Thursday, January 23, 2025

ചരിത്രം കുറിച്ച പ്രണയകഥകള്‍

വീണ്ടും ഒരു പ്രണയ ദിനം വന്നെത്തിയിരിക്കുന്നു. പ്രണയിക്കുന്നവര്‍ തങ്ങളുടെ സ്‌നേഹത്തെ ദൃഢമാക്കുന്നതിന് പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും ആഘോഷിക്കുന്ന ഒരു ദിനം. ഫെബ്രുവരി 14ന് ലോകം വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്ന ഈ വേളയില്‍, തങ്ങളുടെ ത്യാഗോജ്ജ്വലവും സത്യസന്ധവുമായ പ്രണയം കൊണ്ട് ചരിത്രത്തിലും ജനഹൃദയങ്ങളിലും ഇടം നേടുകയും എക്കാലവും ഓര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന ഏതാനും പ്രണയജോഡികളുടെ ജീവിതത്തെ ഓര്‍ത്തെടുക്കാം…

ഷാജഹാനും മുംതാസ് മഹലും

ഷാജഹാന്‍ ഇന്ത്യയുടെ അഞ്ചാമത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു. മുംതാസ് മഹല്‍ അദ്ദേഹത്തിന്റെ മുഖ്യഭാര്യയും. അവര്‍ക്ക് 14 കുട്ടികളുമുണ്ടായിരുന്നു. ഷാജഹാന്റെ എല്ലാ ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലും മുംതാസ് മഹല്‍ എല്ലാ പിന്തുണയുമായി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എന്നിരുന്നാലും, അവരുടെ 14-ാമത്തെ കുഞ്ഞിന്റെ ജനനസമയത്ത് മുംതാസ് മഹല്‍ മരിച്ചപ്പോള്‍ ഷാജഹാന്‍ ആകെ തകര്‍ന്നു. അവളോടുള്ള സ്‌നേഹത്തിന്റെ അടയാളവും സാക്ഷ്യവുമെന്ന നിലയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ പ്രണയ ചിഹ്നങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന താജ്മഹല്‍ എന്ന ലോകാത്ഭുതം നിര്‍മ്മിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഏറെ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമായ ഈ മഹാസൗധം പോലെ മറ്റൊരു പ്രണയ സ്മാരകം ഇതുവരെയുണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോകുന്നില്ല എന്ന് നിസ്സംശയം പറയാം.

ഡാന്റെയും ബിയാട്രീസും

സാഹിത്യകാരനായ ഡാന്റേ അലിഗിയേരി തന്റെ ജീവിതത്തില്‍ രണ്ടുതവണ മാത്രമാണ് ബിയാട്രിസ് പോര്‍ട്ടിനിയെ കണ്ടുമുട്ടിയത്. ആദ്യം കണ്ടപ്പോള്‍ അദ്ദേഹത്തിന് ഒമ്പത് വയസ്സായിരുന്നു. പിന്നീട് കണ്ടത് അവര്‍ മുതിര്‍ന്നപ്പോഴാണ്. ബിയാട്രീസുമായി രണ്ട് തവണ മാത്രമാണ് ഡാന്റെ കണ്ടുമുട്ടിയതെങ്കിലും, കുലീനയെന്ന് ഡാന്റെ വിശേഷിപ്പിച്ച ഈ ഇറ്റാലിയന്‍ സ്ത്രീയാണ് പാശ്ചാത്യ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതിയായ ‘ദി ഡിവൈന്‍ കോമഡിക്ക്’ പിന്നിലെ പ്രചോദനമെന്ന് ഡാന്റെ വ്യക്തമാക്കിയിട്ടുണ്ട്.

ബാജിറാവുവും മസ്താനിയും

പേഷ്വ ബാജിറാവുവിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മസ്താനിയുടെയും പ്രണയകഥ ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ സുപരിചിതമാണ്. മുഗളര്‍ക്കെതിരായ യുദ്ധത്തില്‍ രജപുത്രരെ സഹായിക്കാന്‍ പോകുന്ന ബാജിറാവു അവിടെ വച്ച് മസ്താനിയുമായി പ്രണയത്തിലാവുന്നു. തുടര്‍ന്ന് മറാത്താ രാജ്യത്ത് ബാജിറാവുവിനെ തേടിയെത്തുന്ന മസ്താനിക്ക് ജാതി, വംശ വേര്‍തിരിവുകളാല്‍ ബാജിറാവുവിന്റെ ബന്ധുക്കളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ഒന്നാകുന്ന ബാജിറാവുവും മസ്താനിയും ബന്ധുജനങ്ങളുടേയും പ്രമാണിമാരുടേയും ദ്വേഷത്തിന് പാത്രമാകുന്നു. തുടര്‍ന്ന് ഏതാനും വര്‍ഷത്തെ ജീവിതത്തിനു ശേഷം മറാത്തയുടെ മണ്ണിലലിയുന്ന പ്രണയവും ദുരന്തവുമായി ബാജിറാവു മസ്താനിമാര്‍ മാറുകയാണുണ്ടായത്.

