മധ്യപ്രദേശിലെ ബർഗി ഡാമിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ശക്തമായ കാറ്റിലും തിരമാലയിലും പെട്ടാണ് നർമ്മദാ നദിയിലെ ഈ ജലാശയത്തിൽ വലിയ ബോട്ട് മറിഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ഈ ദാരുണമായ അപകടത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം.
ബോട്ട് ജീവനക്കാരടക്കം 43 പേരാണ് അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 22 പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മിന്നൽ വേഗതയിൽ വീശിയടിച്ച കാറ്റാണ് ബോട്ടിന്റെ നിയന്ത്രണം തെറ്റിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ടവർ പരാതിപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

