“പാപ്പയെ ഒന്നു കാണാനാഗ്രഹിച്ച എനിക്കരികിൽ പാപ്പ വന്നുനിന്നു. എന്റെ കരംപിടിച്ചു. ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നു അത്.” പാപ്പയുടെ ബഹ്‌റൈൻ സന്ദർശനവേളയിലെ അനുഭവം പങ്കുവയ്ക്കുകയാണ് മലയാളിയും 25 വർഷമായി ബഹ്‌റൈനിൽ താമസിക്കുകയും ചെയ്യുന്ന ഷേമ ലൂയിസ്. ഫ്രാൻസിസ് പാപ്പയുടെ വിയോഗവാർത്ത അറിഞ്ഞപ്പോൾ, പാപ്പ തന്നെ സ്പർശിച്ച അനുഭവം ഷേമയിൽ വീണ്ടും സജീവമായി. കാരണം, താൻ സ്പർശിച്ചത് ഒരു വിശുദ്ധനെ ആയിരുന്നല്ലോ എന്ന തിരിച്ചറിവിൽ ഷേമ ആദരവോടെ കരങ്ങൾ കൂപ്പി.
തന്റെ സമയത്തിന്റെ നല്ലൊരു ഭാഗവും ദൈവരാജ്യശുശ്രൂഷയ്ക്കായി മാറ്റിവച്ചിരിക്കുന്ന ഷേമ എഡിറ്റ് കേരളയുമായി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.
2022 നവംബറിലായിരുന്നു നാലുദിവസങ്ങൾ നീണ്ടുനിന്ന ഫ്രാൻസിസ് പാപ്പയുടെ ബഹ്‌റൈൻ സന്ദർശനം നടന്നത്. പാപ്പ ബഹ്‌റൈൻ സന്ദർശിച്ച ആ ദിവസം അവിടെയുള്ള ഏതൊരു വിശ്വാസിയുടെ ജീവിതത്തിലും മറക്കാനാവാത്ത ഒരു ദിവസം കൂടിയായിരുന്നു. അന്നേ ദിനം പാപ്പയെ നേരിൽകാണുകയും പാപ്പയുടെ കരങ്ങളിൽ സ്പർശിക്കാൻ സാധിക്കുകയും ചെയ്ത വ്യക്തിയാണ് ഷേമ ലൂയിസ്.
ബഹ്‌റൈനിലെ സേക്രട്ട് ഹാർട്ട് ദൈവാലയത്തിൽ മലയാളം കാറ്റിക്കിസത്തിന്റെ കോർഡിനേറ്ററായി ശുശ്രൂഷ ചെയ്യുകയാണ് ഷേമ. മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള മീഡിയ ടീമിൽ ജോലിചെയ്യാനായി ഷേമയ്ക്കും അവസരം ലഭിച്ചു; ആ ടീമിന്റെ കോർഡിനേറ്ററായ ജോണിനെ സഹായിക്കാനായിരുന്നു ദൗത്യം. ഷേമയുടെ ഭർത്താവ് വില്യം ലൂയിസ് ഒരു ഐ ടി കമ്പനിയിൽ ജോലിചെയ്യുകയാണ്. അമ്മ ആനി ലൂയിസും ടാനിഷ, റ്റാലിയ എന്നീ രണ്ടു മക്കളും അടങ്ങുന്നതാണ് ഷേമയുടെ കുടുംബം.
സന്ദർശനത്തിന്റെ നാലാം ദിവസമായ നവംബർ ആറാം തീയതിയാണ് സേക്രട്ട് ഹാർട്ട് ദൈവാലയം ഫ്രാൻസിസ് പാപ്പ സന്ദർശിച്ചത്. പാപ്പയെ കാണാനായി അന്നേദിനം വെളുപ്പിനു മൂന്നുമണിക്കു തന്നെ ഷേമയും അമ്മയും ദൈവാലയത്തിലെത്തിയിരുന്നു. ഏകദേശം ഒമ്പതരയോടെ ഫ്രാൻസിസ് പാപ്പ ദൈവാലയത്തിലെത്തി. ഷേമ നിന്ന സ്ഥലത്തിനടുത്തായാണ് പാപ്പയും നിന്നത്.
