Monday, November 25, 2024

മേഘരഹിതമായ ആകാശവും വരണ്ട കാറ്റും! വരള്‍ച്ച വിതച്ച നിരാശയില്‍ സൊമാലിയന്‍ പൗരന്മാര്‍

ഇതുപോലൊരു കാലത്തിന് ഒരിക്കലും സാക്ഷിയായിട്ടില്ലെന്നാണ് ഫദുമ ഹസന്‍ മുഹമ്മദ് എന്ന സ്ത്രീ പറയുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ മഴ പെയ്യാതായെങ്കിലും, സൊമാലിയയിലെ തെക്കന്‍ കുന്തുന്‍വാരി ജില്ലയിലെ ബുലോ വാര്‍ബോ ഗ്രാമത്തിനടുത്തുള്ള നദി വറ്റിപ്പോകില്ലെന്നാണ് അവള്‍ കരുതിയത്.

‘ആദ്യം, ആകാശം മേഘരഹിതമായി, പിന്നെ ചൂടുള്ളതും വരണ്ടതുമായ വായു അന്തരീക്ഷത്തില്‍ നിറഞ്ഞു തുടങ്ങി. അതോടെ കുടുംബത്തിന് അന്നം നല്‍കിയിരുന്ന, കാലിന് താഴെയുള്ള ഫലഭൂയിഷ്ഠമായ മണ്ണും പൊടിയായി മാറി. പിന്നെ പുഴയും വറ്റി. ഞങ്ങള്‍ കര്‍ഷകരായിരുന്നു. ഞങ്ങള്‍ ഭൂമി പരിപാലിക്കുന്നവരായിരുന്നു. ഞങ്ങള്‍ക്ക് ഒരു നദിയുണ്ടായിരുന്നു. അതിലെ വെള്ളം കൊണ്ടാണ് ഞങ്ങള്‍ കൃഷി ചെയ്തിരുന്നത്. ഞങ്ങള്‍ ചോളം, ബീന്‍സ് തുടങ്ങിയ വിളകള്‍ കൃഷി ചെയ്തിരുന്നു. ഇപ്പോള്‍, ഞങ്ങള്‍ക്ക് അതെല്ലാം നഷ്ടപ്പെട്ടു’. ആറുമക്കളുടെ അമ്മ കൂടിയായ ഫദുമ പറയുന്നു.

‘ആകാശത്ത് മഴയുടെ ലക്ഷണമോ നദിയില്‍ വെള്ളമോ ഇല്ല. ഫാമില്‍ നിന്ന് ഞങ്ങള്‍ അവസാനമായി എന്തെങ്കിലും വിളവെടുത്തത് എന്നാണെന്ന് എനിക്ക് ഓര്‍മയില്ല’. ഫദുമ പറഞ്ഞു.

തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന് 140 കിലോമീറ്ററിലധികം (87 മൈല്‍) തെക്കുകിഴക്കായി ബ്യൂലോ വാര്‍ബോ, ലോവര്‍ ഷാബെല്ലെ മേഖലയിലാണ്. സമീപപ്രദേശങ്ങളിലേയ്‌ക്കെല്ലാമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ ഇവിടെ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ നാല് സീസണിലും മഴ ലഭിക്കാത്തതിനാല്‍ ഇവിടെ നിന്നുള്ളവര്‍ കടല്‍ത്തീര തലസ്ഥാനത്തേയ്ക്ക് കാല്‍നടയായി പോവുകയാണ്. ചിലര്‍ വഴിമധ്യേ മരിച്ചു. ഫദുമയെ പോലെയുള്ള ചിലര്‍ രക്ഷപെടുകയും മൊഗാദിഷുവിന്റെ പ്രാന്തപ്രദേശത്തുള്ള ഡേനിയൈല്‍ പ്രദേശത്തെ ഒരു പുതിയ ക്യാമ്പില്‍ അഭയം തേടുകയും ചെയ്തു.

