മോത്തിലാല്‍ നെഹ്‌റു – സ്വരൂപ് റാണി ദമ്പതികളുടെ മകനായി 1889 നവംബര്‍ 14-ന് അലഹബാദിലാണ് ജവഹര്‍ ലാല്‍ നെഹ്‌റു ജനിച്ചത്. വീട്ടിലെ ‘വിലയേറിയ രത്നം’ എന്ന നിലയ്ക്കാണ് ജവഹര്‍ എന്ന പേര് ആ ബാലന് ലഭിച്ചത്.
മികച്ച വിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസം യൂറോപ്യന്‍ അധ്യാപകരുടെ ശിക്ഷണത്തിലാണ് ജവഹറിന് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസം നേടാന്‍ ഇംഗ്ലണ്ടിലേയ്ക്കു പോയ ജവഹര്‍, ഹാരോവിലെ പബ്ലിക് സ്‌കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രി, ജിയോളജി, ബോട്ടണി എന്നിവയില്‍ ബിരുദം നേടി. ഏഴുകൊല്ലം ഇംഗ്ലണ്ടില്‍ പഠിച്ചശേഷം 1912 ല്‍ ജവഹര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അലഹബാദ് ഹൈക്കോടതിയില്‍ ബാരിസ്റ്ററായി പ്രാക്ടീസ് ആരംഭിച്ചുവെങ്കിലും ഇന്ത്യയിലാരംഭിച്ച ഹോംറൂള്‍ പ്രസ്ഥാനം, ബ്രിട്ടീഷ് സാമ്രാജ്യശക്തിയുടെ മര്‍ദനനയം, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എന്നിവ നെഹ്റുവിനെ സ്വാതന്ത്രസമര പ്രസ്ഥാനത്തിലേയ്ക്ക് ആനയിച്ചു.
ഗാന്ധിജിയുടെ പ്രിയശിഷ്യന്‍
രക്തസാക്ഷിത്വം വരിക്കുന്നതിനു വളരെ മുമ്പുതന്നെ ഗാന്ധിജി, നെഹ്റുവിനെ തന്റെ രാഷ്ട്രീയാവകാശിയായി കണ്ടിരുന്നു. ‘ഞാന്‍ പോയാല്‍ നെഹ്റു എന്റെ ഭാഷയില്‍ സംസാരിക്കും’ എന്ന് മഹാത്മാഗാന്ധി പ്രഖ്യാപിച്ചിരുന്നു.
തനിക്കെതിരെ വ്യാജപേരില്‍ ലേഖനമെഴുതിയ നെഹ്റു
ഇന്ത്യയ്ക്ക് നെഹ്റു നല്‍കിയ സംഭാവനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജനാധിപത്യമൂല്യങ്ങള്‍ തന്നെയായിരുന്നു. തന്നിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നു എന്നു തോന്നിയ സമയത്ത് വ്യക്തിയിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ വ്യാജപേരില്‍ ലേഖനമെഴുതിയിട്ടുണ്ട്. ‘അയാള്‍ തീര്‍ച്ചയായും ചോദ്യംചെയ്യപ്പെടണം’ എന്ന് നെഹ്റു ആ ലേഖനത്തില്‍ ആവശ്യപ്പെട്ടു.
നെഹ്റു എന്ന നേതാവ്
ജനങ്ങളാണ് അധികാരം ഏല്‍പ്പിച്ചതെന്ന കാര്യം ഒരിക്കല്‍പ്പോലും നെഹ്റുവിനെ ഓര്‍മിപ്പിക്കേണ്ടി വന്നില്ല. മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആര്‍ക്കും തന്നെ വന്നുകാണാന്‍ ദിവസവും ഒരുമണിക്കൂര്‍ അദ്ദേഹം മാറ്റിവച്ചിരുന്നു. എന്തായിരിക്കും ഏറ്റവും വലിയ നേട്ടമായി താങ്കള്‍ കരുതുന്നതെന്ന് അമേരിക്കന്‍ പത്രാധിപരായിരുന്ന നോര്‍മന്‍ കസിന്‍സ് ഒരിക്കല്‍ നെഹ്റുവിനോട് ചോദിച്ചു. നെഹ്റു പറഞ്ഞു, ‘നാനൂറ് ദശലക്ഷം ആളുകളെ സ്വയംഭരണത്തിന് പ്രാപ്തരാക്കുക എന്നത്’.
