Monday, April 21, 2025

പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നുകൊണ്ട് വരുന്ന ഇന്ത്യയുടെ മാർക്കോസ് കമാന്‍ഡോകള്‍

കര-നാവിക-വ്യോമവിഭാഗങ്ങളിലായി ശക്തമായ പ്രതിരോധ സുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് നമുക്കറിയാം. ഇതില്‍ ആർമി, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എസ്.എസ്.ബി, എൻ.എസ്.ജി തുടങ്ങിയ പേരുകള്‍ നമുക്ക് സുപരിചിതവുമാണ്. എന്നാല്‍ നമുക്ക് അത്ര സുപരിചിതമല്ലാത്തതും എന്നാല്‍ ലോകത്തിലെതന്നെ ഏറ്റവും അപകടകാരികളെന്ന വിശേഷണമുളളതുമായ ഒരു സേന ഇന്ത്യയ്ക്കുണ്ട്. കടലിനുപുറമേ, കരയിലും പർവതങ്ങളിലും വായുവിലും പ്രതികൂല കാലാവസ്ഥയിൽപോലും ശത്രുവിനെ പൂര്‍ണ്ണമായും തകര്‍ക്കാന്‍കഴിയുന്ന ഒരു വിഭാഗം. ഇന്ത്യൻ നാവികസേനയുടെ ‘മറൈൻ കമാൻഡോകൾ.’ എം.സി.എഫ് എന്നറിയപ്പെടുന്ന ഈ വിഭാഗത്തെക്കുറിച്ചറിയാം.

‘പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നുകൊണ്ട് വരുന്ന ഇനം’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗമാണ് മറൈൻ കമാൻഡോ ഫോഴ്സ് അഥവ മാർക്കോസ്. ഇന്ത്യൻ നാവികസേനയിലെ അതിസമർഥന്മാരെ ചേർത്തുണ്ടാക്കിയ വിഭാഗമാണ് മറൈൻ കമാൻഡോകള്‍. കരയിലോ, കടലിലോ ആകാശത്തോ എവിടെവേണമെങ്കിലും ഓപ്പറേഷൻ നടത്താൻ ഇവർ സന്നദ്ധരാണ്. പങ്കെടുത്ത ഓപ്പറേഷനുകളിലെല്ലാം ഇവരുടെ പോരാട്ടവീര്യം ശത്രുക്കളെ തകർത്തെറിഞ്ഞിട്ടുണ്ട്. അതീവരഹസ്യമായ നീക്കങ്ങളിലൂടെ ജാഫ്നയിലെ എൽ.ടി.ടിയുടെ ഹാർബർ തകർത്ത് തരിപ്പണമാക്കിയും മാലിദ്വീപിലെ പട്ടാള അട്ടിമറി തടയാൻ നടത്തിയ ശ്ര‌മങ്ങൾ തുടങ്ങി മാർക്കോസിന്റെ ധീരത തെളിയിക്കുന്ന എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങൾക്കാണ് ലോകം സാക്ഷ്യംവഹിച്ചത്.

മാർക്കോസ് കമാൻഡോസിന്‍റെ രൂപീകരണം

വർധിച്ചുവരുന്ന സമുദ്രസുരക്ഷാ വെല്ലുവിളികൾക്കും ഇന്ത്യയുടെ തീരപ്രദേശത്തെ തീവ്രവാദ പ്രവർത്തനങ്ങളെ നേരിടുന്നതിനുമായി 1987 ഫെബ്രുവരി 26 -ന് ഇന്ത്യൻ മറൈൻ സ്പെഷ്യൽ ഫോഴ്സ് (IMSF) ഔദ്യോഗികമായി നിലവിൽവന്നു. യു.എസ് നേവി സീൽസിന്റെയും ബ്രിട്ടീഷ് സ്പെഷ്യൽ ബോട്ട് സർവീസിന്റെയും (എസ്‌.ബി.എസ്) മാതൃകയിലായിരുന്നു ഈ യൂണിറ്റ് വികസിപ്പിച്ചത്. 1991 -ലാണ് ഈ വിഭാഗം ആദ്യമായി പ്രവർത്തനക്ഷമമായത്. ഇന്ത്യൻ സായുധസേനകളിൽ സിഖുകാരല്ലാത്തവർക്കും താടിവയ്ക്കാൻ അനുവാദമുള്ള ഏക സേനാഘടകമാണ്‌ ഇത്. അതിനാൽ മാർക്കോസിന്‌ താടിക്കാരുടെ സൈന്യം (Bearded Army) എന്നും പേരുണ്ട്.

