അയാൾ ദിവസവും പാർക്കിങ് ഗ്രൗണ്ടിലെത്തും. സാങ്കല്പികമായി കാർ പാർക്ക് ചെയ്യും. പൂട്ടി താക്കോലെടുത്ത് പുറത്തുപോകും. വിചിത്രമായ ഈ കാഴ്‌ച കണ്ടുനിന്ന അപരിചിതൻ കാവൽക്കാരനോടു ചോദിച്ചു: “അയാൾ എന്താണ് ചെയ്യുന്നത്?” “പണ്ട് ടാക്സി ഡ്രൈവറായിരുന്നു. മനോനില തെറ്റിയതാണ്. എല്ലാ ദിവസവും വന്ന് ഇങ്ങനെ ചെയ്യും” – കാവൽക്കാരൻ പറഞ്ഞു.
അപരിചിതൻ ചോദിച്ചു: “നിങ്ങൾക്കത് അയാൾക്കു പറഞ്ഞുകൊടുത്തുകൂടേ?” കാവൽക്കാരന്റെ മറുപടി: “ഞാൻ എന്തിനു പറഞ്ഞുകൊടുക്കണം. അയാൾ ദിവസവും പാർക്കിങ് ഫീസ് തരും. ആഴ്‌ചയിലൊരിക്കൽ കാർ കഴുകുന്നതിനു നൂറുരൂപ വേറെയും.”
എത്രമാത്രം മോശമായ ഒരു സമീപനമാണ് ഈ കാവൽക്കാരന്റേത്. അപരന്റെ പരിമിതിയെ ചൂഷണം ചെയ്യാൻ നമുക്ക് യാതൊരു മടിയും ഇല്ലാതായിരിക്കുന്നു. വ്യക്തിജീവിതത്തിൽ നാം ആർജിക്കേണ്ട വളരെ പ്രധാനപ്പെട്ട മറ്റൊരു കഴിവിനെക്കുറിച്ച് ഈ സംഭവം നമ്മെ ഓർമപ്പെടുത്തുന്നു. അത് സഹാനുഭൂതിയാണ്. അപരനെ അറിയാനും മനസ്സിലാക്കാനുമുള്ള വിവേകമാണത്.
ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ യൂഗോ എഴുതിയ ലോകപ്രശതമായ നോവലാണ് ‘ലാമിറാബലെ.’ നാലപ്പാട്ട് നാരായണ മേനോനാണ് ഈ നോവൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ‘പാവങ്ങൾ’ എന്നു പേരു നൽകിയ ആ നോവലിൽ, തന്റെ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ ഴാങ് വാൽഴാങ് എന്ന പാവപ്പെട്ട കുറ്റവാളിയെ പൊലീസിന്റെ പിടിയിൽനിന്നും രക്ഷിക്കുന്ന ബിഷപ്പ് കാണിച്ചുതരുന്നത് സഹാനുഭൂതിയുടെ പ്രായോഗിക പാഠങ്ങളാണ്.
പ്രതിസന്ധികളിൽ ഉഴലുന്നവരുടെ സ്ഥാനത്ത് നമ്മെത്തന്നെ കാണാനും അതനുസരിച്ച് അവരോട് പെരുമാറാനുമുള്ള കഴിവിനെയാണ് ലോകാരോഗ്യ സംഘടന ‘എമ്പതി’ അഥവാ ‘സഹാനുഭൂതി’ എന്ന പദംകൊണ്ടു വിവക്ഷിക്കുന്നത്.
സഹാനുഭൂതി കേവലം യാന്ത്രികപരമല്ല. അത് നമ്മുടെ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന ഒന്നാണ്. പരസ്പരമുള്ള ഇടപഴകലിലൂടെയാണ് അത് സൃഷ്ടിക്കപ്പെടുന്നത്. മറ്റുള്ളവരുടെ വികാരങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനുമുള്ള കഴിവാണ് സഹാനുഭാവം.
ഒരു നാട്ടിൽ ഒരാൾ വിശന്നുവലഞ്ഞോ, കിടപ്പാടമില്ലാതെയോ, സമനില നഷ്‌ടപ്പെട്ടോ ചുറ്റിത്തിരിയുന്നുണ്ടെങ്കിൽ അത് ആ നാട്ടുകാരുടെ മനോഭാവമാണ് വ്യക്തമാക്കുന്നത്. ഒന്നും തിരിച്ചുതരാൻ ശേഷിയില്ലാത്ത, നന്ദിവാക്ക് പോലും പറയാൻ അറിയില്ലാത്ത ആളുകളോടു കാണിക്കുന്ന സഹാനുഭൂതിയാകും ഏറ്റവും വിശിഷ്‌ടമായ സൽക്കർമം.
ഒരു നേതാവെന്ന നിലയിൽ, ഒരു സാമൂഹ്യജീവിയെന്ന നിലയിൽ ആ വൈദഗ്ദ്ധ്യം പ്രധാനപ്പെട്ടതാണ്. ജീവിതത്തിൽ സഹാനുഭൂതി പ്രകടിപ്പിക്കുന്നവർക്ക് അനേകരെ തങ്ങളിലേക്ക് ആകർഷിക്കാൻ കഴിയും. അത്തരക്കാർ എവിടെച്ചെന്നാലും നേതൃപരമായ പദവികൾ അലങ്കരിക്കാൻ അവർക്കു കഴിയും.
ഡോ. സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)
(തുടരും)