2007-ൽ ഒരു സംഘം പുരാവസ്തു ഗവേഷകർ ഇറ്റലിയിലെ ലോംബാർഡി മേഖലയിൽ മാൻ്റുവയ്ക്ക് സമീപം ഒരു നിയോലിത്തിക് ശവകുടീരം കണ്ടെത്തി. അകത്ത്, മുഖാമുഖം കിടക്കുന്ന ഒരു ജോടി അസ്ഥികൂടങ്ങൾ. രണ്ടു പ്രണയിതാക്കൾ ആലിംഗനം ചെയ്തു പരസ്പരം ഇഴചേർന്നു കിടക്കുന്നു. പരിശോധനയിൽ 6000 വർഷങ്ങളായി മണ്ണിനടിയിൽ അവർ ഇങ്ങനെതന്നെയായിരുന്നു എന്നാണ് കണ്ടെത്തിയത്. ലവേഴ്സ് ഓഫ് വാൽദാരോ (Lovers of Valdaro ) എന്നാണ് ഇത് അറിയപ്പെടുന്നത്.
പുരാവസ്തു ഗവേഷകർ വാൽദാരോ ലവേഴ്‌സിനെ പരിശോധിച്ചപ്പോൾ, അവർ കൗതുകകരമായ നിരവധി കണ്ടെത്തലുകൾ ലഭിച്ചു.
ഒന്നാമതായി, ഈ ദമ്പതികൾ ഏകദേശം 6,000 വർഷങ്ങൾക്ക് മുമ്പ് നിയോലിത്തിക്ക് കാലഘട്ടത്തിൽ മരണമടഞ്ഞവരാണ് എന്നതായിരുന്നു. നിയോലിത്തിക്ക് കാലഘട്ടത്തിൽ ഇരട്ട ശ്മശാനങ്ങൾ അപൂർവമായിരുന്നു. എന്നാൽ ദമ്പതികളുടെ സ്ഥാനം കണ്ടെത്തലിനെ അത് കൂടുതൽ സവിശേഷമാക്കി. രണ്ടാമതായി, മരിക്കുമ്പോൾ യുവാവിനും യുവതിക്കും ഏകദേശം 20 വയസ്സായിരുന്നു പ്രായം. അവരുടെ മരണം ഏതെങ്കിലും വിധത്തിലുള്ള ആക്രമണത്തിലൂടെ ആയിരുന്നു എന്നതിന് സൂചനകളൊന്നും ഉണ്ടായിരുന്നില്ല.
അവർ കാമുകീ കാമുകൻമാർ ആയിരുന്നോ എന്ന് നമുക്ക് നിശ്ചയമില്ലെങ്കിലും അവരുടെ ശരീരത്തിൻ്റെ നിത്യമായ ആലിംഗനത്തിൻ്റെ ചിത്രവും ശ്മശാനത്തെ ചുറ്റിപ്പറ്റിയുള്ള അതുല്യമായ സാഹചര്യങ്ങളും ഒരു ദശാബ്ദത്തിലേറെയായി വാൽദാരോയിലെ പ്രണയികളെ പലവിധ ഊഹാപോഹങ്ങളുടെയും ഉറവിടമാക്കി മാറ്റി.
2007 ഫെബ്രുവരി ആദ്യം, എലീന മെനോട്ടിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘം ഇറ്റലിയിലെ മാൻ്റുവയ്ക്ക് സമീപമുള്ള വാൽദാരോ ഗ്രാമത്തിൽ നടത്തിയ ഖനനത്തിൽ ശ്രദ്ധേയമായ ഒരു കണ്ടെത്തൽ ലഭിച്ചതായി പ്രഖ്യാപിച്ചു. ആ സമയത്ത് മെനോട്ടി ഈ കണ്ടെത്തലിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഞാൻ ഇറ്റലിയിലുടനീളം ധാരാളം ഖനനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതോളം എന്നെ ആവേശം കൊള്ളിച്ചിട്ടില്ല. 25 വർഷമായി ഞാൻ ഈ ജോലി ചെയ്യുന്നു. എല്ലാ പ്രശസ്ത സൈറ്റുകളായ പോംപൈയിൽ വരെ ഞാൻ ഖനനം നടത്തിയിട്ടുണ്ട്. എന്നാൽ ഇത് ശരിക്കും സവിശേഷമായ ഒന്നിൻ്റെ കണ്ടെത്തലാണ്.”
