Sunday, November 24, 2024

ഇന്ന്, ദേശീയ ഊര്‍ജ സംരക്ഷണ ദിനം

ഇന്ത്യയില്‍ ഊര്‍ജസംരക്ഷണ നിയമം നടപ്പിലാക്കിയത്, 2001 ല്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ്. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ഭരണഘടനാ സമിതിയാണ് ഇത്. ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സമിതി.

ഊര്‍ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 14 ന് ലോക ഊര്‍ജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ഊര്‍ജ മന്ത്രാലയം ഡിസംബര്‍ എട്ടു മുതല്‍ 14 വരെ ഊര്‍ജ സംരക്ഷണ വാരമായും ആചരിക്കുന്നു.

ഊര്‍ജത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കുറഞ്ഞ തോതില്‍ ഊര്‍ജം ഉപയോഗിച്ചുകൊണ്ട്, അമൂല്യമായ ഊര്‍ജം സംരക്ഷിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭാവിയിലെ ഉപയോഗത്തിനായി ഊര്‍ജത്തിന്റെ അമിതോപയോഗം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.

വ്യവസായ മേഖലയില്‍ ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നവര്‍ക്കായി ദേശീയ ഊര്‍ജ സംരക്ഷണ പുരസ്‌കാരങ്ങള്‍ (എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ്) നല്‍കാറുണ്ട്. ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ട പെയിന്റിംഗ് മത്സരങ്ങള്‍ നടത്തി ദേശീയ തലത്തിലെ വിജയികള്‍ക്കും ബിഇഇ പുരസ്‌കാരങ്ങള്‍ നല്‍കുന്നു.

വ്യവസായങ്ങള്‍, സോണല്‍ റെയില്‍വേകള്‍, കെട്ടിടങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വൈദ്യുതി വിതരണ കമ്പനികള്‍, നഗരസഭകള്‍ തുടങ്ങിയവയിലെ ഊര്‍ജ ഉപഭോഗം നിയന്ത്രിക്കുന്ന മാതൃകകളും ബോധവല്‍ക്കരണവും പുത്തന്‍ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ബിഇഇ നിര്‍ദേശിക്കുന്ന സ്റ്റാര്‍ ലേബല്‍ പാലിച്ച് ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുന്നവരേയും ഊര്‍ജം ലാഭിക്കുന്ന മോഡലുകള്‍ സൃഷ്ടിക്കുന്നവരേയും പുരസ്‌കാരത്തിനും പരിഗണിക്കാറുണ്ട്.

Latest News