ഡിസ്ലെക്‌സിയ മുതല്‍ വിഷാദരോഗം വരെയുള്ള തന്റെ പൂര്‍വ്വകാല അവസ്ഥകളെ വെളിപ്പെടുത്തുന്ന അമേരിക്കയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റ് നോഹ ലൈല്‍സ് 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയതിനൊപ്പം ‘ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍’ എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ്. തന്നെ തളര്‍ത്തി കളയാവുന്ന ഒരുപാട് രോഗങ്ങള്‍ കൂടെയുള്ളപ്പോഴും ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള ലൈല്‍സിന്റെ നിശ്ചയദാര്‍ഢ്യം അസാധാരണമാണ്.
‘എനിക്ക് ആസ്ത്മ, അലര്‍ജികള്‍, ഡിസ്ലക്‌സിയ, എഡിഡി, ഉത്കണ്ഠ, വിഷാദം എന്നിവയുണ്ട്. എന്നാല്‍, ഇവയൊന്നുമല്ല ഞാന്‍ എന്തായിത്തീരും എന്നതിനെ നിര്‍വചിക്കുന്നത്. എന്തുകൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ സാധിക്കുന്നില്ല.’ എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചുകൊണ്ട് തന്റെ വിസ്മയകരമായ നേട്ടത്തിലേക്കുള്ള വഴിയില്‍ നേരിട്ട വ്യക്തിപരമായ തടസ്സങ്ങള്‍ ലൈല്‍സ് ലോകത്തോട് തുറന്നു പറഞ്ഞു.
പഠന വൈകല്യങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ ലൈല്‍സിനെ തളര്‍ത്തി കളയാവുന്ന പ്രതിബന്ധങ്ങളായിരുന്നു. എന്നാല്‍, ഉയര്‍ന്ന സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലും മനസ്സര്‍പ്പിച്ച് മുന്നോട്ടുപോകാനുറച്ച ലൈല്‍സിന് ഒളിമ്പിക്‌സില്‍ സ്വര്‍ണത്തോടൊപ്പം ലോകത്തിലെ ‘ഏറ്റവും വേഗതയെറിയ മനുഷ്യന്‍’ എന്ന ബഹുമതി കൂടി നേടാന്‍ സാധിച്ചു.
ലോകത്തിനു മുന്‍പില്‍ നിസ്സാരരാണെങ്കിലും വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണെങ്കില്‍ അത് സാധ്യമാകുമെന്ന് തന്റെ പരിമിതികളോട് പടപൊരുതി വിജയം നേടിയ ലൈല്‍സിന്റെ ജീവിതം സഖ്യപ്പെടുത്തുന്നു. ആറുതവണ ലോക ചാമ്പ്യനായ ലൈല്‍സിന് 200 മീറ്ററില്‍ വെങ്കലവും നേടാനായി.