“തന്റെ ജീവിതം മുഴുവൻ പാലസ്തീനിയൻ ജനതയ്ക്കുവേണ്ടി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം. അവർതന്നെ അദ്ദേഹത്തെ വഞ്ചിച്ചു. നരകത്തിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു” – ഒദെദ് ലിഫ്ഷിറ്റ്സിന്റെ ഭാര്യ പറഞ്ഞു.
കിബുറ്റ്സിന്റെ (Kibbutz) സ്ഥാപകനേതാക്കളിൽ ഒരാളും ദീർഘകാലമായി പാലസ്തീനിയൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ച പത്രപ്രവർത്തകനുമായിരുന്നു ഒദെദ് ലിഫ്ഷിറ്റ്സ്. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ മൃതദേഹം ഹമാസ് ഇസ്രായേലിനു കൈമാറിയത്.
2023 ഒക്ടോബർ ഏഴാം തീയതിയാണ് 83 കാരനായ ഒദെദ് ലിഫ്ഷിറ്റ്സിനെയും ഭാര്യ 85 കാരി യോഷ് വേദ് ലിഫ്ഷിറ്റ്സിനെയും ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ അന്ന് 1200 പേർ കൊല്ലപ്പെടുകയും 251 പേരെ തടവുകാരായി കൊണ്ടുപോവുകയും ചെയ്തിരുന്നു.
“തന്റെ ജീവിതം മുഴുവൻ പാലസ്തീനിയൻ ജനതയ്ക്കുവേണ്ടി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം. അവർതന്നെ അദ്ദേഹത്തെ വഞ്ചിച്ചു. നരകത്തിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു” – ഖാൻ പബ്ലിക് ബ്രോഡ്കാസ്റ്ററിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യ യോഷ് വേദ് പറഞ്ഞു.16 ദിവസങ്ങൾക്കുശേഷം യോഷ് വേദിനെ ആരോഗ്യകാരണങ്ങളുടെപേരിൽ മോചിപ്പിച്ചിരുന്നു.
കിബുറ്റ്സ് മൂവ്മെന്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഇടതുചായ്‌വുള്ള അൽ-ഹമിഷ് മാർ പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച ഒദെദ്, സമാധാനശ്രമങ്ങളിൽ മുൻപന്തിയിലായിരുന്നു. 1972 ൽ സീനായ് മുനമ്പിൽനിന്ന് ബെദൂവിൻ വംശജരെ പുറത്താക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. ഇസ്രായേലിന്റെ പിന്തുണയോടെ ബെയ്റൂട്ടിൽ പാലസ്തീനിയൻ അഭയാർഥിക്യാമ്പുകളിൽ നടന്ന തീവ്രവാദി ആക്രമണം റിപ്പോർട്ടു ചെയ്ത ആദ്യ ജേർണലിസ്റ്റുകളിലൊരാൾ അദ്ദേഹമായിരുന്നു.
സമീപകാലത്തായി, പാലസ്തീനിയക്കാർക്ക് ഇസ്രായേലിൽ ചികിത്സ ഉറപ്പാക്കുന്ന റോഡ് ഫോർ റികവറി എന്ന സംഘടനയോടു ചേർന്നുപ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആഴ്ചയിലും ഗാസയുടെ അതിർത്തിയിലേക്ക് വാഹനമോടിച്ചുചെന്ന് രോഗികളായ പാലസ്തീനിയക്കാരെ ഇസ്രായേലിലെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകാൻ ഒദെദ് പ്രവർത്തിച്ചിരുന്നു.
ഉയർന്ന രക്തസമ്മർദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം ദിവസേനയുള്ള മരുന്ന് ലഭിക്കാതെയും ചികിത്സ കിട്ടാതെയും ഹമാസിന്റെ തടവിൽ ക്രൂരമായ മരണത്തിന് കീഴടങ്ങുകയായിരുന്നു. തടവിലാക്കപ്പെട്ട 251 പേരിൽ, മരിച്ചുവെന്ന് ഐ ഡി എഫ് ഉറപ്പുവരുത്തിയ 35 പേരുൾപ്പെടെ 66 പേരെ ഹമാസ് ഇനിയും മോചിപ്പിക്കാനുണ്ട്.