Monday, November 25, 2024

മിറക്കിൾ ഫ്രൂട്ടിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ

പേരുപോലെ തന്നെ അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു പഴമാണ് മിറക്കിൾ ഫ്രൂട്ട്. ‘മിറക്കിൾ ബെറി’ എന്നും അറിയപ്പെടുന്ന ഈ ഫലവർഗത്തെ ഔദ്യോഗികമായി കണ്ടെത്തിയത് 1725-ലാണ്. ഒരു ഫ്രഞ്ച് പര്യവേക്ഷകൻ പശ്ചിമാഫ്രിക്കയിൽ അതുവരെയും കണ്ടെത്താത്ത പഴങ്ങൾക്കായി തിരച്ചിൽ നടത്തുകയും ആ പ്രദേശത്തെ ആളുകൾ ‘മിറക്കിൾ ഫ്രൂട്ട്’ എന്ന തനതായ പഴം കഴിക്കുന്നത് ശ്രദ്ധിക്കുകയും ചെയ്തു.

ഘാനയിൽ നിന്നുള്ള ഒരുതരം കുറ്റിച്ചെടി വിഭാഗത്തിലാണ് മിറക്കിൾ ഫ്രൂട്ട് ചെടിയെ തരംതിരിച്ചിരിക്കുന്നത്. ഈ നിത്യഹരിത കുറ്റിച്ചെടികൾ ആസിഡ് മണ്ണ്, ഭാഗികമായ തണൽ, ഉയർന്ന ഈർപ്പം എന്നിവ ഇഷ്ടപ്പെടുന്നു. പക്ഷേ, അവയ്ക്ക് വരൾച്ചയും സൂര്യന്റെ ചൂടും അതിജീവിക്കാൻ കഴിയും. എന്നാൽ, ഈ കുറ്റിച്ചെടികൾക്ക് മഞ്ഞിനെ അതിജീവിക്കാൻ കഴിയില്ല.

മിറക്കിൾ ഫ്രൂട്ട് ചെടികൾക്ക് ഇടതൂർന്നതും ആകർഷകവുമായ ഇലകളും ഭംഗിയുള്ള ഫലവുമാണുള്ളത്. സാവധാനത്തിൽ വളരുന്ന ഈ കുറ്റിച്ചെടികൾക്ക് അവരുടെ ആവാസവ്യവസ്ഥയിൽ 15 അടി വരെ ഉയരമുണ്ടാകും. എന്നാൽ, മറ്റു പ്രദേശങ്ങളിൽ പലപ്പോഴും 5-6 അടി ഉയരമുണ്ട്. വിത്തിൽനിന്നാണ് മിറക്കിൾ ഫ്രൂട്ട് വളരുന്നത്. സാധാരണയായി ചെടികൾ 3-4 വയസ്സ് പ്രായമാകുമ്പോൾ കായ്ക്കാൻ തുടങ്ങും.

എന്താണ് മിറക്കിൾ ഫ്രൂട്ട്?

മിറക്കിൾ ഫ്രൂട്ട് വലിയ വിത്തോടുകൂടിയ ഒരു ചെറിയ ചുവന്ന പഴമാണ്. ഓരോ വർഷവും ചെടി പൂക്കുകയും 35-45 ദിവസത്തിനുള്ളിൽ ഫലങ്ങൾ രൂപംകൊള്ളുകയും ചെയ്യുന്നു. കടുംചുവപ്പ് ഫലങ്ങൾ സാധാരണയായി ചെറിയ, കനംകുറഞ്ഞ ശാഖകളുടെ അറ്റത്ത് ചെറിയ കൂട്ടങ്ങളായി തൂങ്ങിക്കിടക്കുന്നു.

രുചി

മിറക്കിൾ ഫ്രൂട്ടിന് മനോഹരമായ മധുരവും കൃത്യമായ സ്വാദുമുണ്ട്. എന്നാൽ, പഴം സാധാരണയായി അതിന്റെ രുചിക്കോ, പോഷകത്തിനോ വേണ്ടിയല്ല, മറിച്ച് മറ്റു പഴങ്ങളുടെ രുചിയെ നിയന്ത്രിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. മിറക്കിൾ ഫ്രൂട്ടിൽ മിറാക്കുലിൻ എന്ന ഗ്ലൈക്കോപ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ നാവിലെ പുളിയും കയ്പ്പുമുള്ള റിസപ്റ്ററുകളെ തടയുന്നു. മിറാക്കുലിന്റെ രുചി മാറ്റുന്ന സ്വഭാവം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും അരമണിക്കൂർ വരെ നീണ്ടുനിൽക്കും.

