Monday, November 25, 2024

ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം; അറിയാം ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

ഇന്ത്യയില്‍, ടൂറിസം ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന വ്യവസായങ്ങളിലൊന്നാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും വിനോദസഞ്ചാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമ്പന്നമായ സംസ്‌കാരവും പൈതൃകവുമുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യത്ത് കാണാനും ആസ്വദിക്കാനും നിരവധി മനോഹരങ്ങളായ സ്ഥലങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ട്. ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും പിന്നില്‍ നിരവധി ചരിത്രങ്ങളും പുരാണകഥകളുമുണ്ടാകും. ഇത് ഈ സ്ഥലങ്ങളെ കൂടുതല്‍ സവിശേഷമാക്കുന്നു.

ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ ചരിത്രം

1948 ല്‍, ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ കണക്കെടുക്കുകയും രാജ്യത്തെ ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാര്‍ മനസ്സിലാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ടൂറിസം വകുപ്പ് രൂപീകരിച്ചു. നമ്മുടെ ദേശീയ പൈതൃകം സംരക്ഷിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളെ വിനോദസഞ്ചാര സൗഹൃദമാക്കുകയും അവയുടെ സൗന്ദര്യം കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു വകുപ്പ് രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യം.

ഇന്ത്യ എല്ലാ വര്‍ഷവും ധാരാളം വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ മാസങ്ങളോളം ഇന്ത്യയില്‍ തങ്ങി പ്രകൃതി ഭംഗി ആസ്വദിച്ച് മടങ്ങാറുണ്ട്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ജനുവരി 25 ദേശീയ വിനോദസഞ്ചാര ദിനമായി ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും വ്യത്യസ്തമായ ഒരു തീം ഈ ദിനത്തിന് നല്‍കാറുണ്ട്. വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാല്‍ ഈ ദിനത്തിന് പ്രാധാന്യമേറുന്നു.

ഈ വര്‍ഷത്തെ സന്ദേശം

‘സുസ്ഥിര യാത്രകളും അനന്തമായ ഓര്‍മകളും’ എന്നതാണ് ഇക്കുറി ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ സന്ദേശം. സ്വന്തം നാട്ടിലെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രത്യേകതകളും പ്രകൃതിയൊരുക്കിയ അത്ഭുതങ്ങളും കണ്ടറിയേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നുണ്ട് ഓരോ ദേശീയ വിനോദസഞ്ചാര ദിനവും.

ഇന്ത്യന്‍ ടൂറിസം വളര്‍ച്ചയുടെ പാതയില്‍

2023 ല്‍ മാത്രം ഏകദേശം 16.5 ട്രില്യണ്‍ രൂപയുടെ വളര്‍ച്ചയാണ് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖല കൈവരിച്ചത്. 2023 ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. പരമ്പരാഗത ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് ഒപ്പം പുതിയ ഡെസ്റ്റിനേഷനുകളും ഇന്ത്യയുടെ ടൂറിസം മാപ്പില്‍ ഇക്കഴിഞ്ഞ വര്‍ഷം ഇടം പിടിച്ചു. വര്‍ക്കല (കേരളം), യേര്‍ക്കാട് (തമിഴ്നാട്), മന്ദര്‍മണി (പശ്ചിമ ബംഗാള്‍), ഗോകര്‍ണ (കര്‍ണാടക), കുംഭല്‍ഗഡ് (രാജസ്ഥാന്‍) തുടങ്ങിയ സ്ഥലങ്ങള്‍ ഇതിന് ഉദാഹണമാണ്.

 

 

Latest News