പലരും, വാൽദാരോയിലെ പ്രണയികളെ ഷേക്സ്പിയറിൻ്റെ ഏറ്റവും പ്രശസ്തമായ കൃതിയെ അനുസ്മരിപ്പിക്കുന്ന റോമിയോ ആൻഡ് ജൂലിയറ്റുമായി താരതമ്യം ചെയ്യാറുണ്ട്. പ്രാരംഭ നിരീക്ഷണത്തിൽ ആൺ അസ്ഥികൂടത്തിന്റെ കഴുത്തിൽ ഒരു തീക്കനൽ അമ്പടയാളം കണ്ടെത്തിട്ടുണ്ട്. അതേസമയം പെൺ അസ്ഥികൂടത്തിന് അവളുടെ തുടയിൽ നീളമുള്ള ഒരു കല്ല് ബ്ലേഡും അവളുടെ പെൽവിസിന് താഴെ രണ്ട് ഫ്ലിൻ്റ് കത്തികളും ഉണ്ടായിരുന്നു. എന്നിരുന്നാലും, അസ്ഥിശാസ്ത്രപരമായ പരിശോധനയിൽ അവരുടെ മരണം അക്രമാസക്തമാണെന്ന് സൂചിപ്പിക്കാൻ ഒന്നും കണ്ടെത്തിയില്ല.
“കുട്ടികളെ ആലിംഗനം ചെയ്യുന്ന ധാരാളം സ്ത്രീകൾ ഞങ്ങൾ കണ്ടെത്തി, പക്ഷേ ഒരിക്കലും ദമ്പതികളെ ഞാൻ കണ്ടെത്തിയിട്ടില്ല. പ്രാഥമിക പരിശോധനയിൽ, പല്ലുകൾ ജീർണിച്ചിട്ടില്ലാത്തതിനാൽ അവർ ചെറുപ്പമായി കാണപ്പെടുന്നു,” എലീന മെനോട്ടി പറഞ്ഞു. കൂടുതൽ പരിശോധനയിൽ ദമ്പതികൾക്ക് മരിക്കുമ്പോൾ ഏകദേശം 20 വയസ്സായിരുന്നുവെന്നും ഇരുവർക്കും അഞ്ചടിയും രണ്ടിഞ്ചും ഉയരമുണ്ടായിരുന്നതായും കണ്ടെത്തി.
അപ്പോഴും അവരുടെ സാഹചര്യങ്ങൾ അവ്യക്തമായി തുടർന്നു. ചരിത്രകാരന്മാർക്ക് വാൽദാരോ മേഖലയിൽ നിയോലിത്തിക്ക് സെറ്റിൽമെൻ്റിൻ്റെ തെളിവുകളൊന്നും കണ്ടെത്തിയില്ല. കൂടുതൽ സാധ്യതയനുസരിച്ച്, ഈ പ്രദേശം ഒരിക്കൽ നദികളാൽ ചുറ്റപ്പെട്ട ചതുപ്പുനിലങ്ങളാൽ മൂടപ്പെട്ടിരിക്കാം എന്ന അനുമാനത്തിലേയ്ക്ക് അവർ എത്തി. സഹസ്രാബ്ദങ്ങളായി കാമുകന്മാരുടെ ശരീരം സംരക്ഷിക്കുന്നതിൽ ഈ പരിസ്ഥിതി പ്രയോജനകരമായിരുന്നുവെങ്കിലും, പ്രണയികളുടെ ജീവിതത്തെക്കുറിച്ചോ എന്തിനാണ് അവരെ ഇത്രയും സവിശേഷമായ രീതിയിൽ സംസ്‌കരിച്ചതെന്നോ ഉള്ള ഉൾക്കാഴ്ച ഈ അനുമാനങ്ങളും നൽകുന്നില്ല.
“ഇക്കാലമത്രയും ഒരുമിച്ചുണ്ടായിരുന്ന അവരെ ഒരുമിച്ച് നിലനിർത്താൻ ഞങ്ങൾ ആഗ്രഹിച്ചു.” അസ്ഥികൾ ഒന്നൊന്നായി നീക്കം ചെയ്‌ത് പിന്നീട് കൂട്ടിച്ചേർക്കുന്നതിനുപകരം, പുരാവസ്തു ഗവേഷകർ ദമ്പതികളെ അടക്കം ചെയ്‌ത ഭൂമിയുടെ മുഴുവൻ പ്ലോട്ടും നീക്കം ചെയ്‌ത് പഠനത്തിനായി ഒരുമിച്ച് കൊണ്ടുപോകാൻ തീരുമാനിച്ചു.
അങ്ങനെ ഭൂമിയുടെ മുഴുവൻ ഭാഗവും അസ്ഥികൂട ദമ്പതികളും ഒരു മരപ്പെട്ടിയിൽ സ്ഥാപിച്ച് പരിശോധനയ്ക്കായി കോമോയിലെ മ്യൂസി സിവിസിയിലെ ഒരു പുരാവസ്തു ലബോറട്ടറിയിലേക്ക് അയയ്ക്കുകയും പിന്നീട് ഒരു ഗ്ലാസ് കെയ്‌സിൽ ഇരുവരെയും ഒരുമിച്ചു ചേർന്ന രീതിയിൽ തന്നെ സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഇറ്റലിയിലെ മാൻ്റുവയിലെ നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിലാണ് ലവേഴ്സ് ഓഫ് വാൽദാരോയെ സൂക്ഷിച്ചിരിക്കുന്നത്.