കാന്‍സര്‍ രോഗം വന്നാല്‍ മരണം ഉറപ്പാണ്, ചികിത്സിച്ചു മാറ്റാനാവില്ല, പകരുന്ന രോഗമാണ് എന്നുതുടങ്ങി നിരവധി മിഥ്യാധാരണകൾ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ – സാങ്കേതികമേഖലയില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം പ്രചരണങ്ങള്‍ വ്യാപകമാകുന്നത് വിരോധാഭാസമാണ്. അതിനാല്‍ കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ടുള്ള തെറ്റിധാരണജനകമായ പ്രചരണങ്ങളെ തള്ളിക്കളയുന്നതിനും അതോടൊപ്പം രോഗത്തെ ക്രിയാത്മകമായി ചെറുത്തുതോല്പിക്കുന്നതിനുമുള്ള അവസരമാണ് ഒരോ ദേശീയ കാന്‍സര്‍ അവബോധദിനവും.
കാന്‍സറിനെ സമയബന്ധിതമായി ചെറുക്കുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായും എല്ലാ വർഷവും നവംബർ 7 -നാണ് ദേശീയ കാൻസർ ബോധവൽക്കരണ ദിനം ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ആലപ്പുഴ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 2019 -ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.
കാൻസർ അഥവാ അർബുദം എല്ലാവരിലും ഭീതിയുളവാക്കുന്ന ഒരു രോഗമാണ്. നല്ലൊരു ശതമാനം ജനങ്ങൾക്കും ഇതിനെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതും ഒട്ടേറെ തെറ്റിധാരണകൾ നിലനിൽക്കുന്നതുമായ ഒരു രോഗമാണിത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ പ്രവർത്തനങ്ങളും ശരിയായ രോഗനിർണ്ണയവും ചികിത്സയുമെല്ലാം യഥാസമയം നടത്തുന്നതിൽ പ്രയാസം നേരിടുന്നു. പൊതുജനങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്തുകൊണ്ട് വ്യാജചികിത്സകർ അഴിഞ്ഞാടുന്ന മേഖല കൂടിയാണിത്.
കാൻസർ എന്നാൽ എന്താണ്?
ഞണ്ട് എന്ന് അർഥമുള്ള കാർസിനോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചിട്ടുള്ളത്. ശരീരത്തെ കാർന്നുതിന്നുക എന്നാണ് കാർസിനോസ് എന്ന വാക്കിന്റെ അർഥം. ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ. നമ്മുടെ ശരീരത്തിലെ ഏതുതരം കോശങ്ങളെയും കാൻസർ ബാധിക്കാമെങ്കിലും കൂടുതൽ വേഗത്തിൽ വിഭജിക്കുന്ന കോശങ്ങൾക്കാണ് കാൻസർ സാധ്യത കൂടുതലുള്ളത്.
കാൻസർ ഒരു പുതിയ രോഗമാണോ?
കാൻസർ പുതിയ കാലത്തിന്റെ സൃഷ്ടിയാണെന്ന് പറയാനാകില്ല. പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളിൽപോലും കാൻസർ ബാധിച്ച കോശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ട ആയുർവേദഗ്രന്ഥങ്ങളിൽ വിവിധ തരത്തിലുള്ള അർബുദങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യനു മാത്രമാണോ കാൻസർ വരുന്നത്?
ഭൂമുഖത്ത്, പഠനം നടത്തിയിട്ടുള്ള ഒട്ടുമിക്ക ജീവജാലങ്ങളിലും കാൻസർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് മനുഷ്യനുമാത്രം വരുന്ന അസുഖമായി അർബുദത്തെ കാണാൻകഴിയില്ല.
കാൻസർ രോഗികളുടെ എണ്ണം കൂടിവരികയാണോ?
