ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മതപൊലീസുദ്യോഗസ്ഥരുടെ മർദനത്തിനിരയായ പെൺകുട്ടിയുടെ നില അതീവഗുരുതരം. 16 -കാരിയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടിയാണ് ക്രൂരമർദനത്തിനിരയായത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി കോമയിലാണെന്നാണ് റിപ്പോർട്ട്.
ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുമ്പോഴാണ് ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് പെൺകുട്ടിയെ ക്രൂരമായി മതപൊലീസ് മർദിച്ചത്. പിന്നാലെ ഗുരുതരമായ പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോമായിലാവുകയായിരുന്നു. പെൺകുട്ടിയെ ട്രെയിനിൽ നിന്നെടുത്ത് പുറത്തിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്; എന്നാൽ അധികൃതർ സംഭവം നിഷേധിച്ചു.
താഴ്ന്ന രക്തസമ്മർദ്ദത്തെതുടർന്ന് പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് അധികൃതരുടെ വാദം. സംഭവം പുറത്തായതോടെ വൻസുരക്ഷയിലാണ് ഇറാൻ അധികൃതർ പെൺകുട്ടിക്ക് ചികിത്സ നൽകുന്നത്. ടെഹ്റാനിലെ ഫജ്ർ ആശുപത്രിയിൽ വൻസുരക്ഷയിലിരിക്കുന്ന പെൺകുട്ടിയെ ബന്ധുക്കളെപ്പോലും കാണാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അതിക്രമത്തിനെതിരെ കുർദ് വംശജരുടെ സംഘടനയായ ഹെൻഗാവ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിനു മുൻപ്, ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് കഴിഞ്ഞവർഷം മഹ്സ അമ്നി എന്ന പെൺകുട്ടിയും മതപൊലീസിന്റെ ക്രൂരമർദനത്തിനിരയായി മരണമടഞ്ഞിരുന്നു. സദാചാര പൊലീസ് കസ്റ്റഡിയിൽവച്ച് മർദിച്ചതിന്റെ ഫലമായി തലയ്ക്കേറ്റ ക്ഷതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം സെപ്റ്റംബർ 16 -നാണ് മഹ്സ മരിച്ചത്. പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി രാജ്യത്തെ ഭരണകൂടത്തിനെതിരെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. മഹ്സയുടെ കൊലപാതകത്തിന് ഒരുവർഷത്തിനുശേഷമാണ് വീണ്ടും ഒരു പെൺകുട്ടികൂടി മതപൊലീസിന്റെ ക്രൂരമർദനത്തിനിരയാകുന്നത്.