Saturday, November 23, 2024

“എന്റെ കുട്ടി അങ്ങനെയൊന്നും ചെയ്യില്ല സാർ”

ഡോ. സെമിച്ചന്‍ ജോസഫ്

അധ്യാപകരും കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരും നിരന്തരം കേട്ടുതഴമ്പിച്ച വാക്കുകൾ. മക്കളുടെ ചെറിയ പെരുമാറ്റവൈകല്യങ്ങൾപോലും അംഗീകരിക്കാനോ, തിരുത്താനോ പല മാതാപിതാക്കളും തയ്യാറല്ല എന്നതാണ് വാസ്തവം. “എന്റെ കുട്ടി നല്ല കുട്ടി, അവൻ/ അവൾ ഒരു പാവം” എന്ന ലൈനിലുള്ള ന്യായീകരണങ്ങൾ സത്യത്തിൽ എത്രമേൽ അപകടകരമാണെന്ന് പറയേണ്ടതില്ല. ‘കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്’ എന്ന സാമാന്യ തത്വം അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, മക്കളുടെ പെരുമാറ്റങ്ങളിൽ, ശീലങ്ങളിൽ ഒക്കെ ഉണ്ടാകുന്ന മാറ്റം നിരീക്ഷിച്ചുകൊണ്ട് ഉചിതമായ സമയത്ത്, ശരിയായ രീതിയിൽ അവരെ തിരുത്താനും മാർഗനിർദേശങ്ങൾ നൽകാനും മാതാപിതാക്കൾക്കു കഴിയുന്നില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്ന് ഓർമിപ്പിച്ചുകൊണ്ട് കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവവൈകല്യങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവയ്ക്കാം.

അര്‍ധരാത്രി കഴിഞ്ഞ നേരം. ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ അമ്മ, ഒൻപതു വയസ്സുകാരി മകളുടെ മുറിയിൽ അരണ്ട വെളിച്ചം കണ്ടു നോക്കിയപ്പോൾ കുട്ടി ടാബിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണ്. ‘നാളെ സ്കൂളിൽ പോകാനുള്ളതല്ലേ, കിടന്നുറങ്ങ്’ എന്ന് നിർദേശിച്ചിട്ടും ഏറെനേരം കുട്ടി കേട്ട ഭാവം നടിച്ചില്ല. ഏറെ സങ്കടത്തോടെയാണ്‌ മകളുമായി അമ്മ കൗൺസിലിംഗ് മുറിയിലേക്കു വന്നത്.

ഇത്തരം കേസുകൾ ഒരു ഒറ്റപ്പെട്ട സംഭവമല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ കുട്ടിയുടെയും സാഹചര്യങ്ങളും ചുറ്റുപാടുകളും വിഭിന്നമാണ്‌. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എല്ലാം വ്യത്യസ്‌തമാണ്‌.

കുട്ടി കുസൃതിയാണ്‌, അല്ലെങ്കില്‍ ഭയങ്കര വാശിയാണ്‌, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍മട്ടില്‍ പറഞ്ഞുവിടുകയാണ്‌ സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്‌. എന്നാല്‍, ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവവൈകല്യങ്ങള്‍ക്ക് ചികിത്സ ലഭിക്കാതെപോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാരാകും.

ആരോഗ്യപ്രശ്‌നങ്ങള്‍ പോലെ തന്നെയാണ്‌ കുട്ടികളിലെ സ്വഭാവവൈകല്യങ്ങള്‍. കാര്യകാരണങ്ങള്‍ കണ്ടെത്തി വേണ്ട സമയത്ത്‌ ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ മാറാവുന്നതേ ഉള്ളൂ. ഭാവവൈകല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ്‌ പ്രധാനം. കുട്ടികളിൽ സാധാരണമായി കണ്ടുവരുന്ന ഒരു സ്വഭാവവൈകല്യമാണ് മോഷണം. പലപ്പോഴും ഇത് തിരിച്ചറിയാറില്ല. ഇത്തരം സ്വഭാവമുള്ള കുട്ടികള്‍ അവരറിയാതെ തന്നെ പല സാധനങ്ങളും സ്വന്തമാക്കിയിരിക്കും. പല കാരണങ്ങള്‍കൊണ്ട്‌ കുട്ടികളില്‍ ഇത്തരം വൈകല്യമുണ്ടാകാം. മാതാപിതാക്കളില്‍നിന്ന്‌ വേണ്ടത്ര സുരക്ഷിതത്വം ലഭിക്കാത്ത കുട്ടികള്‍, അകാരണമായ ശിക്ഷകള്‍ ലഭിച്ചിട്ടുള്ള കുട്ടികള്‍, മാതാപിതാക്കളില്‍നിന്ന്‌ സ്‌നേഹവും വാത്സല്യവും ലഭിക്കാത്തവര്‍, കഠിനമായ ചിട്ടകളില്‍ വളരുന്ന കുട്ടികള്‍ എന്നിവരില്‍ ഇത്‌ കൂടുതലായി കണ്ടുവരുന്നു. മറ്റ്‌ കാരണങ്ങള്‍ കൊണ്ടും ഇത്തരം വൈകല്യങ്ങൾ ഉണ്ടാകാം. കുട്ടികളിലെ ഇത്തരം മോഷണവാസനയെ ‘ക്ലെപ്‌റ്റോമാനിയ’ എന്നു പറയാം.

എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പൊട്ടിത്തെറിക്കുക, വളരെ ഉച്ചത്തില്‍ കരയുക, ഉപദ്രവിക്കുക, തറയില്‍ ആഞ്ഞുചവിട്ടുക, സാധനങ്ങൾ വലിച്ചെറിയുക എന്നീ ശീലങ്ങളും ‘സാരമില്ല, ശരിയായിക്കോളും’ എന്നുകരുതി അവഗണിക്കേണ്ടുന്നതല്ല. സദാസമയവും വഴക്കും ഒച്ചപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടി ഇത്തരത്തില്‍ പെരുമാറാം. കുട്ടികളോട്  മാതാപിതാക്കളും മറ്റ്‌ കുടുംബാംഗങ്ങളും എങ്ങനെ പെരുമാറുന്നുവോ അങ്ങനെയായിത്തീരും കുട്ടികളുടെ സ്വഭാവവും.

സ്‌നേഹവും ശ്രദ്ധയും ആവശ്യത്തിനു കിട്ടാതെവളരുന്ന കുട്ടികൾ, പ്രകൃതിവിരുദ്ധ ചൂഷണത്തിന്‌ ഇരയാകുന്ന കുട്ടികള്‍, അമിതമായി ശിക്ഷിച്ചുവളര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയവർ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കാറുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയും ആക്രമണസ്വഭാവം കാണിക്കുന്നവരുണ്ട്‌. മാതാപിതാക്കളെ പേടിച്ചുവളരുന്ന കുട്ടികളിലാണ്‌ സാധാരണയായി ഇത്തരം പെരുമാറ്റരീതി ഉണ്ടാകുന്നത്‌. ദേഷ്യമനോഭാവവും ആക്രമണസ്വഭാവവുമെല്ലാം കുട്ടികള്‍ അവര്‍ക്കു കിട്ടുന്നതെല്ലാം സൂക്ഷിച്ചുവച്ച്‌ പുറത്തേക്ക് എടുക്കുന്നതാണ്‌. ഇത്തരം സ്വഭാവവൈകല്യങ്ങളും ചെറുപ്പത്തിലെതന്നെ ചികിത്സിച്ചില്ലെങ്കില്‍ ഇവരുടെ നല്ല ഭാവി ഇല്ലാതാകും. ഇവര്‍ വളര്‍ന്ന്‌ ക്രിമിനല്‍ സ്വഭാവമുള്ളവരാകും.

കുട്ടികള്‍ക്കിടയില്‍ നാണം വളരെ സാധാരണയാണ്‌. ഒരു പരിധിവരെ നാണം കുട്ടികളില്‍ സ്വാഭാവികവുമാണ്. എന്നാല്‍, ഇത്‌ അമിതമാകുമ്പോഴാണ്‌ ശ്രദ്ധിക്കേണ്ടത്‌. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിക്കിടക്കുന്ന കുട്ടികളെന്ന്‌ ഇവരെക്കുറിച്ചു പറയും. സാധാരണഗതിയില്‍ കുട്ടി വളരുന്നതിനനുസരിച്ച്‌ ഈ സ്വഭാവത്തിന്‌ മാറ്റം വരും. എന്നാല്‍, നാണം ഒരു മാനസികപ്രശ്‌നമായി മാറിയവരില്‍ കുട്ടി വളര്‍ന്നാലും ലജ്ജാശീലവും ഭീരുത്വവും അധികരിച്ചുനില്‍ക്കുന്നു. ശരിയായ ചികിത്സ തേടേണ്ടുന്ന പ്രശ്നം തന്നെയാണിത്.

ഓട്ടിസം പോലുള്ള ജനിതകമായ കാരണങ്ങള്‍കൊണ്ടും കുട്ടികള്‍ക്ക്‌ സ്കൂളില്‍ പോകാനുള്ള മടിയും പെരുമാറ്റവൈകല്യങ്ങളും ഉണ്ടാകാം. ഇതിന്‌ ചികിത്സയുണ്ട്‌. വിദേശത്തും ഫ്ളാറ്റിലുമൊക്കെയായി താമസമാക്കിയവര്‍ക്കിടയിലാണ്‌ ജനിതകമായ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്‌. ഒരുതരം അന്തര്‍മുഖത്വം ബാധിച്ച കുട്ടികളെയും കാണാന്‍ കഴിയും. മറ്റു കുട്ടികളുടെ കളിപ്പാട്ടങ്ങളൊക്കെ എടുത്തുവച്ച്‌ ‘ഇത്‌ എനിക്ക്‌ വേണം, ഇത് എന്റെയാ’ എന്ന്‌ വാശിപിടിക്കുന്ന കുട്ടികള്‍. അവര്‍ക്ക്‌ അതിനെക്കുറിച്ചുള്ള തിരിച്ചറിവില്ല എന്നതാണ്‌ സത്യം. അത്‌ മനസ്സിലാക്കാതെ അടിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോള്‍ രംഗം കൂടുതല്‍ വഷളാകുന്നു.

വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികളില്‍ കണ്ടുവരുന്ന സ്വഭാവസവിശേഷതകളാണ് മേൽവിവരിച്ചതെല്ലാം. എന്നാല്‍ ഇവ മാറ്റമില്ലാതെ തുടര്‍ച്ചയായി കാണപ്പെടുമ്പോഴാണ്‌ വൈകല്യമാണോ എന്ന്‌ സംശയിക്കേണ്ടത്‌. ഇവ തിരിച്ചറിഞ്ഞ്‌ യഥാസമയം വേണ്ട ചികിത്സ ലഭ്യമാക്കുകയാണ്‌ പ്രധാനം.

ഡോ. സെമിച്ചൻ ജോസഫ്
(സാമൂഹ്യപ്രവർത്തകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here

Latest News