Monday, November 25, 2024

60 വർഷമായി ഉറങ്ങാത്ത മനുഷ്യന്‍, അത്ഭുതമായി 80കാരൻ

ഒരാള്‍ക്ക് ഉറങ്ങാതെ ജീവിക്കാന്‍ കഴിയുമോ? ഇതിന്റെ ഉത്തരം ‘കഴിയും’ എന്നാണെങ്കില്‍ ‘എത്രനാള്‍’ എന്ന ചോദ്യം കൂടി അവശേഷിക്കും. ഒരു മനുഷ്യന്‍ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് ആരോഗ്യവിദഗ്ദരുടെ അഭിപ്രായം. എന്നാല്‍ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട്, 60 വർഷമായി ഉറങ്ങാത്ത ഒരാളുണ്ട്! കേൾക്കുമ്പോൾ തന്നെ അതിശയിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ അങ്ങനെയൊരാൾ വിയറ്റ്നാമിലുണ്ട്. 60 വർഷമായി ഉറങ്ങാത്ത ഒരു 80 വയസ്സുകാരൻ. പേര് തായ് എൻ‌ഗോക്ക്.

20 വയസിനു ശേഷം തായ് എൻ‌ഗോക്കിന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണം അന്വേഷിച്ച് തലപുകച്ചു എന്നല്ലാതെ കൃത്യമായൊരു ഉത്തരം കണ്ടെത്താൻ ഡോക്ടർമാർക്കോ, കാരണം അറിയാൻ വന്ന വിദഗ്ധർക്കോ കഴിഞ്ഞിട്ടില്ല.1962 മുതൽ എൻ‌ഗോക്കിന്റെ ജീവിതം ഇങ്ങനെയാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇവരാരും എൻഗോക്ക് ഉറങ്ങുന്നത് ഇതുവരെ കണ്ടിട്ടില്ല.

എൻഗോക്കിനെപ്പറ്റി കേട്ടറിഞ്ഞ് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ നിരവധി ആളുകൾ ഈ നാട്ടിലേക്ക് എത്തിയിരുന്നു. ഇവരും എൻഗോക്ക് ഉറങ്ങുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇൻസോമാനിയയിലൂടെയാണ് ഇയാൾ കടന്നുപോകുന്നത് എന്നുമാത്രമേ വിദഗ്ദരും പറയുന്നുള്ളൂ. എന്നാൽ വിശ്രമം ലഭിക്കാത്തതിന്റെ പേരിൽ എൻഗോക്കിന് ഇതുവരെയും ആരോഗ്യപ്രശ്നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല.

അറുപതു വർഷമായി ഉറങ്ങാത്ത മനുഷ്യനെക്കുറിച്ച് അറിഞ്ഞ യൂട്യൂബർ ഡ്ര്യൂ ബിൻസ്കി, എൻഗോക്കിന്റെ ജീവിതം ചിത്രീകരിക്കാനായി അടുത്തിടെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് എത്തിയിരുന്നു. ഈ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പു തന്നെ തായ് എൻഗോക്കിനെക്കുറിച്ച് കേട്ടിരുന്നെന്നും എന്നാൽ നേരിൽ കാണാനാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് ബിൻസ്കി പറയുന്നത്.

വിയറ്റ്നാം യുദ്ധത്തിൽ എൻഗോക്കിന്റെ കൈക്ക് പരിക്കേറ്റിരുന്നു. യുദ്ധകാലവും അന്നത്തെ ഭീകരതയുമെല്ലാം എൻഗോക്കിന്റെ ഉറക്കമില്ലായ്മയ്ക്ക് കാരണമായിത്തീർന്നിട്ടുണ്ടാകാം എന്നാണ് ബിൻസ്കി വീഡിയോയിൽ പറയുന്നത്. എൻഗോക്കിന്റെ ഗ്രാമത്തിലെത്തിയ യൂട്യൂബർ രാത്രി മുഴുവൻ എൺപതുകാരനൊപ്പം കഴിഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം പുറത്തുവന്ന വീഡിയോയിലുണ്ട്.

Latest News