മുൻകാലത്തെ അപേക്ഷിച്ച് കാൻസർ രോഗികളുടെ എണ്ണം കൂടിവരികയാണെന്നതിൽ സംശയമില്ല. ആരോഗ്യപരമായ ജീവിതത്തിന് ഗുണപരമല്ലാത്ത ആഹാര-വിഹാര രീതികൾ കാൻസറുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ആധുനികവൈദ്യത്തിന്റെ വികാസത്തോടെ ഇപ്പോൾ ഒട്ടുമിക്ക കാൻസറുകളും രോഗനിർണ്ണയം ചെയ്യപ്പെടുന്നുണ്ട്. പണ്ടുകാലത്തൊക്കെ ശരീരത്തിൽ പുറമെ കാണാവുന്ന ഭാഗങ്ങളിലുണ്ടാകുന്ന മുഴകളോ, മറ്റ് വളർച്ചകളോ മാത്രമേ കാൻസറായി രോഗനിർണ്ണയം ചെയ്യപ്പെട്ടിരുന്നുള്ളൂ. ആന്തരികാവയവങ്ങൾ, രക്തം മുതലായ ഭാഗങ്ങളിലുണ്ടാകുന്ന കാൻസറുകളൊന്നും എണ്ണത്തിൽപെട്ടിരുന്നില്ല. ആമാശയത്തിലോ, കുടലിലോ ഒക്കെ കാൻസർവന്ന് മരിക്കുന്നത് ഗുല്മൻ വന്ന് മരിച്ചുവെന്നൊക്കെയാണ് പണ്ടുകാലത്ത് കണക്കാക്കിയിരുന്നത്.
പ്രായം കൂടുന്നതനുസരിച്ച് കാൻസർ വരാനുള്ള സാധ്യതയും കൂടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്റെ കൂടിയ ആയുർദൈർഘ്യം കാൻസറിന്റെ എണ്ണം കൂടാൻ മറ്റൊരു പ്രധാനകാരണമാണ്. കാൻസർ ബാധിച്ച രോഗികൾ മെച്ചപ്പെട്ട ചികിത്സകൾകൊണ്ട് കൂടുതൽകാലം ജീവിച്ചിരിക്കുന്നുവെന്നതും സമൂഹത്തിൽ മൊത്തത്തിലുള്ള കാൻസർ രോഗാതുരത കൂടാൻ കാരണമാകുന്നു.
കാൻസർ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
കാൻസറുണ്ടാകാനുള്ള മുഴുവൻ കാരണങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ കോശങ്ങൾക്കുണ്ടാകുന്ന നിരന്തരമായ പ്രകോപനം (irritation) കാൻസറിനുള്ള, തെളിയിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാനകാരണമാണ്. ചുണ്ണാമ്പുപോലെയുള്ള തീക്ഷ്ണപദാർഥങ്ങൾ ഉപയോഗിച്ച് മുറുക്കുന്നവരിൽ കാണുന്ന വായിലുണ്ടാകുന്ന അർബുദം ഇത്തരത്തിലുള്ളതാണ്. സിഗററ്റിന്റെയോ, ബീഡിയുടേയോ ഒക്കെ കത്തുന്നഭാഗം വായുടെ ഉള്ളിൽവച്ച് പുകവലിക്കുന്ന രീതികൾ ആന്ധ്രാപ്രദേശിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. അത്തരക്കാരുടെ വായിലുണ്ടാകുന്ന ചൂട്ടാ കാൻസറും ഇതേ കാരണത്താൽ ഉണ്ടാകുന്നവയാണ്. മദ്യം ഉപയോഗിക്കുന്നവർക്ക് ആമാശയത്തിലും കുടലിലുമുണ്ടാകുന്ന കാൻസറുകളും പുകവലിക്കുന്നവർക്ക് അധികമായുണ്ടാകുന്ന ശ്വാസകോശാർബുദവും ഉദാഹരണങ്ങളാണ്.
ചില കാൻസറുകൾ ബാക്ടീരിയ, വൈറസ് മുതലായ സൂക്ഷ്മജീവികളുടെ അണുബാധകൊണ്ട് ഉണ്ടാകുന്നുണ്ട്. സ്ത്രീകളിൽ ഗർഭാശയമുഖ കാൻസർ (cervical cancer) ഉണ്ടാക്കുന്നതിൽ ഹ്യൂമൻ പാപ്പിലോമ വൈറസുകളുടെ പങ്ക് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. കരളിനെ ബാധിക്കുന്ന അർബുദത്തിൽ ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസുകൾ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.