നിങ്ങൾ മിറക്കിൾ ഫ്രൂട്ട് കഴിക്കുകയാണെങ്കിൽ അതിനുശേഷം പുളിയുള്ള ഒരു നാരങ്ങ കഴിക്കുക. എന്നാൽ, പുളി അനുഭവപ്പെടാതെ മധുരമുള്ള നാരങ്ങയോ, ഓറഞ്ചോ കഴിക്കുന്നതുപോലെയായിരിക്കും അനുഭവപ്പെടുക. നമ്മുടെ പുളിച്ചതും കയ്പേറിയതുമായ രുചികൾ തടയുക മാത്രമല്ല, അസിഡിറ്റിയുള്ള ഭക്ഷണങ്ങളുടെ സാന്നിധ്യത്തിൽ മിറാക്കുലിൻ മധുരത്തിന്റെ രുചി വർധിപ്പിക്കുകയും ചെയ്യുന്നു.

ഗുണങ്ങൾ

കീമോതെറാപ്പി സ്വീകരിക്കുന്നവർക്ക് മിറക്കിൾ ഫ്രൂട്ട് സഹായകരമാണ്. കീമോ ചികിത്സ എടുക്കുന്നവർക്ക് ഭക്ഷണത്തിന് ലോഹരുചി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മിറക്കിൾ ഫ്രൂട്ട് കഴിച്ചതിനുശേഷം, കീമോ തെറാപ്പി എടുക്കുന്ന രോഗികൾ പലപ്പോഴും മാസങ്ങൾക്കുള്ളിൽ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കുന്നു.

മിറക്കിൾ ഫ്രൂട്ട് പുളിയും കയ്പും തടയാനും മധുര രുചി വർധിപ്പിക്കാനുമുള്ള കഴിവിന് പേരുകേട്ടതാണ്. മിറാക്കുലിൻ നാവിലെ ഉപ്പ് റിസപ്റ്ററുകളെ തടയുന്നു. സമുദ്രത്തിൽ ദീർഘദൂരം നീന്തുന്നവർക്കും കൊളോനോസ്കോപ്പിക്ക് തയ്യാറെടുക്കുന്നവർക്കും ഇത് കഴിക്കുന്നത് ഗുണം ചെയ്യും. മനുഷ്യശരീരത്തിന് ധാരാളം ആരോഗ്യകരമായ പോഷകങ്ങൾ അടങ്ങിയ, കുറഞ്ഞ കലോറിയും പഞ്ചസാരയുമില്ലാത്ത ഒരു പഴമാണിത്.

ചൂടാക്കിയാൽ, മിറാക്കുലിൻ നിർവീര്യമാക്കപ്പെടും. അതുകൊണ്ടുതന്നെ ചൂടാക്കിയ മിറക്കിൾ ഫ്രൂട്ട് കഴിച്ചാൽ ഇവ മറ്റു ഭക്ഷണങ്ങളുടെ രുചി മാറ്റില്ല. എന്നിരുന്നാലും, പഴങ്ങൾ ഫ്രീസ് ചെയ്തിട്ടുണ്ടെങ്കിൽ മിറാക്കുലിൻ എപ്പോഴും സജീവമാണ്. ഡയറ്റീഷ്യന്മാർക്കും പ്രമേഹരോഗികൾക്കും മിറക്കിൾ ഫ്രൂട്ടിൽ പ്രത്യേക താല്പര്യമുണ്ട്.

ജപ്പാനിൽ, പ്രമേഹമുള്ളവർക്ക് പലപ്പോഴും മിറാക്കിൾ ഫ്രൂട്ട് നിർദേശിക്കപ്പെടുന്നു. ഫ്രീസ്-ഡ്രൈഡ് മിറാക്കിൾ ഫ്രൂട്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ലഭ്യമാണ്. എന്നിരുന്നാലും, ചില രാജ്യങ്ങളിൽ മിറക്കിൾ ഫ്രൂട്ടിന്റെ ഗുണത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും സജീവമാണ്. മിറക്കിൾ ഫ്രൂട്ട് വളരാൻ കേരളത്തിലെ കാലാവസ്ഥയും അനുയോജ്യമാണ്.

Latest News