നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ വൈദികരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തീവ്രവാദികൾ ഇപ്പോൾ കൂടുതൽ ലക്ഷ്യം വെച്ചിരിക്കുന്നത് കത്തോലിക്കാ നേതാക്കളെയാണ്. വൈദികരും സമർപ്പിതരും ഉൾപ്പെടെയുള്ളവരെ തട്ടിക്കൊണ്ടു പോകുന്നതും ആക്രമിക്കുന്നതും വ്യാപകമാവുകയാണ്.
‘എന്റെ അനുഭവം നരകതുല്യമായിരുന്നു’
ജൂലൈ 15-ന്, നൈജീരിയയിലെ കടുന പ്രദേശത്തെ ഒരു പട്ടണമായ യാദിൻ ഗരുവിലെ ക്രൈസ്റ്റ് ദി കിംഗ് ഇടവകയിൽ നിന്നും ഫാ. ഡൊണാറ്റസ് ക്ലിയോഫാസിനെയും ഫാ. മാർക്ക് ചീറ്റ്‌നത്തെയും ആയുധധാരികളായ അഞ്ചുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി. രണ്ടുപേർ എകെ 47 തോക്കും മറ്റൊരാളുടെ കയ്യിൽ വടിവാളും മറ്റ് രണ്ട് പേർ വടികളും കൈവശം വച്ചിരുന്നുവെന്ന് ഫാ. ക്ലിയോഫാസ് പറയുന്നു. വിശുദ്ധ കുർബാനക്കായി തയ്യാറെടുത്ത രണ്ട് വൈദികരുടെയും ഫോണുകൾ അക്രമികൾ പിടിച്ചെടുത്തു. പിന്നീട് ഇടവകയ്ക്ക് സമീപമുള്ള ഒരു ചോളത്തോട്ടത്തിലെ ചെളി നിറഞ്ഞ മൈതാനത്തേക്ക് അവരെ കൊണ്ടുപോയി. അവിടെ വെച്ച്, ഫാ. മാർക്കിനെ വെടിവെച്ച് കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ മൃതദേഹം പൊതുനിരത്തിൽ ഉപേക്ഷിച്ച ശേഷം കൂടെയുള്ള വൈദികനെ അക്രമികൾ കൊണ്ടുപോയി.
“എനിക്ക് തോന്നുന്നത്, ഞങ്ങളെ തട്ടിക്കൊണ്ടു പോകുന്നതിനിടെ ഫാ. മാർക്ക് ഷൂസ് ധരിച്ചതിനാൽ ഞങ്ങളോടൊപ്പം വേഗതയിൽ നടക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലായിരുന്നു. അതിനാൽ അവർ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.” – അക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഫാ. ക്ലിയോഫാസ് വെളിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, സമീപ വർഷങ്ങളിൽ നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുകയാണ്. അതിൽ പുതിയ പ്രവണത വൈദികരെ തട്ടിക്കൊണ്ടു പോകുന്ന രീതിയാണ്.
തട്ടിക്കൊണ്ടുപോയി നാല് ദിവസത്തിന് ശേഷം ആണ് ഫാ. ക്ലിയോഫാസ് രക്ഷപ്പെടുന്നത്. “അവിടെ കഴിഞ്ഞപ്പോൾ എന്റെ അനുഭവം നരകതുല്യമായിരുന്നു. ഒരു ഘട്ടത്തിൽ, അവരുടെ കൂടെയുള്ളതിനേക്കാൾ മരണം പോലും ഞാൻ ആഗ്രഹിച്ചു. കാരണം അത്ര മനുഷ്യത്വരഹിതവും മൃഗീയവുമായിരുന്നു അത്. എന്നെ കൊല്ലാൻ പോകുകയാണെന്ന് അവർ എന്നോട് പറഞ്ഞു.” – വൈദികൻ വെളിപ്പെടുത്തുന്നു.
ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റാ പ്രോജക്റ്റ് (ACLED) അനുസരിച്ച്, ക്രിസ്ത്യാനികൾക്കെതിരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അക്രമങ്ങൾ വർദ്ധിച്ചു. 2020-നെ അപേക്ഷിച്ച് 2021-ൽ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ 21 ശതമാനം വർദ്ധിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം പ്രതിമാസ ആക്രമണങ്ങളും 25 ശതമാനത്തിലധികം വർദ്ധിച്ചു.
ജൂണിൽ, ഒൻഡോയിലെ ഒരു കത്തോലിക്കാ പള്ളിയിൽ തോക്കുധാരികൾ അമ്പതോളം വിശ്വാസികളെയാണ് കൊന്നൊടുക്കിയത്. ഇത് രാജ്യത്തിന്റെ അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ISWAP (ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ) ആണെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. എന്നാൽ ഈ സംഘടന ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. രാജ്യവ്യാപകമായി സായുധ സംഘങ്ങളുടെ പ്രവർത്തനങ്ങൾ അപകടകരമായ രീതിയിൽ വർദ്ധിക്കുന്നതിനാൽ സഭയ്‌ക്കെതിരായ ആക്രമണങ്ങൾ ക്രിസ്ത്യൻ നേതാക്കളെ കൂടുതലായി ലക്ഷ്യമിടുന്നതായി വിദഗ്ധർ പറയുന്നു.
വംശഹത്യ ഭീഷണി നേരിടുന്ന ക്രൈസ്തവ സമൂഹം
ഈ ഓഗസ്റ്റിൽ, തെക്കുകിഴക്കൻ സംസ്ഥാനമായ ഇമോയിൽ നിന്ന് നൈജർ ഡെൽറ്റയിലെ അയൽ സംസ്ഥാനമായ റിവേഴ്‌സ് സ്‌റ്റേറ്റിലേക്ക് നാല് സന്യാസിനിമാർ തട്ടിക്കൊണ്ടുപോകപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ രക്ഷപ്പെടുത്തിയതായി പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
യഥാർത്ഥത്തിൽ, 2020 ജനുവരിക്കും 2022 ജൂലൈയ്ക്കും ഇടയിൽ, നൈജീരിയൻ വൈദികർക്കെതിരെ 99 ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അതിൽ തട്ടിക്കൊണ്ടുപോകലുകൾ മുതൽ കൊലപാതകം വരെയുണ്ട്. നൈജീരിയ ബഹുമുഖ സുരക്ഷാ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, മതപരമായ കാരണങ്ങളാൽ പ്രചോദിതരായ സായുധ സംഘങ്ങൾ, കൊള്ളക്കാർ, അജ്ഞാത സായുധ സംഘങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം നോൺ-സ്റ്റേറ്റ് തീവ്രവാദികൾ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
“പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോകുന്നവർ പണം ലക്ഷ്യമിടുന്നവരാണ്. പുരോഹിതന്മാർ മോചനദ്രവ്യത്തിന്റെ കാര്യത്തിൽ ഉയർന്ന മൂല്യം നൽകുന്നു എന്നതും ഒരു കാരണമാണ്.” ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി സ്റ്റഡീസിലെ അബുജ ആസ്ഥാനമായുള്ള ഗവേഷകനായ മാലിക് സാമുവൽ പറഞ്ഞു.
ഈ കാലയളവിൽ 120 വൈദികരിൽ പകുതിയും – സെമിനാരിക്കാരും സന്യാസിമാരും ഉൾപ്പെടെ – തട്ടിക്കൊണ്ടുപോകുകയോ കൊല്ലപ്പെടുകയോ ചെയ്‌തതായി കത്തോലിക്കാ സഭ പുറത്തിറക്കിയ കണക്കുകൾ വെളിപ്പെടുത്തുന്നു. തട്ടിക്കൊണ്ടുപോയ വൈദികർക്ക് മോചനദ്രവ്യം നൽകുന്നതിനെക്കുറിച്ച് സഭ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല, എന്നിരുന്നാലും പണം നൽകുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