നെഹ്റുവിന് ശേഷം ആര്, എന്ത്
നെഹ്റു നേതൃത്വം നല്‍കിയ രാജ്യം, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അസാധ്യമെന്ന് തോന്നിപ്പോകുമായിരുന്നു. നെഹ്റു മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് അമേരിക്കന്‍ ജേണലിസ്റ്റായ വെല്ലസ് ഹാങ്ങന്‍ ‘നെഹ്റുവിന് ശേഷം ആര്?’ എന്ന പേരിലൊരു പുസ്തകമെഴുതി. ആ ചോദ്യത്തേക്കാള്‍ ലോകത്തിന് അന്നറിയാന്‍ ആഗ്രഹം ‘നെഹ്റുവിന് ശേഷം എന്ത്?’ എന്നായിരുന്നു. ഇതില്‍ നിന്നുതന്നെ വ്യക്തമാകും, ഇന്ത്യയെന്ന മഹാരാജ്യത്തിന് നെഹ്റു ആരായിരുന്നു എന്ന്.
കുട്ടികളുടെ ചാച്ചാ നെഹ്റു
രാഷ്ട്രത്തിന്റെ ആദ്യപ്രധാനമന്ത്രി എന്ന നിലയില്‍ മാത്രമല്ല ജവഹര്‍ലാല്‍ നെഹ്റു കുട്ടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു പനിനീര്‍പ്പൂവിന്റെ സ്നേഹസൗരഭ്യത്തോടെ കുട്ടികളെ സ്നേഹിച്ച നേതാവെന്ന നിലയിലാണ്. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ ഓര്‍മിപ്പിച്ചിരുന്നു, ചാച്ചാജി. തിരക്കുപിടിച്ച ജീവിതവേളയിലും കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തയ്യാറായ ജവഹര്‍ലാല്‍ നെഹ്റു ഇക്കാര്യത്തില്‍ മാതൃകയാണ്. കുട്ടികളോട് കളിച്ചും ചിരിച്ചും സംസാരിച്ചും സമയം ചെലവഴിക്കാന്‍ നെഹ്റുവിന് ഇഷ്ടമായിരുന്നു. പൂക്കളെയും കുഞ്ഞുങ്ങളെയും വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തതുകൊണ്ട് കുട്ടികള്‍ അദ്ദേഹത്തെ ‘ചാച്ചാ നെഹ്റു’ എന്നു വിളിച്ചു. ഇന്ത്യയില്‍ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു.
ഏറ്റവും ആദ്യം എറ്റവും അധികം
ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വ്യക്തി നെഹ്റുവാണ്. അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി, ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി, ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി, അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി, പോസ്റ്റല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാന മന്ത്രി, നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി എന്നിവയെല്ലൊം ജവഹര്‍ലാല്‍ നെഹ്റുവാണ്.
ജയിലറ എഴുത്തിന് വേദിയായപ്പോള്‍
വിദഗ്ധനായ ഗ്രന്ഥകാരന്‍ കൂടിയാണ് നെഹ്റു. ബ്രിട്ടന്‍ ജയിലിലടച്ചപ്പോള്‍ ജയിലറയെ എഴുത്തുശാലയായി കരുതി ജവഹര്‍ ഗ്രന്ഥപാരായണത്തില്‍ മുഴുകി. തൂലികയെ പടവാളാക്കിയ നെഹ്റുവിന്റെ സ്വതന്ത്രചിന്തയെ ചങ്ങലയ്ക്കിടാന്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് കഴിഞ്ഞില്ല. ‘ആത്മകഥ’, ‘വിശ്വചരിത്രാവലോകനം’, ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്നീ പ്രസിദ്ധകൃതികള്‍ ജയിലില്‍ വച്ചാണ് നെഹ്റു രചിച്ചത്.
