Friday, January 31, 2025

ഉത്തരകൊറിയയിലെ കോവിഡ് പൊട്ടിപ്പുറപ്പെടലും നിഗൂഢതകളും

ഉത്തരകൊറിയയിലെ ആദ്യത്തെ കോവിഡ് കേസ് പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ചയായി. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദാംശങ്ങള്‍ നിഗൂഢതയായി തുടരുന്നു. ഉത്തരകൊറിയയില്‍ താമസിക്കുന്നവരുമായി ബന്ധപ്പെട്ടും പൊതുവായി ലഭ്യമായ ഉറവിടങ്ങള്‍ ഉപയോഗിച്ചും ബിബിസി ഏതാനും വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി..

ഉത്തര കൊറിയയ്ക്കുള്ളിലെ ശബ്ദങ്ങള്‍

കിം ഹ്വാങ്-സണ്‍ എന്ന വ്യക്തി 10 വര്‍ഷം മുമ്പാണ് ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് എന്നവണ്ണം ദക്ഷിണ കൊറിയയിലെ സീയോളില്‍ താമസമാക്കിയത്. പക്ഷേ അയാളുടെ രണ്ട് മക്കളും കൊച്ചുമക്കളും 85 വയസ്സുള്ള അമ്മയും ഇപ്പോഴും ഉത്തരകൊറിയയിലാണ്. അവരെക്കൂടി തന്നോടൊപ്പം എത്തിക്കാമെന്ന ആഗ്രഹവും പ്രതീക്ഷയും കിം ഹ്വാങ് ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ ഉത്തരകൊറിയയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ സമയത്ത് രഹസ്യ ഫോണ്‍ കോളുകളിലൂടെ മാത്രമാണ് അവരുമായി ആശയവിനിമയം നടത്തുന്നത്. അഞ്ച് മിനിറ്റില്‍ കൂടുതല്‍ സംസാരിക്കാനാവില്ല. കോവിഡ് രാജ്യത്ത് വ്യാപിച്ചിരിക്കുന്ന അവസരത്തില്‍ തന്റെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ കിം ഹ്വാങ് ആശങ്കയിലാണ്.

‘രാജ്യത്ത് നിരവധി ആളുകള്‍ക്ക് പനി ബാധിച്ചിട്ടുണ്ടെന്ന് ഉത്തരകൊറിയയിലെ ബന്ധുക്കള്‍ എന്നോട് പറഞ്ഞു. അവിടുത്തെ അവസ്ഥ വളരെ മോശമാണെന്ന് എനിക്ക് മനസ്സിലായി. എല്ലാവരും കണ്ടുമുട്ടുന്നവരോട് മരുന്ന് ചോദിച്ച് നടക്കുകയാണെന്ന് അവര്‍ പറഞ്ഞു. എല്ലാവരും പനി കുറയ്ക്കാന്‍ എന്തെങ്കിലും അന്വേഷിക്കുന്നു. പക്ഷേ ആര്‍ക്കും ഒന്നും കണ്ടെത്താനാവുന്നില്ല’. കിം ഹ്വാങ് പറഞ്ഞു.

എത്ര പേര്‍ മരിക്കുന്നുവെന്ന് ഫോണിലൂടെ ചോദിക്കാന്‍ കിം ധൈര്യപ്പെട്ടില്ല. കാരണം മരണത്തെക്കുറിച്ച് അവര്‍ പറയുന്ന കാര്യം ഏതെങ്കിലും വഴിയേ ചോര്‍ന്നാല്‍, അത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതായി കണക്കാക്കപ്പെടുകയും തന്റെ കുടുംബം കൊല്ലപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.