വിക്ടോറിയ രാജ്ഞിയും ആല്‍ബര്‍ട്ട് രാജകുമാരനും

ജര്‍മ്മന്‍ രാജകുമാരനായ ആല്‍ബര്‍ട്ടിനെ കണ്ടമാത്രയില്‍ത്തന്നെ വിക്ടോറിയ രാജകുമാരി പ്രണയത്തിലായി. അവര്‍ ബന്ധുക്കളുമായിരുന്നു. ദാമ്പത്യജീവിതത്തില്‍ ഗാര്‍ഹിക മൂല്യങ്ങളിലും സ്വയംപര്യാപ്തതയിലും ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ ഒരു മധ്യവര്‍ഗ കുടുംബമായി ജീവിച്ചു. 21 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഇവര്‍ക്ക് 9 കുട്ടികളുമുണ്ടായി. 1861ല്‍ ആല്‍ബര്‍ട്ട് ഇന്‍ഫ്ളുവന്‍സ ബാധിച്ച് മരിച്ചു. അതോടെ വിക്ടോറിയ രാജ്ഞി പൊതുജീവിതത്തില്‍ നിന്ന് പിന്മാറി. വെളുത്ത വിവാഹ വസ്ത്രം ജനപ്രിയമാക്കിയ വിക്ടോറിയ പിന്നീട് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്.

ക്ലിയോപാട്രയും മാര്‍ക്ക് ആന്റണിയും

ക്ലിയോപാട്രയും മാര്‍ക്ക് ആന്റണിയും തമ്മിലുള്ള പ്രണയം ചരിത്രത്തില്‍ ഏറെ പ്രശസ്തമാണ്. ജൂലിയസ് സീസറിന്റെ പ്രധാന അനുയായികളിലൊരാളായിരുന്നു മാര്‍ക്ക് ആന്റണി. ടോളമി രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. സീസറിന്റെ മരണ ശേഷം ദത്തുപുത്രന്‍ ഒക്ടേവിയനും മാര്‍ക്ക് ലപ്പിഡസും റോമിന്റെ ഭരണം കൈയടക്കി. ഈ ഭരണം തകര്‍ന്നതോടെ ആന്റണിയും കാമുകി ക്ലിയോപാട്രയും ചേര്‍ന്നാണ് ഒക്ടേവിയനെതിരേ യുദ്ധം ചെയ്തത്. എന്നാല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഇവര്‍ അലക്‌സാണ്ട്രിയയില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ക്ലിയോപാട്രയും മാര്‍ക്ക് ആന്റണിയും ഒരുമിച്ച് സംസ്‌കരിക്കപ്പെട്ടുവെങ്കിലും അവരുടെ ശവകുടീരത്തിന്റെ സ്ഥാനം ഒരു രഹസ്യമായി തുടരുന്നു.

പാരീസ് – ഹെലന്‍

പുരാതന ട്രോയ് നഗരത്തിന്റെ പതനത്തിനു കാരണമായതാണ് പാരീസും ഹെലനും തമ്മിലുള്ള പ്രണയമെന്ന് ഗ്രീക്ക് പുരാണങ്ങള്‍ പറയുന്നു. ഹിറാ, അഥീന, അഫ്രോഡൈറ്റ് എന്നീ മൂന്ന് ദേവതകളില്‍ ആരാണ് ഏറ്റവും മികച്ചതെന്ന് തിരഞ്ഞെടുക്കാന്‍ ട്രോജന്‍ രാജകുമാരന്‍ പാരീസ് നിയോഗിക്കപ്പെടുന്നു. പാരീസ് അഫ്രോഡൈറ്റിനെ തിരഞ്ഞെടുത്തു. അതിനുപകരമായി അഫ്രൊഡൈറ്റ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പാരീസിന് വാഗ്ദാനം ചെയ്തു. സ്പാര്‍ട്ടയിലെ ഹെലന്‍ ആയിരുന്നു ആ സുന്ദരിയായ സ്ത്രീ. എന്നാല്‍ അവര്‍ മെനലൂസ് രാജാവിന്റെ പത്നിയായിരുന്നു. എന്നാല്‍ പാരീസ് ഹെലനെ പ്രേമവിവശയാക്കി ട്രോയിലെത്തിച്ചു. ദശകത്തിലേറെ നീണ്ട ട്രോജന്‍ യുദ്ധം ആരംഭിച്ചതും അങ്ങനെയാണെന്ന് പറയപ്പെടുന്നു.

സലിം – അനാര്‍ക്കലി

മുഗള്‍-ഇ-ആസാം എന്ന ചിത്രം അനശ്വരമാക്കിയ പ്രണയകാവ്യമാണ് ഈ ജോഡിയുടേത്. മുഗള്‍ രാജകുമാരന്‍ സലീമിന്റെയും വേശ്യയായ അനാര്‍ക്കലിയുടെയും പ്രണയകഥയാണിത്. സലീമിന്റെ പിതാവായ അക്ബര്‍ ചക്രവര്‍ത്തി ഈ ബന്ധത്തില്‍ സന്തുഷ്ടനായിരുന്നില്ല. സലീം അക്ബറിനെതിരെ പ്രതിഷേധിച്ചു. അക്ബര്‍ യുദ്ധത്തില്‍ വിജയിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സലീമിനെ രക്ഷിക്കാനായി അനാര്‍ക്കലി സ്വയം ജീവത്യാഗം ചെയ്തുവെന്ന് പറയപ്പെടുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രണയകഥകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ പ്രശസ്തരായ പല പ്രേമങ്ങളും ദാരുണമായ ഒരു അന്ത്യത്തിലാണ് എത്തിയതെന്ന് വെളിപ്പെടുന്നു. എന്നിരുന്നാലും, യഥാര്‍ത്ഥ സ്നേഹം ലോകത്തിലെ മറ്റെന്തിനെക്കാളും ശക്തമാണെന്ന് അവര്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു.

 

Latest News