
വനമധ്യത്തിലെ ഉരസിയാടുന്ന മുളങ്കൂട്ടങ്ങളിൽനിന്നും തീപ്പൊരി ചിതറി. കണ്ണടച്ചു തുറക്കുംമുൻപേ അത് കാട്ടുതീയായി ആളിപ്പടർന്നു. പക്ഷിമൃഗാദികൾ നാലുപാടും ചിതറിയോടി. ഒരു കുഞ്ഞുകുരുവി മാത്രം പെട്ടെന്ന് കുതിച്ച് അരുവിയിൽനിന്നും തന്റെ കുഞ്ഞുകൊക്കിൽ മുക്കിയെടുത്ത ജലം ആ അഗ്നിനാളങ്ങളിലേക്ക് ഒഴിച്ചുതുടങ്ങി.
ഇതു കണ്ട കാട്ടുകോഴി ചോദിച്ചു: “എന്ത് അസംബന്ധമാണ് നീ ഈ കാണിക്കുന്നത്?” അത് ഗൗനിക്കാതെ കുരുവി തന്റെ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു!” ആശ്ചര്യമെന്നു പറയട്ടെ, ഇതു കണ്ട മറ്റു ജീവജാലങ്ങളെല്ലാംതന്നെ ആ കുരുവിയെ അനുകരിച്ചുതുടങ്ങി. ഏവരുടെയും ശ്രമഫലമായി കാട്ടുതീയെന്ന ആ മഹാദുരന്തം അവസാനിച്ചു.
ആളിന്റെ വലിപ്പമല്ല, എടുക്കുന്ന തീരുമാനങ്ങളുടെ വലിപ്പമത്രെ ജീവിതത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്.
കുതിരപ്പുറത്ത് പാഞ്ഞുപോകുന്ന മനുഷ്യനോട് ആരോ വിളിച്ചുചോദിക്കുകയാണ്, “അല്ലയോ കുതിരക്കാരാ നിങ്ങൾ എങ്ങോട്ടാണ്?” “അയ്യോ എനിക്കറിയില്ല. കുതിരയോടു ചോദിക്കണം” എന്ന മറുപടി എങ്ങോട്ടാണ് വിരൽചൂണ്ടുന്നത്.
നമ്മുടെ തീരുമാനങ്ങൾ തെറ്റിപ്പോകുന്നുണ്ടോ
എങ്ങോട്ടാ, എങ്ങനെയാ, എത്ര നേരം കൊണ്ടാ, എന്തിനുവേണ്ടിയാ എന്നൊന്നും നമുക്ക് അറിയില്ല. പലപ്പോഴും കുതിര കൊണ്ടുപോകുന്ന ഇടങ്ങളിലേക്കു പോകേണ്ടിവരുന്ന കുതിരക്കാരനെപ്പോലെ നാം അസ്വസ്ഥരാണ്. ശരിയായ തീരുമാനങ്ങളെടുക്കാൻ പല അവസരങ്ങളിലും നമുക്ക് കഴിയാതെവരുന്നതിന്റെ കാരണങ്ങൾ പ്രധാനമായും താഴെപറയുന്ന അഞ്ചു കാര്യങ്ങളാണ്.
- തെറ്റായിപ്പോകുമോ എന്ന ഭയം
- മറ്റുള്ളവർ എന്തുപറയും എന്ന പേടി
- മറ്റുള്ളവരെ വിഷമിപ്പിക്കേണ്ടിവരുമോ എന്നുള്ള ആശങ്ക
- ആത്മവിശ്വാസക്കുറവ്
- ഭാവിയെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെടുക
ഓരോ തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപും അതിന്റെ ഗുണദോഷവശങ്ങൾ വിശകലനം ചെയ്തുവേണം നാം ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ. തീരുമാനങ്ങളെടുക്കാൻ അതിയായ ബുദ്ധിമുട്ട് നേരിടുന്നവർ അതിനു കാരണമായ മാനസികാവസ്ഥ എന്താണെന്നു കണ്ടെത്താൻ മനഃശാസ്ത്രവിദഗ്ദ്ധരുടെ സഹായം തേടുന്നതിൽ മടികാണിക്കരുത്.