രണ്ട് ദിവസം മുമ്പ്, ഉത്തര കൊറിയ അതിന്റെ ആദ്യത്തെ കൊറോണ വൈറസ് കേസ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട ഡാറ്റാ പ്രകാരം രാജ്യത്തെ എല്ലാ പ്രവിശ്യകളിലേക്കും വൈറസ് അതിവേഗം പടരുന്നതായാണ് സൂചന. ഇതുവരെ, ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 15% പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പരിശോധനയുടെ അഭാവം കണക്കുകളില്‍ നിന്ന് വ്യക്തവുമാണ്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ രാജ്യത്ത് മരുന്നിന്റെ ദൗര്‍ലഭ്യം അംഗീകരിച്ചിട്ടുണ്ട്. സൈന്യത്തോട് അവരുടെ ശേഖരം വിതരണം ചെയ്യാന്‍ ഉത്തരവുമിട്ടു. ഉത്തരകൊറിയയിലെ ആശുപത്രികളിലും ഫാര്‍മസികളിലും വര്‍ഷങ്ങളായി മരുന്ന് ഇല്ലെന്ന് കിം ഹ്വാങ് പറയുന്നു. ഡോക്ടര്‍മാര്‍ ഒരു കുറിപ്പടി എഴുതും മരുന്ന്് കണ്ടെത്തി അത് വാങ്ങേണ്ടത് രോഗിയാണ്. ഒന്നുകില്‍ നേരിട്ട് വില്‍ക്കുന്നവരില്‍ നിന്നോ അല്ലെങ്കില്‍ പ്രാദേശിക വിപണിയില്‍ നിന്നോ.

ഓപ്പറേഷനു വേണ്ടി അനസ്തേഷ്യ നല്‍കേണ്ടി വന്നാല്‍ നമ്മള്‍ തന്നെ മാര്‍ക്കറ്റില്‍ പോയി മരുന്നു വാങ്ങി വേണം ആശുപത്രിയില്‍ എത്തിക്കാന്‍. എന്നാല്‍ ഇപ്പോള്‍ മാര്‍ക്കറ്റിലെ വില്‍പനക്കാരുടെ കൈയ്യിലും മരുന്നുകളൊന്നും ലഭ്യമല്ല. എവിടെയെങ്കിലും കിട്ടാനുണ്ടെങ്കില്‍ തീപിടിച്ച വിലയും. കിം സ്വാങ് പറയുന്നു. മിക്കവാറും എല്ലാ മരുന്നുകളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്, കഴിഞ്ഞ രണ്ട് വര്‍ഷമായി അതിര്‍ത്തി അടച്ചത് ഈ വിതരണത്തെ തടസ്സപ്പെടുത്തി.

പൈന്‍ ഇലകള്‍ തിളപ്പിച്ച് മിശ്രിതം കുടിക്കാന്‍ സര്‍ക്കാര്‍ തങ്ങളോട് പറയുന്നതായി കിമ്മിന്റെ കുടുംബം അദ്ദേഹത്തോട് പറഞ്ഞു. രോഗലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഉപ്പുവെള്ളം വായിലൊഴിക്കാന്‍ സംസ്ഥാന വാര്‍ത്താ റിപ്പോര്‍ട്ടുകളും ഉപദേശിച്ചിട്ടുണ്ടത്രേ. മരുന്നില്ലാത്തപ്പോള്‍ അവര്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിലേക്ക് മാറുകയാണ് പതിവെന്ന്, 2001 മുതല്‍ ഉത്തരകൊറിയയിലെ ഗ്രാമങ്ങളില്‍ യുണിസെഫില്‍ ജോലി ചെയ്യുന്ന ഡോ. നാഗി ഷഫീക്ക് പറയുന്നു.

ദേശീയ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം പ്രഖ്യാപിച്ച ദിവസം തന്നെ ദേശീയ ലോക്ക്ഡൗണിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഭക്ഷണം കിട്ടാതെ ആളുകള്‍ പട്ടിണിയിലാകുമെന്ന ആശങ്കയ്ക്ക് ഇത് വഴിവച്ചു. എന്നിരുന്നാലും, ചിലര്‍ക്കെങ്കിലും ജോലിക്കും കൃഷിക്കുമായി വീടുവിട്ടിറങ്ങാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു.

എങ്കിലും തലസ്ഥാനമായ പ്യോങ്യാങ് ഉള്‍പ്പെടെ ഉയര്‍ന്ന അണുബാധയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ അവരുടെ വീടുകളില്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. ചൈനീസ് അതിര്‍ത്തിയിലെ ഹൈസാന്‍ പട്ടണത്തില്‍, മെയ് മാസത്തില്‍ 10 ദിവസത്തേക്ക് ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന് സോള്‍ ആസ്ഥാനമായുള്ള ഡെയ്ലി എന്‍കെ എന്ന വെബ്സൈറ്റ് നടത്തുന്ന ലീ സാങ്-യോങ് പറയുന്നു. ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞപ്പോള്‍, ധാരാളം ആളുകളെ അവരുടെ വീടുകളില്‍ ഭക്ഷണത്തിന്റെ അഭാവം മൂലം അവശ നിലയില്‍ കണ്ടെത്തുകയുണ്ടായി.

