Saturday, June 7, 2025

‘ചോക്ലേറ്റ് ഹിൽ’: അടുത്തറിയാം ആ പേരും കാഴ്ചകളും

ഫിലിപ്പീൻസിലെ ബൊഹോൾ ദ്വീപിന്റെ ഹൃദയഭാഗത്താണ് ചോക്ലേറ്റ് ഹിൽ സ്ഥിതിചെയ്യുന്നത്. പേര് കേൾക്കുമ്പോൾ ചോക്ലേറ്റ് കമ്പനിയെ ഓർമ്മവരും. എങ്കിലും ഈ കുന്നുകളും ചോക്ലേറ്റും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നതാണ് വലിയൊരു ട്വിസ്റ്റ്. കോൺ ആകൃതിയിലുള്ള 1,200 ലധികം കുന്നുകൾ ചേർന്ന ഇവിടം വളരെക്കാലമായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. നിറയെ കൗതുകങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന ചോക്ലേറ്റ് ഹില്ലിന് നിരവധി കഥകളുണ്ട്. അവയിലൂടെ ഒരു യാത്ര നടത്തിയാലോ.

പേരുപോലെ തന്നെ

പേരുപോലെ ആദ്യകാഴ്ചയിൽതന്നെ ആകർഷണം തോന്നുന്നത്രയും മനോഹരമാണ് ചോക്ലേറ്റ് ഹിൽ. ചെറിയ ദ്വീപിന്റെ ഹൃദയഭാഗത്ത് കൂട്ടമായി കാണപ്പെടുന്ന മൃദുവായ ചരിഞ്ഞ കുന്നുകളാണ് ഇവ. വരണ്ട കാലാവസ്ഥയിൽ ഈ കുന്നുകൾ ചോക്ലേറ്റ് നിറമായി മാറുന്നതിലാണ് ഇവയ്ക്ക് ചോക്ലേറ്റ് കുന്നുകൾ എന്ന പേരുവീണത്. ‘കോണിക്കൽ കാർസ്റ്റ് ടോപ്പോഗ്രാഫി’ എന്നാണ് ഭൂമിശാസ്ത്രജ്ഞർ ഈ രൂപവത്കരണങ്ങളെ വിളിക്കുന്നത്.

ഒരേ കുന്നുകൾ; പല കഥകൾ

പ്രശസ്തവും ഏറെ കൗതുകമുണർത്തുന്നതുമായ പല കഥകളും ചോക്ലേറ്റ് കുന്നുകളെക്കുറിച്ചുണ്ട്. ഒരു ഇതിഹാസയുദ്ധത്തെ ആസ്പദമാക്കിയാണ് അതിലൊന്ന്. ഒരിക്കൽ അവിടെയുണ്ടായ യുദ്ധത്തിന്റെ ഫലമാണ് ഭീമാകാരമായ ഈ കുന്നുകളെന്നാണ് പറയപ്പെടുന്നത്. മറ്റൊന്ന് തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട ഒരാളുടെ കണ്ണുനീരിന്റെ ഫലമായി കുന്നുകൾ ഉണ്ടായതെന്നും പറയുന്നു.

പ്രത്യേകതയുള്ള ഭൂപ്രകൃതി

ചോക്ലേറ്റ് കുന്നുകളും അതിന്റെ തൊട്ടടുത്തുള്ള പ്രദേശങ്ങളും താരതമ്യേന പരന്നതും ഉരുണ്ടതുമായ ഭൂപ്രകൃതിയുള്ളവയാണ്. സമുദ്രനിരപ്പിൽ നിന്ന് നൂറുമീറ്റർ മുതൽ 500 മീറ്റർ വരെ ഉയരത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ഇതിന്റെ ശാസ്ത്രീയമൂല്യവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കണക്കിലെടുത്ത് 1988 ജൂൺ 18 ന് രാജ്യത്തെ മൂന്നാമത്തെ ദേശീയ ഭൂമിശാസ്ത്ര സ്മാരകമായി ഇത് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ‘ലോകത്തിലെ എട്ടാമത്തെ അദ്ഭുതം’ എന്നാണ് ഈ ഇത് അറിയപ്പെടുന്നത്.

കണ്ടാസ്വദിക്കാം, പക്ഷെ

ഒറ്റനോട്ടത്തിൽ കണ്ണുകളെ ആകർഷിക്കുന്ന ചോക്ലേറ്റ് ഹില്ലിൽ പക്ഷെ, കയറുക അസാധ്യമാണ്. ഇവ കണ്ട് ആസ്വദിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. ചോക്ലേറ്റ് കുന്നുകൾ കാണാൻ താൽപര്യമുള്ളവർ ഇവിടേക്ക് കയറാമെന്ന മോഹവുമായി വരേണ്ടതില്ല. കുന്നുകളുടെ കാഴ്ച കാണാനായി പ്രത്യേകമായി ഒരിടം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നാൽ ആ ഭൂപ്രകൃതിയെ കാണാം. വർഷം മുഴുവനും സന്ദർശകർക്കായി ചോക്ലേറ്റ് കുന്നുകൾ തുറന്നിരിക്കും. എന്നാൽ അവയുടെ അതിശയിപ്പിക്കുന്ന ചോക്ലേറ്റ് നിറം കാണാൻ ഏറ്റവും അനുയോജ്യമായ സമയം വരണ്ട കാലമാണ്. നവംബർ അവസാനം മുതൽ ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന സമയമാണ് ഇവിടെ ഭൂപ്രകൃതിയുടെ അദ്ഭുതം കാണാൻ വിനോദസഞ്ചാരികളുടെ തിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News