ആമാശയ കാൻസറുകളിൽ ഹെലികോ ബാക്ടർ പൈലോറി എന്ന ബാക്ടീരിയയുടെ പങ്ക് സംശയലേശമന്യേ കണ്ടെത്തിയിട്ടുള്ളതാണ്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ സ്തനങ്ങൾ, ഗർഭാശയം, പൗരുഷഗ്രന്ഥി (prostate gland) എന്നിവടങ്ങളിലെ അർബുദത്തിന് പ്രധാന കാരണമാണ്. അന്തരീക്ഷത്തിൽ സ്വാഭാവികമായിട്ടുള്ളതും മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്നതുമായ വികിരണങ്ങൾ അർബുദത്തിന് കാരണമായിത്തീരാനിടയുണ്ട്. സൂര്യപ്രകാശത്തിലുള്ള അൾട്രാവയലറ്റ് റേഡിയേഷനുകൾ ത്വക്കിലുണ്ടാകുന്ന കാൻസറുകൾക്ക് കാരണമാകാം. എക്സ്റേ കിരണങ്ങൾ അമിതമായി ശരീരത്തിലടിച്ചാൽ വിവിധതരം കാൻസറുകളുണ്ടാൻ സാധ്യതയുണ്ട്.
ചിലയിനം അർബുദങ്ങൾ തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്നവയാണ്. ആസ്ബറ്റോസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരിലുണ്ടാകുന്ന ശ്വാസകോശ സ്തരാർബുദം (mesothelioma), അനിലിൻ ഡൈ ഉപയോഗിച്ചുള്ള ജോലി ചെയ്യുന്നവരിലുണ്ടാകുന്ന മൂത്രാശയ കാൻസർ എന്നിവ തൊഴിൽജന്യമായ അർബുദങ്ങൾക്ക് ഉദാഹരണങ്ങളാണ്. ചിലയിനം കാൻസറുകൾ പാരമ്പര്യമായുണ്ടാകാനുള്ള പ്രവണതയുണ്ട്.അണ്ഡാശയം, വൃഷണം, വൃക്കകൾ, സ്തനം തുടങ്ങിയ അവയവങ്ങളിലുള്ള അർബുദങ്ങൾ ഇത്തരത്തിൽപെട്ടവയാണ്.
എന്തൊക്കെയാണ് കാൻസറിന്റെ ലക്ഷണങ്ങൾ?
വിവിധയിനം കാൻസറുകൾക്ക് വ്യത്യസ്തങ്ങളായ ലക്ഷണങ്ങളുണ്ടാകാം. മുഴകളും അസാധാരണമായ വളർച്ചകളുമാണ് സാധാരണക്കാരായ ജനങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കുന്ന ലക്ഷണങ്ങൾ. മിക്ക കാൻസറുകളും അധികരിച്ചിരിക്കുന്ന അവസ്ഥയിൽ വിളർച്ച (അനീമിയ) ഉണ്ടാകാം. ദീർഘകാലമായിട്ടുള്ളതും വിട്ടുമാറാത്തതും കാരണം കണ്ടെത്താനാകാത്തതുമായ പനി, വിളർച്ച, കഴലകൾ (lymph nodes) വലുതാകുക, അമിതമായ ക്ഷീണം എന്നിവയൊക്കെ രക്തത്തെയും മജ്ജയെയും ബാധിക്കുന്ന അർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത നടുവുവേദന, മലശോധനയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, മലത്തിൽ രക്തത്തിന്റെ അംശം കാണുക തുടങ്ങിയ ലക്ഷണങ്ങൾ കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാൻസറുകളിൽ കാണുന്നു.
കൂടുതൽ കാലം നീണ്ടുനിൽക്കുന്ന ചുമ, ശബ്ദവ്യത്യാസം, ചുമച്ചുതുപ്പുമ്പോൾ കഫത്തിൽ രക്തം കലർന്നിരിക്കുക എന്നിവയൊക്കെയുണ്ടെങ്കിൽ ശ്വാസകോശത്തെ ബാധിക്കുന്ന അർബുദം സംശയിക്കണം. ഭക്ഷണമിറക്കാനുള്ള പ്രയാസം, ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന നിറവ്യത്യാസങ്ങൾ ഇവയൊക്കെ ആമാശയത്തിലുണ്ടാകുന്ന അർബുദത്തിന്റെ ലക്ഷണമായി വരാം. ആർത്തവകാലത്തും അതിനുശേഷവും ഉണ്ടായേക്കാവുന്ന അമിതമായ രക്തസ്രാവം ഗർഭാശയ അർബുദത്തിന്റെ ലക്ഷണമാകാം. മൂത്രതടസവും മൂത്രത്തിൽ രക്തം കാണുന്നതുമൊക്കെ കിഡ്നിയിലും മൂത്രാശയത്തിലുമൊക്കെ കാൻസർ ഉള്ളതിന്റെ സൂചകങ്ങളാകാൻ സാധ്യതയുണ്ട്. വളരെ പെട്ടെന്നു വളരുന്ന മറുകുകൾ തൊലിപ്പുറത്തുണ്ടാകുന്ന കാൻസറിന്റെ ലക്ഷണമായിരിക്കാം.
