Monday, November 25, 2024

അണുബോംബിനെ അതിജീവിച്ച നാഗസാക്കിയിലെ മരിയൻ രൂപം

സുനീഷ വി.എഫ്.

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ആണവായുധം പ്രയോഗിച്ച ജപ്പാനിലെ രണ്ടാമത്തെ നഗരം നാഗസാക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്. അതോടെ നാഗസാക്കി പൂർണമായും തകർന്നു. അന്ന് തകർന്ന ഒരു ദേവാലയവും അതിൽ പൂർണ്ണമായും തകരാത്ത ഒരു രൂപവും പിന്നീട് ലോകശ്രദ്ധയാകർഷിച്ചു. നാഗസാക്കിയിലെ ഉറകാമി ഗ്രാമതിലായിരുന്നു ആ ദേവാലയം സ്ഥിതി ചെയ്തിരുന്നത്. 1925-ലാണ് നാഗസാക്കിയിലെ ഉറകാമി ഗ്രാമത്തിൽ ഒരു ദേവാലയം പണികഴിക്കപ്പെട്ടത്. 1945-ല്‍ നാഗസാക്കി അണുബോംബ്‌ ആക്രമണത്തിൽ തകർക്കപ്പെടുന്നതുവരെ ഏഷ്യ-പസഫിക് റീജിയണിലെ ഏറ്റവും വലിയ ദൈവാലയമായിരുന്നു ഉറകാമി ദൈവാലയം.

1945 ആഗസ്റ്റ് ഒൻപതിന് ഉറകാമിയില്‍ നിന്നും കേവലം 500 മീറ്റർ മാത്രം അകലമുണ്ടായിരുന്ന നാഗസാക്കിയിലായിരുന്നു ലോകത്തെ നടുക്കിയ അണുബോംബ് വർഷിക്കപ്പെട്ടത്. പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ അടുത്തിരുന്നതിനാൽ അന്ന് ദൈവാലയത്തിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബോംബ് വർഷിച്ചതിനെ തുടർന്നുണ്ടായ ആഘാതത്തിലും ഉഷ്ണതരംഗത്തിലും പെട്ട് തല്‍ക്ഷണം ദൈവാലയവും അതിനുള്ളിലുണ്ടായിരുന്ന വിശ്വാസികളും ഇല്ലാതായി.

പിന്നീട് ദൈവാലയം പുനർനിർമ്മിക്കുന്നതിനെച്ചൊല്ലി ഗവണ്മെന്റും സഭയും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ബോംബ് സ്ഫോടനത്തിന്റെ ഒരു സ്മാരകമെന്ന നിലയിൽ പഴയ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ അവിടെത്തന്നെ നിലനിൽക്കട്ടെ എന്ന് ഗവണ്മെന്റും വിശ്വാസം അവസാനിക്കുന്നില്ല എന്ന ആശയത്തിൽ നിന്നും അവിടെത്തന്നെ ദൈവാലയം നിർമ്മിക്കണമെന്ന് സഭയും വാദിച്ചു. ഒടുവിൽ, വിശ്വാസികളുടെ അതിയായ ആഗ്രഹപ്രകാരം പഴയ സ്ഥലത്തു തന്നെ കത്തീഡ്രൽ നിർമ്മിക്കുവാൻ സാധിച്ചു. 1959-ല്‍ ഒക്ടോബറിൽ ദൈവാലയ നിർമ്മാണം പൂർത്തീകരിച്ചു. ബോംബാക്രമണത്തിൽ തകർന്ന ദൈവാലയത്തിലെ മണിയും മറ്റു വസ്തുക്കളും പുതിയ കത്തീഡ്രലിനു സമീപം ഒരു സ്മാരകമായി അവശേഷിക്കുന്നു.

അണുബോംബിനെ അതിജീവിച്ച ഉറകാമിയിലെ പരിശുദ്ധ അമ്മയുടെ തലഭാഗം പുതിയ കത്തീഡ്രലിന്റെ അൾത്താരയിൽ സൂക്ഷിച്ചിരിക്കുന്നു. 1930-കളിൽ ഇറ്റലിയിൽ നിന്നുമാണ് ഈ രൂപം ഉറകാമിയിൽ എത്തിച്ചത്. രണ്ടു മീറ്റർ ഉയരമുണ്ടായിരുന്ന ഈ രൂപത്തോട് ഉറകാമിയിലെ ക്രൈസ്തവ സമൂഹത്തിന് വളരെയധികം അടുപ്പമുണ്ടായിരുന്നു. ബോംബ് വർഷിക്കുന്ന സമയത്ത് കത്തീഡ്രലിൽ വിശുദ്ധ ബലിയർപ്പണം നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ദൈവാലയവും വിശ്വാസികളുമടക്കം കത്തിനശിച്ചെങ്കിലും 1945 ഒക്ടോബർ മാസത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ തലഭാഗം കണ്ടെത്തി. പിന്നീട് ഇത് പുതിയ കത്തീഡ്രലിൽ സൂക്ഷിക്കുകയായിരുന്നു.

ഭൂമിയിൽ നടക്കുന്ന എല്ലാ യുദ്ധങ്ങളിൽ നിന്നും മോചനം നേടുവാനും സമാധാനം പുലരുവാനും ഈ രൂപം നോക്കി വിശ്വാസികൾ പ്രാർത്ഥിക്കാറുണ്ട്.

സുനീഷാ വി എഫ്.

Latest News