ഗവണ്‍മെന്റും ഐക്യരാഷ്ട്രസഭയും പറയുന്നതനുസരിച്ച്, ‘ഹോണ്‍ ഓഫ് ആഫ്രിക്ക’ എന്നറിയപ്പെടുന്ന ഈ പ്രദേശം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ വരള്‍ച്ചയാണ് നേരിടുന്നത്. ഏകദേശം കാല്‍ ദശലക്ഷത്തോളം ആളുകള്‍ പട്ടിണി നേരിടുന്നു. മിക്ക സോമാലിയക്കാരും ഇടയന്മാരാണ്. ഭക്ഷണത്തിനായി അവരുടെ കന്നുകാലികളെ ആശ്രയിക്കുന്നവര്‍. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, തുടര്‍ച്ചയായ വരള്‍ച്ച കാരണം ഏകദേശം മൂന്ന് ദശലക്ഷം കന്നുകാലികള്‍ ചത്തു. 805,000-ത്തിലധികം ആളുകള്‍ പലായനം ചെയ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഏകദേശം 7.1 ദശലക്ഷം സൊമാലിയക്കാര്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു.

‘ഞങ്ങളെ സഹായിക്കാന്‍ ഇവിടെ ആരുമില്ല’

ക്യാമ്പുകളില്‍ പോലും സഹായം ലഭിക്കാന്‍ പ്രയാസമാണെന്ന് നാടുവിട്ടവര്‍ പറയുന്നു. ‘ഞാന്‍ 10 ദിവസമായി ഇവിടെയുണ്ട്. ഞങ്ങള്‍ക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങളെ സഹായിക്കാന്‍ ഇവിടെ ആരും ഇല്ല. ഒരു വാട്ടര്‍ ടാപ്പ് മാത്രമാണുള്ളത്. വെള്ളം വിശപ്പ് മാറ്റുമോ, ഞങ്ങള്‍ വെള്ളം മാത്രം കുടിക്കുകയാണ്’. ക്യാമ്പിലുള്ള ഒരാള്‍ പറഞ്ഞു.

ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നും ശക്തമായ ചൂടു കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ മിക്കവര്‍ക്കും പാര്‍പ്പിടമില്ല. സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് ടാര്‍പോളിന്‍ ലഭിച്ച ഭാഗ്യശാലികളില്‍ ഫാദുമയും ഉള്‍പ്പെടുന്നു. ഒരുപിടി വടികളും ചില്ലകളും ഉപയോഗിച്ച്, ഒന്നിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ചെറിയ കുടില്‍ കെട്ടിപ്പടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞു.

വരള്‍ച്ച കാരണം ഇത്തരം ക്യാമ്പുകള്‍ എല്ലായിടത്തും രൂപപ്പെടുകയാണ്. ഈ ക്യാമ്പില്‍ അഞ്ഞൂറിലധികം കുടുംബങ്ങളുണ്ട്. ഇത് ഒരു ഏജന്‍സിക്കും അറിയില്ല. അവര്‍ സഹായം തേടിയാണ് ഇവിടെയെത്തിയത്, പക്ഷേ ഒരു സഹായവും ഉണ്ടായില്ല. പലര്‍ക്കും പോഷകാഹാരക്കുറവും അപകടകരമായ ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാല്‍ കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ജനുവരി മുതല്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളില്‍ പോഷകാഹാരക്കുറവും രോഗവും മൂലം കുറഞ്ഞത് 200 കുട്ടികളെങ്കിലും മരിച്ചു.

വരള്‍ച്ച സൊമാലിയയുടെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു. എല്ലാ പ്രവിശ്യയിലും സ്ഥിതി രൂക്ഷമാണ്. വരള്‍ച്ചയെ നേരിടാന്‍ ഏകദേശം 1.4 ബില്യണ്‍ ഡോളര്‍ ആവശ്യമാണ്. സഹായമില്ലാതെ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക്, വരള്‍ച്ചയെ അതിജീവിക്കാനുള്ള ഏക പ്രതീക്ഷ, ആകാശം തുറന്ന് മഴ പെയ്യിക്കുക എന്നതാണ്. ‘ഇവിടെ ആരും ജീവിക്കാനും ഭക്ഷണത്തിനായി മറ്റുള്ളവരോട് യാചിക്കാനും ആഗ്രഹിക്കുന്നില്ല. അതില്‍ മാന്യതയില്ലെന്നും അറിയാം. നല്ല മഴ ലഭിക്കട്ടെ എന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’. ആറുകുട്ടികളുടെ അമ്മയായ ഫാദുമ പറയുന്നു.

Latest News