മാർക്കോസ് കമാൻഡോ തിരഞ്ഞെടുപ്പ്

മാർക്കോസ് കമാൻഡോകളെ എളുപ്പത്തിൽ തിരഞ്ഞെടുക്കാനാകില്ലെന്നുള്ളതാണ് യാഥാർഥ്യം . ഇതിനായി പലഘട്ടങ്ങളുണ്ട്. ഇന്ത്യൻ നാവികസേനയിൽ ജോലിചെയ്യുന്ന 20 വയസ്സിനുമുകളിലുള്ള, ധെെര്യശാലികളും സാഹസികത ഇഷ്ടപ്പെടുന്നവരുമായ ഉദ്യോഗാർഥികളെയാണ് ആദ്യഘട്ടത്തിൽ ഇതിനായി തിരഞ്ഞെടുക്കുന്നത്. വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ സ്വയം കഴിവുതെളിയിച്ചവരായിരിക്കും അവർ. ആദ്യഘട്ടത്തില്‍ രാത്രിയിൽ ഉണർന്നിരിക്കാനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പ്രവർത്തനക്ഷതയുള്ളവരായിരിക്കാൻ ട്രെയിനികൾക്ക് പരിശീലനം നല്‍കും. രണ്ടോ, മൂന്നോ മണിക്കൂർ ഉറക്കത്തിൽ തുടർച്ചയായി ദിവസങ്ങളോളം ജോലിചെയ്യണം. പരിശീലനത്തിന്റെ കാഠിന്യം കൊണ്ടുതന്നെ ബാക്കിയുള്ള 20% ആളുകളിൽ പലരും ഈ ഘട്ടത്തിൽ പരിശീലനം മതിയാക്കുകയാണ് പതിവ്.

രണ്ടാംഘട്ട പരിശീലനം ഏകദേശം മൂന്നുവർഷം നീണ്ടുനിൽക്കുന്നതാണ്. കരയിലും വെള്ളത്തിലും പുറമെ വായുവിലും യുദ്ധം ചെയ്യാനുള്ള പരിശീലനം മാർക്കോസുകൾക്ക് ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്. 30 കിലോ വരെ ഭാരം ഉയർത്തി വെള്ളത്തിലൂടെയും ചതുപ്പുനിലത്തിലൂടെയും ഓടുക. മരംകോച്ചുന്ന തണുത്ത വെള്ളത്തിൽ കിടന്നുകൊണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യുക, മലമുകളിൽ ശ്വാസം വിലങ്ങുന്ന സാഹചര്യത്തിൽ വ്യായാമം ചെയ്യുക എന്നിവയൊക്കെയാണ് ഈ സമയത്തെ പരിശീലനങ്ങള്‍.

ആദ്യ രണ്ടുഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ കാത്തിരിക്കുന്നത് ഹാലോ-ഹഹൂസ് പരിശീലനമാണ്. കമാൻഡോകൾക്ക്, ഏകദേശം 11 കിലോമീറ്റർ വരെ ഉയരത്തിൽനിന്നു ചാടുന്ന ഹാലോ ജമ്പും എട്ടു കിലോമീറ്റർ ഉയരത്തിൽനിന്നു ചാടുന്ന ഹഹൂസ് ജമ്പുമാണ് ഈ ഘട്ടത്തിലുള്ളത്. ഹാലോ- ഹഹൂസ് പരിശീലനത്തില്‍ കമാന്‍ഡോകള്‍ക്ക് പാരച്യൂട്ട് ഉപയോഗിക്കാം. പക്ഷേ, എട്ടു സെക്കന്റിനുള്ളിൽ പാരച്യൂട്ട് തുറക്കണമെന്നുള്ളത് പ്രത്യേക നിബന്ധനയാണ്. എന്നാല്‍ പാരച്യൂട്ട് തുറക്കാന്‍ കൂടുതൽ സമയമെടുക്കുന്നവർ മാർക്കോസില്‍ നിന്നും പുറത്തുപോകും.

ലോകം നമിച്ച മാർക്കോസിന്റെ ഓപ്പറേഷനുകൾ

1987 -ല്‍ ശ്രീലങ്കയിൽ നടന്ന ‘ഓപ്പറേഷൻ പവൻ’ മാര്‍ക്കോസിന്റെ കഴിവുതെളിയിച്ച ഒരു പോരാട്ടമായിരുന്നു. ഓപ്പറേഷനുവേണ്ടി മുതുകിൽ കെട്ടിവച്ച സ്ഫോടകവസ്തുക്കളുമായി 12 കിലോമീറ്റർ കടലിലൂടെ നീന്തിയാണ് ഈച്ചപോലും അറിയാതെ കമാൻഡോകൾ ജാഫ്നയില്‍ എത്തിയത്. എൽ.ടി.ടി.ഇയുടെ നിയന്ത്രണത്തിലായിരുന്നു ജാഫ്ന തുറമുഖം തകര്‍ത്ത് ജോലി ഭംഗിയായി നിർവഹിച്ചശേഷം തിരികെ അത്രയും കിലോമീറ്റർ നീന്തിയാണ് കമാൻഡോകൾ തിരികെയെത്തിയത്. മടങ്ങുന്നതിനിടയിൽ തമിഴ്പുലികൾ തലങ്ങുംവിലങ്ങും വെടിവച്ചെങ്കിലും ഒരാൾക്കുപോലും പരിക്കേറ്റിരുന്നില്ല.

‘ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ-2008’, നവംബറിൽ നടന്ന മുംബൈ ആക്രമണത്തിനിടെ താജ് ഹോട്ടലിൽ പ്രവേശിച്ച് അവിടെയുള്ള ഭീകരരെ വധിച്ച സെെനികനീക്കമായ ‘ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ’യിൽ പ്രധാന പങ്കുവഹിച്ചത് മാർക്കോസ് ആണ്. കസബ് ഒഴികെ മറ്റെല്ലാ ഭീകരരും ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു.

Latest News