Friday, April 4, 2025

ദേശീയ പാര്‍ട്ടിയാകാന്‍ ആപ്: മാനദണ്ഡങ്ങൾ പരിചയപ്പെടാം

രാജ്യം തെരഞ്ഞെടുപ്പുചൂടില്‍ നില്‍ക്കുമ്പോള്‍ ദേശിയ പാര്‍ട്ടി എന്ന നിലയിലേക്ക് ഉയരാനുളള പരിശ്രമത്തിലാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി ആപ് ശ്രദ്ധ നേടിയിരുന്നു.

രണ്ട് സംസ്ഥാന ഭരണവും, ബിജെപി- യില്‍ നിന്നും അധികാരം പിടിച്ചെടുത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണവും ആം ആദ്മിയെ ദേശിയ പാര്‍ട്ടിയാക്കുമോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം
ആം ആദ്മിയുടെ ആസ്ഥാനത്ത് ദേശിയ പാര്‍ട്ടി എന്ന് ഉള്ളടക്കമുള്ള ചില പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ പതിച്ചത് വലിയ വാര്‍ത്തയായിരുന്നു.

എന്തുകൊണ്ടാണ് ആപ് പ്രവര്‍ത്തകര്‍ ഇത്തരമൊരു പോസ്റ്റര്‍ പതിച്ചത്? കേവലം പഞ്ചാബ്, ഡല്‍ഹി സംസ്ഥാനത്തു മാത്രം ഭരണമുള്ള ആപിന് ദേശിയ പാര്‍ട്ടി പദവി ലഭിക്കുമോ? ലഭിക്കും എന്നു തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാരത് ജനതാ പാര്‍ട്ടി, ബി.എസ്.പി, ടിഎംസി, എൻസിപി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), എന്‍പിപി തുടങ്ങി 8 പാർട്ടികൾക്കാണ് രാജ്യത്ത് ദേശീയ പാർട്ടി പദവിയുള്ളത്. ഇതില്‍ നാഷണൽ പീപ്പിൾസ് പാർട്ടി അതായത് എൻപിപി- ക്ക് 2019-ലാണ് ദേശീയ പാർട്ടി പദവി ലഭിച്ചത്. എന്നാല്‍ രാജ്യത്ത് ചെറുതും വലുതുമായ നിരവധി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഒരു രാഷ്ട്രീയ സംഘടനക്ക് സംസ്ഥാന-ദേശീയ പാര്‍ട്ടി സ്ഥാനം ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ആവശ്യമാണ്.അവ ഏതൊക്കെയെന്ന് ഒന്ന് മനസിലാക്കാം.

പ്രാദേശിക-സംസ്ഥാന പാർട്ടി പദവി?.

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള ഒരു വ്യവസ്ഥ, നാല് സംസ്ഥാനങ്ങളിൽ ഒരു പ്രാദേശിക പാർട്ടിയുടെ പദവി നേടുക എന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലോ, നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു സംസ്ഥാനത്ത് എട്ട് ശതമാനം വോട്ട് നേടിയാലാണ് ഒരു രാഷ്ട്രിയ സംഘടനക്ക് പ്രാദേശിക പാർട്ടി എന്ന പദവി ലഭിക്കുന്നത്.

അതേപോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് ആറ് ശതമാനം വോട്ട് ലഭിക്കുകയും ആ പാർട്ടി രണ്ടു സീറ്റ് നേടുകയും ചെയ്താൽ ആ രാഷ്ട്രീയ സംഘടനക്ക് സംസ്ഥാന പാർട്ടി പദവി ലഭിക്കും. കൂടാതെ,
നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടിയാൽ, വോട്ട് ശതമാനം ആറു ശതമാനത്തിൽ കുറവാണെങ്കിലും സംസ്ഥാന പാർട്ടി പദവി ലഭിക്കും.

ദേശീയ പാർട്ടിയാകുന്നതിനുള്ള വ്യവസ്ഥകൾ

ഒരു പാർട്ടിക്ക് നാല് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടി പദവി ലഭിച്ചാലോ, മൂന്ന് സംസ്ഥാനങ്ങൾ കൂട്ടിയോജിപ്പിച്ച് ഒരു പാർട്ടി ലോക്സഭയിൽ 3മൂന്നു ശതമാനം സീറ്റ് നേടിയാലോ ആ രാഷ്ട്രീയ സംഘടനക്ക് ദേശീയ പാർട്ടി പദവി ലഭിക്കും. അതായത് 11 സീറ്റുകൾ നേടേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ സീറ്റുകൾ കേവലം ഒരു സംസ്ഥാനത്ത് നിന്നുള്ളതാകരുത്, മറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കണം.

മറ്റൊരു നിബന്ധന, ലോക്സഭാ തെരഞ്ഞെടുപ്പിലോ, നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് നാല് ലോക്സഭാ സീറ്റുകൾക്കു പുറമേ നാല് സംസ്ഥാനങ്ങളിൽ ആറു ശതമാനം വോട്ടുകൾ ലഭിച്ചാലും ഒരു ദേശീയ പാർട്ടിയായി കണക്കാക്കപ്പെടാം എന്നാണ്. ഏതെങ്കിലും പാർട്ടി ഈ മൂന്ന് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പാലിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന് ദേശീയ പാർട്ടി പദവി നൽകുന്നു.

എഎപി ദേശീയ പാർട്ടി?

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി 6.8 ശതമാനം വോട്ട് നേടിയതിനെ തുടര്‍ന്ന് ഗോവയിൽ ആം ആദ്മി പാർട്ടി അംഗീകൃത പാർട്ടിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അരവിന്ദ് കേജ്രിവാളിന്റെ പാർട്ടി മറ്റൊരു സംസ്ഥാനത്ത് അംഗീകാരം ലഭിച്ചാൽ ഔദ്യോഗികമായി ദേശീയ പാർട്ടി പദവി ലഭിക്കുന്നതിന് തടസങ്ങളില്ല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ലഭിച്ചതിനാല്‍ ദേശീയ പാർട്ടി പദവിക്കായി എഎപി- ക്ക് അവകാശവാദം ഉന്നയിക്കാം.

Latest News