ഇതുവരെ 70 മരണങ്ങള്‍ മാത്രമാണ് രാജ്യത്ത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഉത്തര കൊറിയയുടെ കോവിഡ് മരണനിരക്കിനെ 0.002%, അതായത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിര്‍ത്തും. പക്ഷേ ആരും വാക്‌സിനേഷന്‍ എടുക്കാത്തതും മോശം ആരോഗ്യ പരിരക്ഷാ സംവിധാനവുമുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് ഈ കണക്കുകള്‍ വ്യാജമാണെന്ന് ആര്‍ക്കും മനസിലാവും. ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് എത്ര പേര്‍ മരിച്ചുവെന്ന് സമ്മതിക്കാന്‍ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരും ആഗ്രഹിക്കുന്നില്ല.

അന്താരാഷ്ട്ര സഹായം

വാക്സിനുകളും സഹായവും അയക്കാന്‍ പലതവണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഉത്തരകൊറിയ അതെല്ലാം നിരസിക്കുകയാണെന്നും ലോകാരോഗ്യ സംഘടന ബുധനാഴ്ച നടത്തിയ ഒരു ബ്രീഫിംഗില്‍, അടിയന്തര ആരോഗ്യ ഉദ്യോഗസ്ഥന്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു. പകരം, ഉത്തരകൊറിയ കോവഡിനെ മറികടക്കാന്‍ അയല്‍രാജ്യമായ ചൈനയെ നിശബ്ദമായി ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ചൈനയില്‍ നിന്നുള്ള ഉത്തരകൊറിയന്‍ ഇറക്കുമതി ഇരട്ടിയായതായി ചൈനീസ് കസ്റ്റംസ് ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ സപ്ലൈകളില്‍ പെട്ടെന്ന് വര്‍ദ്ധനവുണ്ടായി. ഏപ്രിലില്‍, ഉത്തര കൊറിയ ചൈനയില്‍ നിന്ന് 1,000 വെന്റിലേറ്ററുകള്‍ ഇറക്കുമതി ചെയ്തു. ജനുവരി മുതല്‍ ഏപ്രില്‍ വരെ ഒന്‍പത് ദശലക്ഷത്തിലധികം മാസ്‌കുകളും ഉത്തര കൊറിയ വാങ്ങി. ഇറക്കുമതി ചെയ്യുന്ന മരുന്നുകളിലും വാക്‌സിനുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഒരു ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, മെയ് 17 ന് സഹായം സ്വീകരിക്കാന്‍ മൂന്ന് ചരക്ക് വിമാനങ്ങള്‍ ഉത്തരകൊറിയ ചൈനയിലേക്ക് അയച്ചു. മെയ് 13 ന് പ്യോങ്യാങ്ങിന്റെ തെക്ക് ഭാഗത്തുള്ള നാംപോ തുറമുഖത്ത് മെഡിക്കല്‍ സപ്ലൈസിന്റെ ഒരു വലിയ ഷിപ്പിംഗ് കടല്‍ വഴി എത്തിയിരുന്നതായും രഹസ്യ റിപ്പോര്‍ട്ടുണ്ട്.

കിം സ്വാങിനെപ്പോലെ ഉത്തരകൊറിയയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കാനോ അവിടെ നിന്ന് രക്ഷപെടുത്താനോ കഴിയാത്ത അവസ്ഥയിലുള്ള നിരവധിപ്പേരുണ്ട്. പക്ഷേ ഉത്തരകൊറിയയുടെ നിഗൂഢതയിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ആര്‍ക്കും കഴിയുന്നില്ല..’ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നു..അത് മാത്രമേ ഇപ്പോള്‍ ചെയ്യാന്‍ കഴിയൂ’. കിം സ്വാങ് പറഞ്ഞുനിര്‍ത്തുന്നു.

Latest News