നാം ഒരു തീരുമാനമെടുക്കുമ്പോൾ താഴെപ്പറയുന്ന ഏഴു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. മുമ്പിലുള്ള എല്ലാ മാർഗങ്ങളും പദ്ധതികളും എന്താണെന്നു മനസ്സിലാക്കുക
നിങ്ങൾ ഒരു പ്രശ്‌നത്തിൽപ്പെട്ടിരിക്കുകയാണെങ്കിൽപ്പോലും നിങ്ങളുടെ മുമ്പിലുള്ള പരിഹാരമാർഗങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ആലോചിക്കുക; ഒപ്പം പദ്ധതികളും തയ്യാറാക്കുക.
2. സമയക്ലിപ്തത
ഓരോ കാര്യവും ചെയ്തുതീർക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കുക. പെട്ടെന്ന് തീരുമാനം എടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ആലോചിക്കുക. കൂടുതൽ സമയം ചെലവഴിക്കുന്നതുകൊണ്ട് തീരുമാനം കൂടുതൽ മെച്ചപ്പെട്ടതാകുമോ എന്നും ആലോചിക്കാം.
3. വിവരശേഖരണം
ഏറ്റവും മികച്ച തീരുമാനമെടുക്കുന്നതിന് നിങ്ങളെ പര്യാപ്തരാക്കുന്ന തരത്തിലുള്ള ഏറ്റവും പുതിയ അറിവുകൾ നിങ്ങളുടെ പക്കലുണ്ട് എന്ന് ഉറപ്പുവരുത്തുക. കാലഹരണപ്പെട്ട വിവരങ്ങളാണ് നിങ്ങളുടെ പക്കലുള്ളതെങ്കിൽ അവയെ ആശ്രയിക്കാതിരിക്കുക.
4. തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആലോചിക്കുക
തെറ്റായ തീരുമാനമാണ് എടുക്കുന്നതെങ്കിൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാവാം എന്നതിനെക്കുറിച്ചുകൂടി ചിന്തിക്കുക. ശരിയായ തീരുമാനം നമുക്കു തരുന്ന നേട്ടങ്ങളെക്കുറിച്ചും ആലോചിക്കാം. ഏറ്റവും മോശമായത് സംഭവിച്ചാൽപ്പോലും അതിനെയും നേരിടാനുള്ള കരുത്ത് നമുക്കുണ്ടാകണം.
5. നിങ്ങളുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ
നിങ്ങളുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ ഇവയൊക്കെ കണക്കിലെടുത്തുവേണം നിങ്ങൾ തീരുമാനങ്ങളെടുക്കേണ്ടത്. മറ്റുള്ളവർക്ക് ശരി എന്നുതോന്നുന്ന തീരുമാനം ഒരുപക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം ശരിയായ തീരുമാനമാകണമെന്നില്ല.
6. ഗുണദോഷങ്ങൾ വേർതിരിക്കാം
നിങ്ങൾ കൈക്കൊള്ളാൻ പോകുന്ന തീരുമാനത്തിന്റെ ഗുണദോഷങ്ങൾ ഒരു വെള്ളപേപ്പറെടുത്ത് രണ്ടായി മടക്കി അതിന്റെ രണ്ട് വശങ്ങളിലുമായി എഴുതുക. ഗുണദോഷങ്ങളുടെ തോതിൽ ഏതാണ് ഉയർന്നുനിൽക്കുതെന്ന് പരിശോധിക്കുക. ഗുണങ്ങളാണ് കൂടുതലെങ്കിൽ തീർച്ചയായും ആ തീരുമാനവുമായി നിങ്ങൾക്ക് മുമ്പോട്ടുപോകാം.
7. തീരുമാനം നടപ്പിൽവരുത്തുക
ഏറ്റവും പ്രധാന ഘടകമാണിത്. എന്തു തീരുമാനമാണോ എടുത്തത്, അത് സമയബന്ധിതമായി നടപ്പിൽവരുത്തുക എന്നുള്ളതാണത്. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്. വ്യക്തികളുടെയാണെങ്കിലും സ്ഥാപനങ്ങളുടെയാണെങ്കിലും വിജയം നിർണ്ണയിക്കുന്നതിൽ നല്ല തീരുമാനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ട് ഉറച്ച തീരുമാനങ്ങളെടുക്കാൻ അവയെ സമർപ്പണബുദ്ധിയോടെ പിഞ്ചെല്ലാൻ നിങ്ങൾക്കു കഴിയട്ടെ.
ഡോ. സെമിച്ചന്‍ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)
(തുടരും)