 വയസ് പ്രായമുള്ള എല്ലാ പുരുഷന്മാരും നിര്‍ബന്ധിത സൈനിക സേവനത്തിനായി രാജ്യത്ത് തുടരേണ്ടിയിരുന്നു. എന്നാല്‍ സെര്‍ജിയില്ലാതെ അവരുടെ പിതാവിന് കൂടുതല്‍ മുന്നോട്ട് പോകുന്നത് അസാധ്യമായിരുന്നു. കാരണം രണ്ട് സ്ത്രീകള്‍ക്ക് മാത്രം ഈ അവസ്ഥയില്‍ അച്ഛനെ പരിചരിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഒലെ വികലാംഗനാണെന്ന് തെളിയിക്കാന്‍ ഒരു സര്‍ട്ടിഫിക്കറ്റ് ക്രമീകരിക്കുക എന്നതായിരുന്നു അവരുടെ യാത്രയുടെ അടുത്ത ഘട്ടം. അങ്ങനെയെങ്കില്‍ സെര്‍ജിക്ക് അദ്ദേഹത്തിന്റെ പരിചാരകനായി അതിര്‍ത്തി കടക്കാന്‍ കഴിയും.
അവസാനം, അവര്‍ റൊമാനിയ വഴി യുക്രെയ്ന്‍ വിടാന്‍ തീരുമാനിച്ചു. കാരണം റൊമാനിയന്‍ അതിര്‍ത്തിയിലെ കാവല്‍ക്കാര്‍ക്ക് കാര്‍ക്കശ്യം കുറവായിരുന്നുവെന്ന് കേട്ടിരുന്നു. അതുശരിയായിരുന്നു. സെര്‍ജിയെ സുരക്ഷിതമായി റൊമാനിയയിലേക്ക് കടക്കാന്‍ അവര്‍ അനുവദിച്ചു.
എന്നാല്‍ ദീര്‍ഘവും ദുഷ്‌കരവുമായ യാത്ര ഒലെയുടെ ആരോഗ്യത്തെ ബാധിച്ചു. ‘അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടെന്ന് വഷളായിക്കൊണ്ടിരുന്നു. അദ്ദേഹം മിക്കവാറും ഒന്നും കഴിച്ചുമില്ല, ദുര്‍ബലനായി കാണപ്പെടുകയും ചെയ്തു’. സെര്‍ജി പറയുന്നു.
മാര്‍ച്ച് 15 ന് പുലര്‍ച്ചെ 1 മണിക്ക് അവര്‍ പോളണ്ടിലേക്ക് കടന്ന സമയത്താണ് അതു സംഭവിച്ചത്. ഒലെ കുഴഞ്ഞു വീണു. അവര്‍ പെട്ടെന്ന് ഓസ്‌ട്രോ മസോവിക്കയ്ക്ക് സമീപമുള്ള ഒരു ഗ്യാസ് സ്റ്റേഷനില്‍ കാര്‍ നിര്‍ത്തി. ആംബുലന്‍സ് വിളിക്കാന്‍ ആരോടെങ്കിലും ആവശ്യപ്പെടാന്‍ സെര്‍ജി ഒരു കടയ്ക്കുള്ളിലേക്ക് ഓടി. അഞ്ച് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തി. പാരാമെഡിക്കുകള്‍ ഒലെയെ സ്ട്രെച്ചറില്‍ കയറ്റി ആംബുലന്‍സില്‍ പരിശോധന നടത്താന്‍ തുടങ്ങി. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അവര്‍ വീട്ടുകാരോട് പറഞ്ഞു. ആശുപത്രിയില്‍ ഏതാനും ദിവസംകഴിയേണ്ടിയും വന്നു.
വീട്ടുകാര്‍ക്ക് താമസിക്കാന്‍ അവര്‍ ആശുപത്രിയുടെ അടുത്തുതന്നെ ഒരു ഹോസ്റ്റല്‍ കണ്ടെത്തി. തീരെ വൃത്തിയില്ലാത്ത ഇടമായിരുന്നു അത്. ബാത്ത്‌റൂം പോലും ഉപയോഗിക്കാന്‍ കൊള്ളാത്തതായിരുന്നു. അടുത്ത ദിവസം ഒലെയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു. വീണ്ടും അഞ്ച് ദിവസമെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും പറഞ്ഞു.
‘ഞങ്ങളുടെ കൈയ്യില്‍ പരിമിതമായ തുക മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് ഹോസ്റ്റല്‍ വിട്ട് ഞങ്ങള്‍ ഇറ്റലിയിലെ പിയാസെന്‍സ നഗരത്തിലേക്ക് പോയി. അവിടെ ഞങ്ങളുടെ സുഹൃത്ത് ലൂക്കയെ കണ്ടുമുട്ടി. പിതാവ് ആശുപത്രിയില്‍ കഴിയുമ്പോള്‍ ഞങ്ങള്‍ ഇറ്റലിയില്‍ ലൂക്കയ്ക്കൊപ്പം താമസിച്ചു’. സെര്‍ജി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒലെയുടെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിലവില്‍ പിതാവിന് ശരിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് തങ്ങളുടെ അടിയന്തിര മുന്‍ഗണനയെന്ന് ഈ കുടുംബം പറയുന്നു. ‘യുക്രെയ്‌നിലേക്ക് തിരികെ കൊണ്ടുപോകുന്നത് വരെ പോളണ്ടിലോ ലാത്വിയയിലോ അദ്ദേഹത്തിന് ഒരു നല്ല പുനരധിവാസ സൗകര്യം കണ്ടെത്താനാണ് ഇപ്പോള്‍ പദ്ധതി’. അവര്‍ പറഞ്ഞു.
‘ആളുകളുടെ ജീവിതത്തെ നശിപ്പിക്കുകയോ താളം തെറ്റിക്കുകയോ ചെയ്ത, വളരെ സാധാരണവും മാന്യവുമായ നിലനില്‍പ്പിനുള്ള അവകാശം പോലും എടുത്തുകളഞ്ഞതുമായ ഒരു യുദ്ധമായിരുന്നു ഇത്. എന്നാല്‍ യുക്രേനിയക്കാര്‍ എത്ര ശക്തരാണെന്ന് ലോകം മുഴുവന്‍ കാണിച്ചുകൊടുക്കാന്‍ ഈ യുദ്ധം കാരണമായി’. സെര്‍ജി പറയുന്നു.
‘ഈ യുദ്ധത്തില്‍ വിജയിച്ചതിന് ശേഷം, ലോകത്തിലെ ഏറ്റവും വിജയകരവും സന്തോഷകരവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ തീര്‍ച്ചയായും തിരിച്ചുവരും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.