കാൻസറുകൾ എങ്ങനെ കണ്ടെത്താം?
മുകളിൽ പറഞ്ഞ ലക്ഷണങ്ങളുള്ളവർ അവരുടെ കുടുംബ ഡോക്ടറെ കണ്ട് വിദഗ്ധാഭിപ്രായം തേടണം. എല്ലാ മുഴകളും പ്രശ്നക്കാരാവണമെന്നില്ല. സംശയകരമായ മുഴകളിൽ നിന്നോ, വളർച്ചകളിൽ നിന്നോ, കുത്തിയെടുത്തോ, ബയോപ്സി ചെയ്തോ പരിശോധിക്കാം. രക്തവും മജ്ജയും പരിശോധിച്ച് രക്താർബുദം പോലെയുള്ള കാൻസറുകൾ കണ്ടെത്താം. അൾട്രാസൗണ്ട്, CT, MRI,PET എന്നിങ്ങനെയുള്ള സ്കാനുകൾ രോഗനിർണ്ണയത്തിനും രോഗത്തിന്റെ വ്യാപനം അറിയുന്നതിനും ഉപയോഗിക്കാറുണ്ട്.
ചില കാൻസറുകൾ ലക്ഷണങ്ങൾ ഉണ്ടാകുന്നതിനുമുൻപുതന്നെ കണ്ടെത്താനുള്ള സംവിധാനങ്ങളുണ്ട്. ആദ്യഘട്ടത്തിൽ കണ്ടെത്തുന്ന അർബുദത്തിനെ ചികിത്സിച്ച് ഭേദമാക്കാൻ എളുപ്പമാണ്. ഗർഭാശയമുഖ കാൻസർ വളരെ നേരത്തെതന്നെ കണ്ടെത്താൻ കൃത്യമായ ഇടവേളകളിൽ നടത്തുന്ന പാപ് സ്മിയർ പരിശോധനകൊണ്ട് സാധിക്കും. പൗരുഷഗ്രന്ഥിയെ ബാധിക്കുന്ന കാൻസറുകൾ ഒരു പരിധിവരെ കൃത്യതയോടെ കണ്ടെത്താൻ PSA എന്ന രക്തപരിശോധന ഉപയോഗിക്കാം.
കുടലുകളിലെ കാൻസർ മുൻകൂട്ടി അറിയാൻ രക്തത്തിലെ CEA അളവ് നോക്കാറുണ്ട്. സ്തനപരിശോധന, മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ എന്നിവയൊക്കെ സ്തനാർബുദം ആദ്യഘട്ടത്തിൽതന്നെ കണ്ടെത്താൻ സഹായകമാണ്.ഇത്തരം പരിശോധനകൾ നിങ്ങളുടെ കുടുംബഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്.
കാൻസറിന് ഫലപ്രദമായ ചികിത്സയുണ്ടോ?
ആദ്യഘട്ടത്തിൽ കണ്ടെത്തുന്ന ഒട്ടുമിക്ക കാൻസറുകളും പൂർണമായി ചികിത്സിച്ച് ഭേദപ്പെടുത്താനാവുന്നവയാണ്. കീമോതെറാപ്പി, സർജറി, റേഡിയേഷൻ എന്നിവയൊക്കെയാണ് ചികിത്സകൾ. ചില കാൻസറുകൾക്ക് ഇവയെല്ലാം ഒരുമിച്ച് കൊടുക്കേണ്ടിവരാറുണ്ട്. വേഗത്തിൽ വളരുന്ന കോശങ്ങളെ ലക്ഷ്യംവയ്ക്കുന്നതുകൊണ്ട് കീമോതെറാപ്പിയുടെ ഭാഗമായി മുടിയും രോമവും കൊഴിയുമെങ്കിലും ചികിത്സ കഴിഞ്ഞാൽ സാധാരണ രീതിയിലേക്ക് തിരിച്ചുവരും. കാൻസറുള്ള കോശങ്ങളെമാത്രം നശിപ്പിക്കുന്ന ടാർജറ്റഡ് കീമോതെറാപ്പികൾവഴി മറ്റ് കോശങ്ങൾക്കുള്ള പാർശ്വഫലങ്ങൾ കുറവായിരിക്കും. വളരെ വൈകിമാത്രം കണ്ടെത്തുന്നവയും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചതുമായ രോഗം പൂർണമായി സുഖപ്പെടുത്താൻ സാധിച്ചെന്നുവരില്ല. എങ്കിലും ചികിത്സകൾകൊണ്ട് രോഗിയുടെ ആയുസ്സ് നീട്ടിക്കിട്ടുന്നതിനും മെച്ചപ്പെട്ട ഗുണമേന്മയുള്ള ജീവിതം നൽകുന്നതിനും സാധിക്കും. നമ്മുടെ പ്രിയപ്പെട്ടവരുടെ ആയുസ്സ് ഒരു ദിവസമെങ്കിലും നീട്ടിക്കിട്ടുന്നത് ചെറിയ കാര്യമല്ല.
