ലോകത്തിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യയിലെ ബാലി. മോട്ടോർ ബൈക്കുകളുടെ ശബ്‌ദവും പ്രാദേശിക കഫേകളിൽ നിന്നുള്ള സന്തോഷകരമായ സംഗീതവും കൊണ്ട് നിശ്ശബ്ദമാകാത്ത നഗരം. എന്നാൽ വർഷത്തിലൊരിക്കൽ ബാലി ഇരുട്ടിലാകാറുണ്ട്. ആ ദിവസം ദ്വീപ് മുഴുവൻ നിശ്ശബ്ദമാകുകയും ചെയ്യാറുണ്ട്.
ബാലിയുടെ കലണ്ടർ അനുസരിച്ച്, പുതുവർഷം ആഘോഷിക്കുന്നതാണ് നൈപി. ഇത് നിശ്ശബ്ദതയുടെ ദിനം എന്ന് അറിയപ്പെടുന്നു. മറ്റുപല ഹിന്ദുസംസ്ക്കാരങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ബാലിനീസ് ഹിന്ദുക്കൾ പുതുവത്സരം ആഘോഷിക്കുന്നത്. വെടിക്കെട്ട്, പാർട്ടികൾ അല്ലെങ്കിൽ മദ്യപാനം എന്നിവ ഇവരുടെ ആഘോഷത്തിലില്ല. അതിനുപകരം, അവർ ‘നൈപി’ അഥവാ ‘നിശ്ശബ്ദത’ ആചരിക്കുന്നു.
രാവിലെ ആറുമണിക്ക് ആരംഭിച്ച് 24 മണിക്കൂർ കാലയളവിൽ, ബാലിനീസ് ഹിന്ദുക്കൾ ഉപവസിക്കുകയും ധ്യാനിക്കുകയും വൈദ്യുതി ഓഫാക്കുകയും കുടുംബങ്ങളോടൊപ്പം വീട്ടിൽതന്നെ തുടരുകയും ചെയ്യുന്നു. പെക്കലാങ് എന്നറിയപ്പെടുന്ന പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ, ആരും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ തെരുവുകളിൽ പട്രോളിംഗ് നടത്തുന്നു. ഇടയ്ക്കിടെ വരുന്ന ആംബുലൻസുകളൊഴികെ തെരുവുകളിൽ മറ്റൊരു വാഹനങ്ങളുമില്ല. മുഴുവൻ ദ്വീപും ശൂന്യം. അവരുടെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്തുതന്നെയായാലും ഈ സമയം അവിടം സന്ദർശിക്കുന്ന എല്ലാവരുടെയും അവധിക്കാലത്തെ ഇത് ബാധിക്കാറുണ്ട്. വിമാനത്താവളവും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുന്നു. ഈ കാലയളവിൽ ഹോട്ടലുകൾ ആരെയും അകത്തേക്കോ, പുറത്തേക്കോ കടത്തിവിടില്ല.
നൈപിയും നൈപി പ്രതിനിധീകരിക്കുന്നതും
ബാലിനീസ് കലണ്ടർ അഥവാ സാകയ്ക്ക് എന്ന് അറിയപ്പെടുന്ന കലണ്ടറിൽ 210 ദിവസമാണ് ദൈർഘ്യമുള്ളത്. പത്താം ചാന്ദ്രമാസത്തിലെ അമാവാസിക്കു ശേഷമുള്ള ദിവസമാണ് നെയ്പി വരുന്നത്. അതായത് ഈ വര്‍ഷം മാർച്ച് 29 – ന് ബാലിയില്‍ നൈപി ദിനമായിരുന്നു. നൈപിയുടെ തലേ ദിവസം എൻഗ്രുപുക് ആണ്. അവിടെ ദുരാത്മാക്കളെ പ്രതിനിധീകരിക്കുന്ന ഒഗോ ഒഗോ എന്ന ഭീമാകാരമായ രാക്ഷസപ്രതിമകളെ കുട്ടികൾ പ്രദക്ഷിണം ചെയ്യുന്നു. പേപ്പിയർ മാഷെ ഉപയോഗിച്ച് ഈ പ്രതിമകൾ നിർമ്മിക്കാൻ മാസങ്ങളെടുക്കും. പരേഡിനുശേഷം പ്രതീകാത്മകമായി ഇവയെ കത്തിക്കുന്നു. നമ്മുടെ ജീവിതകാലം മുഴുവൻ നമ്മുടെ ഉള്ളിലുണ്ടായിരിക്കേണ്ട മാനവികത, സ്നേഹം, ക്ഷമ, ദയ എന്നിവയുടെ മൂല്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനുള്ള ആത്മപരിശോധനയുടെ ഒരു ദിവസമായിരിക്കും ആ ജനതയെ സംബന്ധിച്ച് നൈപി.
നൈപി സമയത്ത് സന്ദർശകർ എന്തുചെയ്യും
തങ്ങളുടെ സംസ്ക്കാരത്തെയും വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച് അറിയാനും മനസ്സിലാക്കാനും വിനോദസഞ്ചാരികൾക്ക് അവസരം നൽകുന്ന ദിനമാണ് ഇത്. അതിഥികളെ തങ്ങളുടെ ആചാരങ്ങൾ മനസ്സിലാക്കാനും അവയിൽ പങ്കെടുക്കാൻ അവസരവും നൽകും. അതിഥികൾ റിസോട്ട് ബുക്ക് ചെയ്യുന്ന സന്ദർഭങ്ങളിൽ, നൈപി ദിനമാണെങ്കിൽ ഈ കാര്യം തീർച്ചയായും പറയാറുണ്ടെന്ന് റിസോട്ട് മാനേജർ പറയുന്നു.