“പാപ്പ എന്റെ കൈകൾ പിടിക്കുകയും എനിക്ക് അറിയാത്ത ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുകയും ചെയ്തു. എന്റെ പിറകിൽ നിന്നവരും പാപ്പയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായിരുന്നു ആ നിമിഷങ്ങൾ. എനിക്ക് സന്തോഷംകൊണ്ട് എന്ത് ചെയ്യണമെന്നുപോലും അറിയാത്ത അവസ്ഥ. പാപ്പയെ ഒന്ന് കാണാനാഗ്രഹിച്ച എന്റെ കരങ്ങളിൽ പാപ്പ പിടിച്ചിരിക്കുന്നു” – ഷേമ പറയുന്നു.
നാം എന്തെങ്കിലും ദൈവത്തിനുവേണ്ടി ചെയ്താൽ ദൈവം നൂറിരട്ടിയായി തിരികെ തരുമെന്ന് ഷേമ വിശ്വസിച്ച നിമിഷങ്ങളായിരുന്നു അത്. “മറ്റുള്ളവർ പാപ്പയെ തൊടാനും പാപ്പയുടെ കരം പിടിക്കാനുമൊക്കെ തിരക്കു കൂട്ടുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ എന്റെ കരങ്ങൾ പതിയെ വിടുവിക്കാൻ ശ്രമിച്ചു; അവർക്കും പപ്പയെ ഒന്ന് തൊടാൻ ആഗ്രഹമുണ്ടല്ലോ എന്നോർത്ത്. എന്നാൽ, പാപ്പ ആ സമയം ഒന്നുകൂടി എന്റെ കൈയിൽ അമർത്തിപ്പിടിക്കുകയാണ് ചെയ്തത്. പാപ്പയുടെ ആ സ്നേഹസ്പർശനം ഇന്നും എന്റെ കൈകളിൽ അനുഭവിക്കാൻ എനിക്കു സാധിക്കുന്നുണ്ട്. അത്രയധികം സന്തോഷപ്രദവും ദൈവാനുഗ്രഹം നിറഞ്ഞതുമായ നിമിഷങ്ങളായിരുന്നു അത്. എന്റെ കൈയിൽ പിടിച്ച ശേഷം മാർപാപ്പ തിരിഞ്ഞത് എന്റെ അമ്മയുടെ അരികിലേക്കായിരുന്നു. അമ്മയ്ക്ക് ഒരു ജപമാല സമ്മാനമായി നൽകുകയും അമ്മയെ അനുഗ്രഹിക്കുകയും ചെയ്തു. അതിനുശേഷം പാപ്പ മറ്റുള്ള മീറ്റിംഗുകൾക്കായി പോയി” – ഷേമ കൂട്ടിച്ചേർത്തു.
പാപ്പയുടെ കൈകളിൽ പിടിക്കാൻ സാധിച്ചതിലൂടെ ദൈവം ഷേമയെ കൂടുതൽ അനുഗ്രഹിക്കുകയാണ് ചെയ്തത്. ‘ജീസസ് വൈബ്സ് ഷേമ്സ്’ എന്ന സ്റ്റാറ്റസ് വീഡിയോയിൽകൂടി ക്രിസ്ത്യൻ പാട്ടുകളും നല്ല ചിന്തകളുമൊക്കെ ഷേമ പങ്കുവയ്ക്കാറുണ്ട്. തന്റെ വീട്ടിലെ കാര്യങ്ങളും തിരക്കുകളുമൊക്കെ കഴിഞ്ഞ്, സമയത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ദൈവശുശ്രൂഷകൾക്കായി ഉപയോഗിക്കുന്ന വ്യക്തിയാണ് ഷേമ. സമയം കിട്ടുമ്പോഴൊക്കെ ദൈവത്തിനുവേണ്ടി സമയം വിനിയോഗിക്കുന്നു, സ്റ്റാറ്റസ് വീഡിയോകൾ ഇടുന്നു.
ഒന്നിനെക്കുറിച്ചും ഒരു പരാതിയും പരിഭവവും ഇല്ലാത്ത വ്യക്തിയാണ് ഷേമ. ശാന്തമായ ജീവിതം നയിക്കുന്ന അവർ ഒരു തരത്തിലുള്ള അംഗീകാരവും ഒരിടത്തു നിന്നും ആഗ്രഹിക്കാത്ത ഒരാളാണ്. തിരശീലയ്ക്കു പിറകിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഷേമയ്ക്ക് സ്വർഗം കൊടുത്ത അംഗീകാരമായിരുന്നു പാപ്പയെ കണ്ടതും ആ കരം പിടിച്ചതും.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