മകള്‍ക്കെഴുതിയ കത്തുകള്‍
മകള്‍ ഇന്ദിരാ ഗാന്ധിയ്ക്ക് 10 വയസ് പ്രായമുള്ളപ്പോള്‍ നെഹ്‌റു 30 കത്തുകള്‍ അവര്‍ക്ക് അയച്ചിട്ടുണ്ട്. ഈ കത്തുകള്‍ പിന്നീട് സമാഹരിക്കുകയും ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
വസ്ത്രധാരണം
യൂറോപ്യന്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യ സമര കാലഘട്ടത്തിലുടനീളം നെഹ്‌റു ഷെര്‍വാണി, നീണ്ട കുര്‍ത്ത തുടങ്ങിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. നെഹ്രുവിന്റെ വസ്ത്രധാരണം ലോകശ്രദ്ധ നേടിയിട്ടുണ്ട്. നെഹ്‌റു ധരിച്ചിരുന്ന തൊപ്പി ‘നെഹ്‌റു തൊപ്പി’ എന്ന പേരിലും അദ്ദേഹത്തിന്റെ ജാക്കറ്റ് ‘നെഹ്‌റു ജാക്കറ്റ്’ എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി.
നെഹ്റുവിന്റെ അന്ത്യാഭിലാഷം
നെഹ്റു തന്റെ അന്ത്യാഭിലാഷമായി എഴുതിയത് ഇപ്രകാരമാണ്. ‘എന്റെ മരണത്തെ തുടര്‍ന്ന് മതപരമായ യാതൊരാഘോഷങ്ങളും നടത്തണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. അത്തരം ചടങ്ങുകളില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. എന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. വിദേശത്തുവച്ചാണ് ഞാന്‍ മരിക്കുന്നതെങ്കില്‍ എന്റെ ദേഹം അവിടെ സംസ്‌കരിക്കുകയും ചിതാഭസ്മം അലഹബാദിലേയ്ക്ക് കൊടുത്തയയ്ക്കുകയും വേണം. അതില്‍ നിന്ന് ഒരുപിടി ചാരം ഗംഗയിലൊഴുക്കണം. ഗംഗ-യമുന നദികളുമായി എനിക്ക് ബാല്യ കാലം മുതലുള്ള ആത്മബന്ധം കൊണ്ടാണത്. ചിതാഭസ്മത്തിന്റ ബാക്കി വിമാനത്തില്‍ കയറ്റി ആകാശത്തേയ്ക്ക് കൊണ്ടുപോയി, അവിടെ നിന്ന് ഇന്ത്യയിലെ കര്‍ഷകര്‍ അധ്വാനിക്കുന്ന വയലുകളിലേയ്ക്ക് വിതറണം. അങ്ങനെ അത് ഇന്ത്യയിലെ മണ്ണിലും പൊടിയിലും ലയിച്ച് ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ വയ്യാത്ത ഘടകമായി തീരട്ടെ’.
നെഹ്റുവിന്റെ അന്ത്യ നിമിഷങ്ങള്‍
1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. വീണ്ടും മെയില്‍ രോഗനില വഷളായി. വിശ്രമത്തിന് ശേഷം മെയ് 26 ന് ഡെറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നെങ്കിലും 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അന്തരിച്ചു. നെഹ്റുവിന്റെ ആഗ്രഹം പൂര്‍ത്തിക്കായി ജൂണ്‍ 8- ന് ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കി. ജൂണ്‍ 12 ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറി.
അപൂര്‍വതകള്‍
* ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുലര്‍ത്താന്‍ നടത്തിയ ശ്രമങ്ങളുടെ പേരില്‍ നെഹ്‌റുവിനെ 1950-നും 1955-നും ഇടയില്‍ 11 തവണ നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
* 4 തവണ നെഹ്‌റുവിന് നേരെ കൊലപാതക ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ ശ്രമം ഇന്ത്യയുടെ വിഭജന സമയത്തായിരുന്നു. മറ്റ് 3 ശ്രമങ്ങള്‍ യഥാക്രമം 1955, 1956, 1961 എന്നീ വര്‍ഷങ്ങളിലായിരുന്നു.
* ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി അദ്ദേഹത്തിന് 9 തവണ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ആകെ 3,259 ദിവസങ്ങളാണ് അദ്ദേഹം ജയിലില്‍ ചെലവഴിച്ചത്.
* നെഹ്റുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ രാജ്യത്തെമ്പാടും നിന്ന് 1.5 ദശലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്.