ചികിത്സിച്ചാൽ ഭേദമാകില്ലെന്നുറപ്പുള്ളതും രോഗിയുടെ അന്ത്യമടുത്തതുമായ അവസ്ഥയിൽ പാലിയേറ്റീവ് കെയർ (സാന്ത്വന പരിചരണം) ആണ് അഭികാമ്യമായിട്ടുള്ളത്. ‘സഫലമീ യാത്ര’ എന്ന കവിതയിൽ എൻ.എൻ കക്കാട് പറഞ്ഞതുപോലെ, ‘ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളിൽ’ എന്നതാണ് നമ്മുടെ ലക്ഷ്യം. അതികഠിനമായ വേദനയുള്ളവർക്ക് മോർഫിൻ പോലെയുള്ള വേദനസംഹാരികൾ ഉപയോഗിക്കാം. ശ്വാസകോശാർബുദം പോലെയുള്ള കാൻസറുകളിൽ ശ്വാസതടസ്സം കുറയ്ക്കുന്നതിന് മുഴ സർജറി ചെയ്തുമാറ്റുകയോ, റേഡിയേഷൻ കൊടുക്കുകയോ, നീര് കുത്തിയെടുക്കുകയോ ഒക്കെ ചെയ്യാറുണ്ട്.
കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം?
ആരോഗ്യകരമായ ആഹാര-വിഹാര രീതികൾ ശീലിക്കുകയാണ് ഏറ്റവും പ്രധാനം. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും വേണ്ടത്ര അളവിൽ ഉൾപ്പെടുത്തുക. ശാരീരികവ്യായാമങ്ങളിൽ ഏർപ്പെടുക. കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ പരമാവധി ഒഴിവാക്കുക. ബീഫ്, പന്നി എന്നിങ്ങനെയുള്ള ചുവന്നമാംസം കഴിക്കുന്നത് കുറയ്ക്കുക. പുകവലി, അമിതമായ മദ്യപാനം, പാൻ മസാലകളുടെ ഉപയോഗം എന്നിവ ഒഴിവാക്കുക.
കൂടുതൽ കാലം മുലയൂട്ടുന്നത് സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കും. ആമാശയത്തിലെ അൾസറിനു കാരണമാകുന്ന ഹെലികോ ബാക്ടർ പൈലോറി എന്ന ബാക്ടീരിയക്കെതിരായ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ഇറാഡിക്കേഷൻ തെറാപ്പി കൊടുത്താൽ അർബുദമുണ്ടാകാനുള്ള സാധ്യത കുറയും. ഗർഭാശയമുഖ കാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ വാക്സിൻ വളരെയേറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഇത്തരം വാക്സിനുകൾ യഥാസമയം എടുക്കുന്നതുകൊണ്ടും വളരെ നേരത്തെതന്നെ രോഗനിർണയം നടത്തി ചികിത്സിക്കുന്നതുകൊണ്ടും ഗർഭാശയമുഖ കാൻസറുകൾകൊണ്ടുള്ള മരണനിരക്ക് വികസിതരാജ്യങ്ങളിൽ വളരെ കുറവാണ്. ലിവർ കാൻസറിനു കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് – ബി ക്ക് എതിരായുള്ള പ്രതിരോധ വാക്സിനും ലഭ്യമാണ്. നിങ്ങളുടെ കുടുംബഡോക്ടറുമായി കൂടിയാലോചിച്ച് ഇതുപോലുള്ള വാക്സിനുകൾ സ്വീകരിക്കാവുന്നതാണ്.
ഡോ. ബിജിന്‍ ജോസഫ് (കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം)